Sorry, you need to enable JavaScript to visit this website.

പൈതൃക സ്മൃതിയുമായി ഖൈസറിയ സൂഖ് ഫെസ്റ്റിവൽ

ജീവിതത്തിന്റെ ഏത് ഘട്ടത്തിലാകും മനുഷ്യൻ ചന്തകളെക്കുറിച്ച് ചിന്തിച്ചത്? അഥവാ സൂഖുകൾ (ചന്തകൾ) ആവിർഭവിച്ചത്?  സ്വന്തം ആവശ്യത്തിനപ്പുറം ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ മനുഷ്യൻ തുടങ്ങിയ കാലം മുതൽ സൂഖുകൾ രൂപപ്പെട്ടിട്ടുണ്ടാകാം.
സൂഖുകൾ ഒരു നാടിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്. മാസച്ചന്തകൾ, ആഴ്ച ചന്തകൾ, ഉച്ച ചന്തകൾ, അന്തി ചന്തകൾ എന്നിങ്ങനെ ഒരിക്കൽ സജീവമായിരുന്നവ. ചന്തകളിൽ അടുക്കി വെച്ചിരുന്നത് ഉൽപന്നങ്ങൾ മാത്രമല്ല സാധാരണക്കാരന്റെ ജീവിതം കൂടിയായിരുന്നു. പുരാതന വാണിജ്യ കേന്ദ്രങ്ങളും ചന്തകളും ജനങ്ങളുടെ സാംസ്‌കാരിക തനിമയുടെയും പൈതൃക പാരമ്പര്യങ്ങളുടെയും അടയാള കേന്ദ്രങ്ങളും. ജനസഞ്ചയം സദാ മാറിക്കൊണ്ടിരിക്കുന്നു. വൻകിട ഫഌറ്റുകൾക്കും വില്ലകൾക്കുമപ്പുറം നഗരവും നഗര ജീവിതവുമുണ്ട്. നഗരത്തിനകത്ത് തന്നെ പരസ്പര ബന്ധിതമായി കഴിഞ്ഞുകൂടുന്ന നൂറുകണക്കിനു നാട്ടിൻപുറങ്ങളുണ്ട്. നാട്ടിൻപുറത്തിന്റെ നാഡിയായിരുന്ന സൂഖുകൾ ഉപഭോക്തൃ സംസ്‌കാരത്തിന്റെ തള്ളിച്ചയിൽ സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ ഇളക്കിപ്പൊളിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ ബിസിനസ് കാലത്ത് പുരാതന കാലത്തേക്കു പിൻനടന്ന് പുതു തലമുറക്ക് പൈതൃക വെളിച്ചം പകരുകയാണ്.  സാംസ്‌കാരിക വിനിമയങ്ങളും വിവിധ സാഹിത്യ ശാഖകളുടെ വളർച്ചയും മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് നടന്നിരുതെന്നാണ് അറേബ്യയുടെ ചരിത്രം വെളിപ്പെടുത്തുന്നത്.
രാജ്യത്ത് പാരമ്പര്യവും ചരിത്രവും ശേഷിപ്പിക്കുന്ന ഇന്നും സജീവമായ വാണിജ്യ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിലുള്ള 'സൂഖ് അൽ ഖൈസറിയ' .
ഗൾഫ്-അറബ് മേഖലയിൽ ഏറെ പ്രസിദ്ധമാണ് അൽ ഹസയിലെ ഈ മാർക്കറ്റ്. ഇതിന്റെ നിർമാണ കാലത്തെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും 600 വർഷത്തെ പഴക്കമുണ്ടെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുരാതന ഉഖൈർ തുറമുഖത്ത് നിന്നാണ് ഖൈസറിയയിലേക്ക് ചരക്കുകൾ എത്തിയിരുന്നത്. 
പഴയ പ്രതാപത്തിന്റെ തലയെടുപ്പോടെ ഇന്നും നിൽക്കുന്ന ഖൈസറിയ മാർക്കറ്റ് ഫെസ്റ്റിവലായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിലെ  മൂന്നു രാവുകൾ (വ്യാഴം, വെള്ളി, ശനി). നാടിറങ്ങി വന്ന കാഴ്ച. ദേശ, പ്രാദേശിക ഭേദങ്ങളില്ലാതെ ഒഴുകിയെത്തിയ ജനപദം. ഉത്സവ ഛായയിൽ പകർന്നാടി പൗരസമൂഹം. സൗഹൃദത്തേരിൽ ലിംഗഭേദമില്ലാതെ ആവേശത്തോടെ കുടുംബങ്ങളും ഖൈസറിയ സൂഖിലേക്കു ഒഴുകിയിറങ്ങി. നാട്ടു പൈതൃകങ്ങളെ വീണ്ടെടുത്ത് വർത്തമാന തലമുറക്കു മുന്നിൽ നിരത്തിയ മഹത്തായ കർത്തവ്യം. പാരമ്പര്യ കരകൗശല ജീവിത വഴികൾ, അവയുടെ ലൈവ് കാഴ്ചകൾ, അൽ ഹസയുടെ പ്രത്യേകതയായ ക്രാഫ്റ്റ് ആന്റ് ഫോൾക്ക് ആർട്ട്, പാരമ്പര്യമായ ഖഹ്‌വ (അറേബ്യൻ കോഫി) യുടെ നിർമ്മാണം, വിവിധ അറേബ്യൻ വാദ്യോപകരണങ്ങളുടെ ഒറ്റക്കും കൂട്ടായുമുള്ള താള ലയം, മേഖലയിലെ ഗായകരുടെ ഗാനാലാപനം, ദഫ് മുട്ട്, പാരമ്പര്യ നൃത്തങ്ങൾ, ചിത്രരചന, കഴുത വണ്ടികൾ ഇങ്ങനെ സന്ദർശകർക്ക് ആഘോഷ പട്ടികയിലെ കാഴ്ചയുടെ നിര നീളുന്നതായിരുന്നു.
കഴിഞ്ഞ രാവുകളിൽ, ഒരു ദേശത്തിന്റെ ഉപജീവനത്തിന്റെ ആകാശം ഇപ്പോഴും സജീവമായി നിലനിർത്തുന്ന ഖൈസറിയ സൂഖ് വീണ്ടും ആളനക്കത്തോടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

Latest News