Sorry, you need to enable JavaScript to visit this website.

അത്ഭുത കാഴ്ചകളുമായി അൽ വഹ്ബ

സൗദി അറേബ്യയിലെ തായിഫിനടുത്ത് സ്ഥിതി ചെയ്യുന്ന അൽ വഹ്ബ അഗ്‌നിപർവത ഗർത്തം സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള വിസ്മയക്കാഴ്ചകളാണ് നൽകുന്നത്. വിനോദ യാത്രക്കും ട്രക്കിങ്ങിനും താൽപര്യമുള്ളവർക്ക് പുതിയ ആസ്വാദനമാണ് അൽ വഹ്ബ സമ്മാനിക്കുന്നത്. സഞ്ചാരികൾക്ക്  വ്യത്യസ്തമായ  അനുഭവം നൽകുന്ന ഇവിടം സാഹസിക യാത്രകൾക്ക് അനുയോജ്യമാണ്. ഇത്  രൂപപ്പെട്ടത് ഉൽക്ക പതിച്ചാണ് എന്നായിരുന്നു ആദ്യ കാലങ്ങളിലെ  വിശ്വാസം. പിന്നീടാണ്, അഗ്‌നിപർവത വിസ്‌ഫോടനത്തെയും ലാവാപ്രവാഹത്തെയും തുടർന്നു രൂപപ്പെട്ടതാണ് ഇതെന്ന്  ഭൗമ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത്.


ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ഉപയോഗിച്ച് തന്നെ നമുക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. വാഹനത്തിരക്ക് തീരെയില്ലാത്ത റോഡുകൾ,  പരന്നുകിടക്കുന്ന മരുഭൂമി, അതിലനന്തമായ നേർരേഖ വരച്ച പോലെയുള്ള ഒറ്റ റോഡുകൾ,   ജനവാസം കുറഞ്ഞ കൊച്ചു കൊച്ചു ഗ്രാമങ്ങൾ,  വിരലിലെണ്ണാവുന്ന കടകൾ  ഇതൊക്കെ വഴിയിലുടനീളം കാണുന്ന കാഴ്ചകളാണ്.
രാവിലെ തായിഫിൽ നിന്നും ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്ത് പുറപ്പെട്ട ഞങ്ങൾ ഉച്ച കഴിഞ്ഞാണ് അൽ വഹ്ബയിൽ എത്തിയത്.  അൽ വഹ്ബ ഗർത്തത്തിന് അടുത്തോ പരിസരത്തോ ഹോട്ടലുകളോ മറ്റു കടകളോ ഒന്നും തന്നെയില്ല എന്ന വിവരം ഒരു സുഹൃത്തിൽനിന്നും ഞങ്ങൾക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് പോകുന്ന വഴിയിൽനിന്ന് തന്നെ വെള്ളവും സ്‌നാക്‌സും കുറച്ച് ഭക്ഷണ സാധനങ്ങളും വാങ്ങി കയ്യിൽ വെച്ചു.
ഗൂഗ്ൾ മാപ്പ് നമ്മെയെത്തിക്കുന്ന ലക്ഷ്യസ്ഥാനത്ത് ആദ്യം കാണുന്നത്  പാർക്കിങ് സ്ഥലവും ഒരു സന്ദർശക കേന്ദ്രവും ആണ്.  സന്ദർശക കേന്ദ്രത്തിന്റെ പുറകിൽ പ്രധാന വ്യൂ പോയിന്റും സമ്മർ ഹൗസും അതിനപ്പുറം ഗർത്തവുമാണ്. സന്ദർശകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഗർത്തത്തിന് ചുറ്റും കരിങ്കൽ മതിലുകളും അതിനോട് ചേർന്ന് നടപ്പാതയും,   ഇടയ്ക്കിടക്കായി ഓരോ വ്യൂപോയിന്റിലും മരപ്പാളികൾ കൊണ്ടുണ്ടാക്കിയ  മനോഹരമായ  ടെന്റുകളുമുണ്ട്.  ഗർത്തത്തിന്റെ ആദ്യത്തെ കാഴ്ച തന്നെ  ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്.  അടിത്തട്ടിൽ തിളങ്ങുന്ന സോഡിയം ഫോസ്‌ഫേറ്റ് ക്രിസ്റ്റൽ ഒരു വെള്ളത്തടാകം പോലെ തോന്നിപ്പിക്കുന്ന  മനോഹര ദൃശ്യമാണ്.
സാഹസികത നിറഞ്ഞ ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണ് അൽ വഹ്ബ. പല വഴികളിലൂടെ താഴേക്ക് ഇറങ്ങാമെങ്കിലും, പ്രധാന വ്യൂ പോയിന്റിന്റെ ഇടത് ഭാഗത്തു കൂടി, താരതമ്യേന എളുപ്പത്തിൽ ഇറങ്ങാവുന്ന ഒരു പഴയ നടപ്പാത കാണാം. ഈ വഴിയിലൂടെ താഴെയെത്താൻ ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂറും തിരിച്ച് കയറാൻ ഒന്നര മണിക്കൂറും സമയമെടുക്കും. ട്രക്കിങ്ങിന് പോകുന്നവർ  കുടിവെള്ളം, തൊപ്പി, സൺഗ്ലാസ്സ്, സൺക്രീം, നല്ല പാദരക്ഷകൾ എന്നു തുടങ്ങി  എല്ലാ മുൻകരുതലും എടുക്കുന്നത് നല്ലതാണ്. കുട്ടികളും കുടുംബിനികളും ഒക്കെ കൂടെയുണ്ടായത് കൊണ്ട്  ഞങ്ങൾക്ക് കേവലം 300 മീറ്റർ മാത്രമേ താഴേക്ക് ഇറങ്ങാൻ കഴിഞ്ഞുള്ളൂ.  ഇറങ്ങിപ്പോകുന്ന വഴികളിൽ കുത്തനെയുള്ള പാറക്കൂട്ടങ്ങളുടെ കാഴ്ച  ആശ്ചര്യമുളവാക്കുന്നതാണ്. അഗ്‌നിപർവത അവശിഷ്ടങ്ങളായ പരുക്കൻ പാറയും കല്ലുകളും നിറഞ്ഞ ദുർഘടമായ വഴികൾ താണ്ടി വേണം താഴെയെത്താൻ. വഴുതി വീഴാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഏറെയുണ്ട് എന്നതിനാൽ പ്രായമായവരും കൊച്ചു കുട്ടികളും  ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.


ഭക്ഷണം പാകം ചെയ്യാനും ക്യാമ്പ് സജ്ജീകരിക്കാനും അനുയോജ്യമായ സ്ഥലങ്ങളും ഇവിടെയുണ്ട്. കാട്ടുനായ്ക്കളും കോവർ കഴുതയും പരിസരത്ത് ചിലപ്പോഴൊക്കെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. അടുത്തൊന്നും വീടുകളോ കടകളോ ജനവാസമോ ഇല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അൽ വഹ്ബയിൽ, സഞ്ചാരികൾക്ക് വിശ്രമിക്കാനും ആവശ്യക്കാർക്ക് താമസിക്കാനുമുള്ള ഗസ്റ്റ്  ഹൗസ്, ഇൻഫർമേഷൻ സെന്റർ, ക്ലോക്ക് റൂം,  അവശ്യ സാധനങ്ങളും റിഫ്രഷ്‌മെന്റ്‌സും ലഭിക്കുന്ന കടകൾ, സെക്യൂരിറ്റി എന്നിവയുടെ കുറവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.  അൽ വഹ്ബ ഭൂപ്രദേശം പൊതുവെ നല്ല കടുപ്പമേറിയതും പരുപരുത്തതുമാണ്. ഓഫ് റോഡ് പര്യവേക്ഷണത്തിനും ഇവിടെ ഒത്തിരി  സാധ്യതയുണ്ട്.  820 അടി ആഴവും ഒന്നര   കിലോമീറ്റർ വ്യാസവും 5 കിലോമീറ്ററോളം ചുറ്റളവും ഉള്ള ഗർത്തത്തിനു ചുറ്റും നടക്കാൻ ഏതാണ്ട് മൂന്ന് മണിക്കൂർ സമയമെടുക്കും. 
ഗർത്തതിന് ചുറ്റും വാഹനം കൊണ്ട് കറങ്ങണമെങ്കിൽ  4ഃ4  ഡ്രൈവ് ഉള്ള വാഹനമാണ്  അഭികാമ്യം. അല്ലാത്തപക്ഷം, അൽപം റിസ്‌ക്കെടുത്താണെങ്കിൽ  സാധാരണ കാർ  കൊണ്ടും കറങ്ങാവുന്നതാണ്. ഒരു മുഴുദിവസ ക്യാമ്പിനും ട്രക്കിങ്ങിനും തയ്യാറായി പോകുന്നവർക്ക് തീർത്തും ആസ്വാദ്യജനകമായ അനുഭവം തന്നെയാണ് അൽ വഹ്ബ നൽകുന്നത്. ഭൂമി ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾക്ക് ഒട്ടേറെ പഠിക്കാനും പര്യവേക്ഷണത്തിനും അനന്ത സാധ്യതകളാണ് അൽ വഹ്ബ ഗർത്തവും പരിസര പ്രദേശങ്ങളും നൽകുന്നത്. 
(ജിസാൻ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനാണ് ലേഖകൻ)

Latest News