ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന് വ്യാപകമാകുന്നതോടെ വാട്സാപ്പില്‍ നിങ്ങള്‍ക്ക് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതും തടയാനാകും. ചാറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കുന്ന പതിവ് പല ഉപയോക്താക്കള്‍ക്കുമുണ്ട്. ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ തെളിവായി സൂക്ഷിക്കുന്നവരുമുണ്ട്. അതിനാണ് പൂട്ട് വീഴാന്‍ പോകുന്നത്.
സ്റ്റിക്കറുകളും ഇമോജികളും എഡിറ്റ് ചെയ്യാവുന്ന ഡൂഡിള്‍ ഫീച്ചര്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുന്ന 2.19.106 ബീറ്റാ പതിപ്പില്‍ ഈ മാറ്റമുണ്ടെന്ന് വാട്സാപ്പിലെ പുതുമകള്‍ പുറംലോകത്ത് എത്തിക്കുന്ന വാബീറ്റാഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കാനാവില്ല. ബയോമെട്രിക് ഓതന്റിക്കേഷന് ആന്‍ഡ്രോയിഡില്‍ കൂടി സാര്വത്രികമാക്കുന്നതോടെ സ്ക്രീന്‍ ഷോട്ട് ബ്ലോക്ക് ചെയ്യുന്ന സംവിധാനം കൂടി പ്രാബല്യത്തിലാകും.
വാട്സാപ്പ് തുറക്കുന്നതിന് ഫിംഗര്‍ പ്രിന്റ് ഓതന്റിക്കേഷന് ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സ്ക്രീന്‍ഷോട്ട് തടയാന്‍ സാധിക്കൂ. ബയോമെട്രിക് ഓതന്റിക്കേഷന് സംവിധാനം ഇപ്പോള്‍ വ്യാപകമാക്കാത്തതിനാല് നിലവില്‍ സ്ക്രീന്‍ഷോട്ട് ബ്ലോക്കിംഗും ലഭ്യമല്ല. വരുന്ന ആഴ്ചകളില്‍ പുറത്തിറക്കുന്ന വാട്സാപ്പിന്റെ പുതിയ പതിപ്പിലാണ് ഇത് പ്രതീക്ഷിക്കുന്നത്.