Sorry, you need to enable JavaScript to visit this website.

ഉല്ലാസ നൗകയിൽ കോഴിക്കോടിന്റെ തീരങ്ങളിലൂടെ 

ഉല്ലാസനൗക കോഴിക്കോട് ബേപ്പൂരിൽ 

അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന കൊച്ചി നഗരം. ഇപ്പോൾ കേരളത്തിന്റെ വാണിജ്യ-വ്യവസായ സിരാ കേന്ദ്രവും കൊച്ചി തന്നെ. സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് ആളുകൾ നിത്യേന എത്തിച്ചേരുന്നു. ഏത് കഠിന വേനലിലും ഈ നഗരത്തിലെത്തുന്നവർക്ക് ആശ്വാസം പകർന്നവയാണ് നഗര പ്രാന്ത പ്രദേശങ്ങളിലേക്കുള്ള ബോട്ട് യാത്ര. കൊച്ചിക്കായലിൽ മൂന്നോ നാലോ മണിക്കൂർ യാത്ര ചെയ്ത് വിശ്രമത്തിനൊപ്പം ഊർജസ്വലനാവുകയും ചെയ്യാം. ഏറ്റവും അടുത്ത പോയന്റായ വൈപ്പിൻകര മുതൽ കൊടുങ്ങല്ലൂർ പോലുള്ള വിദൂര പ്രദേശങ്ങളിലേക്ക് വരെ ബോട്ട് സർവീസുണ്ട്. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാമെന്നതാണ് ബോട്ടിംഗിന്റെ ആകർഷണം. മൾട്ടിപ്ലക്‌സ് തിയേറ്ററിൽ ഒരാൾ സിനിമ കാണുന്നതിന് ചെലവാകുന്ന തുക വേണ്ട അഞ്ചംഗ കുടുംബത്തിന് ബോട്ട് സവാരി നടത്താൻ. ഇതേ സൗകര്യം മലബാറിന്റെ ആസ്ഥാന നഗരമായ കോഴിക്കോട്ടും വരുന്നതിനെ കുറിച്ച് സങ്കൽപിക്കൂ. ഇത് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. ജല വിനോദത്തിന് അനന്ത സാധ്യതകളാണ് കോഴിക്കോട്ടുള്ളത്. കോഴിക്കോടും ജലാശയങ്ങളാൽ സമ്പന്നമാണ്. വടക്ക് കോരപ്പുഴ, നഗര മധ്യത്തിലൂടെ കനോലി കനാൽ, തെക്ക് ചാലിയാർ, കൈവഴികളായ ചെറിയ നദികൾ വേറെയും. കടലുണ്ടി മുതൽ കാപ്പാട് വരെ നീണ്ടുകിടക്കുന്ന കടൽ തീരവും. ഈ സാധ്യതകൾ മുന്നിൽ കണ്ടാണ് ക്ലിയോപാട്ര ഭായ്‌സൺ ഉല്ലാസ നൗക പ്രവർത്തനമാരംഭിച്ചത്. ഭായ്‌സൺ എന്ന ഡബിൾ ഡക്കർ ടൂറിസം ബോട്ട് ബേപ്പൂരിൽ നിന്നും ചാലിയാറിന്റെ ഓളപ്പരപ്പിലൂടെയാണ്  സർവീസ് തുടങ്ങിയത്. 
45 മിനിട്ടുള്ള മനോഹര യാത്രക്ക് 50 രൂപയാണ് താഴെ തട്ടിലെ ചാർജ്.  മുകളിൽ 75 രൂപയും. ഗ്രൂപ്പ് ബുക്കിംഗ് ചെയ്യുന്നവർക്ക് ഭക്ഷണം നൽകാനും സൗകര്യമുണ്ട്. 
കടലിലൂടെയും കായലിലൂടെയും നദികളിലൂടെയും സഞ്ചരിക്കാൻ സൗകര്യങ്ങളുള്ള ക്ലിയോപാട്രയിൽ ബേപ്പൂർ പുളിമൂട്ടിൽ നിന്നും തുടങ്ങി കടലിലൂടെ യാത്ര ചെയ്ത് കോഴിക്കോട് ബീച്ച്  വെള്ളയിൽ വരെ യാത്ര ചെയ്യാം. സൂര്യാസ്തമയം കാണാൻ സൗകര്യപ്രദമായ സമയത്താണ് സർവീസ്. ബേപ്പൂരിൽ നിന്നും ചാലിയാർ, കടലുണ്ടി, ഫറോക്ക് തുടങ്ങിയ പ്രകൃതി മനോഹരമായ സ്ഥലങ്ങളിലൂടെ  രാവിലെ സർവീസുണ്ട്. 
130 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാവുമെന്ന് സംഘാടകർ അറിയിച്ചു. ഈ സർവീസുകൾ വിജയിച്ചാൽ കൊയിലാണ്ടി, എലത്തൂർ, കോരപ്പുഴ, വടകര, കാപ്പാട്, തിക്കോടി മേഖലകളിലേക്ക് ജല വിനോദ പദ്ധതികൾ വ്യാപിപ്പിക്കാനാണ് പരിപാടി. 
 

Latest News