Sorry, you need to enable JavaScript to visit this website.

മഴയുടെ വശ്യതയുമായി വയനാട്  

താമരശ്ശേരി ചുരം 
വയനാടിന്റെ പ്രകൃതിഭംഗി
മീൻമുട്ടി വെള്ളച്ചാട്ടം  

വയനാടിന് ഒരു പ്രത്യേക സൗന്ദര്യമാണ്. കേരളത്തിലിപ്പോൾ വൈകിയെത്തിയ മഴക്കാലമാണ്. മൺസൂൺ ടൂറിസം കുറച്ചു കാലമായി ഗോവ ടൂറിസം നന്നായി മാർക്കറ്റ് ചെയ്തു വരുന്നുണ്ട്.  കേരളത്തിൽ സർക്കാർ തലത്തിലെ വിപണനം തൃപ്തികരമല്ലെങ്കിലും കേട്ടറിഞ്ഞെത്തുന്ന ടൂറിസ്റ്റുകളാണ് വയനാടിനെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റിയത്. ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു വയനാട് ജില്ലയിലെ ലക്കിടി. താമരശ്ശേരി ചുരം കയറിയത് മുതൽ കണ്ണിന് വിരുന്നൊരുക്കുന്ന കാഴ്ചകൾ തുടങ്ങുകയായി. മൂന്നാറിനെ അപേക്ഷിച്ച് സാധാരണക്കാരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട് ജില്ല. മൂന്നാറും തേക്കടിയും കോവളവുമൊക്കെ സമ്പന്നരെ മാത്രം ലക്ഷ്യമിട്ടുള്ളതാണല്ലോ. 
വയനാട് ജില്ലയിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിച്ചു തുടങ്ങിയതിന്റെ ഗുണം സ്ഥലവാസികൾക്ക് ലഭിക്കുന്നുണ്ട്. ബാണാസുര സാഗറിലായാലും പൂക്കോട് തടാക പരിസരത്തായാലും എടക്കൽ ഗുഹയിലായാലുമെല്ലാം ടൂറിസം വളർച്ചയിലെ സാധാരണക്കാരുടെ പങ്കാളിത്തം പ്രകടമാണ്. ധാരാളം ടൂറിസ്റ്റുകളൊഴുകിയെത്തിയതോടെ പല വീട്ടുകാരും തങ്ങളുടെ പറമ്പ് കാർ പാർക്കിംഗാക്കി മാറ്റി. വീടിനോടനുബന്ധിച്ചുള്ള ഷെഡുകൾ ഭോജന ശാലകളും തട്ടുകടകളുമായി മാറി. വൈത്തിരി മുതൽ ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം റിസോർട്ട് നിർമാണം തകൃതിയായി നടക്കുന്നു. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപറ്റ എന്നീ നഗരങ്ങൾക്ക് പുറമെ ഇടത്തരം പട്ടണങ്ങളിലും ഗ്രാമങ്ങളിലും വരെ സുരക്ഷിതവും സ്വസ്ഥവുമായി താമസിക്കാൻ സൗകര്യമുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരു, മൈസൂരു നഗരങ്ങളിലെ ഐ.ടി വ്യവസായ രംഗത്ത് നിന്നു പോലും വാരാന്ത്യങ്ങളിൽ സന്ദർശകരെത്തുന്നു. 


വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന മുഖ്യ കാരണം. പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടൻ മണ്ണും ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. വിനോദ സഞ്ചാരികളെ കാത്ത് വയനാട്ടിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടാത്ത മനോഹരമായ ഇടങ്ങളും വയനാടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിദേശികളടക്കം നിരവധി പേരാണ് വയനാടൻ ചുരം കയറി കാഴ്ചകൾ ആസ്വദിക്കുന്നത്. 
അടുത്തിടെ വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ മഴ മഹോത്സവം സംഘടിപ്പിച്ചിരുന്നു. മഴ പെയ്യാൻ അറച്ചു നിന്ന നാളുകളിലായിരുന്നു ഈ ഉത്സവം. മലബാറിലെ  ടൂറിസം വികസനത്തിനു സർക്കാർ മുന്തിയ പരിഗണനയാണ്  നൽകുന്നതെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്സവം ഉദ്ഘാടനം ചെയ്യവേ പറഞ്ഞിരുന്നു.  വയനാട് ടൂറിസം ഓർഗനൈസേഷൻ  മഴ മഹോത്സവത്തിന്റെ  ഭാഗമായി വൈത്തിരി വില്ലേജ് റിസോർട്ടിൽ സംഘടിപ്പിച്ച  ബിസിനസ് ടു ബിസിനസ് മീറ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 


മലബാർ ടൂറിസത്തിനു 600 കോടി രൂപ സർക്കാർ  നീക്കിവെച്ചിട്ടുണ്ട്. വയനാട് ഉൾെപ്പടെ ജില്ലകളിലേക്ക് കൂടുതൽ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖലയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.  ഉത്തരവാദിത്ത ടൂറിസം കൂടുതൽ ജനകീയമാക്കും. ടൂറിസം വികസനത്തിൽ ഗ്രാമീണ ജനതയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനു  പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നോർത്ത് മലബാർ റിവർ ടൂറിസം പദ്ധതിക്കു  സർക്കാർ തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
ബിസിനസ് മീറ്റിൽ 106 സംരംഭങ്ങൾ സെല്ലർ വിഭാഗത്തിലും 253 സംരംഭങ്ങൾ ബയർ വിഭാഗത്തിലും പങ്കെടുത്തു. കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഉദ്ഘാടനം ചെയ്തു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ  കെ.രൂപേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സർക്കാർ തലത്തിൽ പരിഗണന ലഭിച്ചാലും ഇല്ലെങ്കിലും ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി വയനാട് അതിവേഗം മാറുകയാണ്. 

Latest News