Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കള്‍ക്ക് ആധിപത്യ മോഹമില്ലെന്ന് ആര്‍.എസ്.എസ് മേധാവി

ചിക്കാഗോ- ഹിന്ദുക്കള്‍ക്ക് ആധിപത്യം സ്ഥാപിക്കണമെന്ന മോഹമില്ലെന്നും സമുദായം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സമുദായ നേതാക്കള്‍ ഒരു സമൂഹമായി മാനവരാശിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസില്‍ ഭാഗവത് പറഞ്ഞു. ചിക്കാഗോയില്‍ നടന്നുവരുന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ 2500ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1893-ലെ ചിക്കാഗോ ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപരമായി പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഹിന്ദു കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നത്. 'സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ക്ക് കൂട്ടമായെത്തി അതിനെ കീഴ്‌പ്പെടുത്താം. നാം ഇതൊരിക്കലും മറക്കരുത്. ലോകം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് നമ്മുടെ ആവശ്യം. നമുക്ക് ആധിപത്യ മോഹങ്ങളില്ല. നമ്മുടെ സ്വാധീനം കോളനിവല്‍ക്കരണത്തിലൂടെയോ പിടിച്ചടക്കലിലൂടെയോ നേടിയതല്ല,' ഭാഗവത് പറഞ്ഞു. 

അഹംഭാവത്തെ നിയന്ത്രിക്കുകയും ഭൂരിപക്ഷാഭിപ്രായങ്ങളെ സ്വീകരിക്കുകയും വേണം. എങ്കിലെ ഒന്നിക്കാനാകൂ. നമുക്ക് ഒരുമിക്കാനാകും. വലിയൊരു ശതമാനം മികവുറ്റ വ്യക്തികള്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. ഇവരെ ഒരുമിച്ചു കൊണ്ടു വരുന്നതിന് ശ്രമങ്ങളുണ്ടാകണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. അതേസമയം ഇവര്‍ ഒരിക്കലും ഒന്നിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഒന്നിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കള്‍ അനുഭവിച്ചു വരികയാണ്. ഇതിനു കാരണം ആത്മീയതയും അടിസ്ഥാന ഹൈന്ദവ തത്വങ്ങളും മറന്നു പോയതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് നടത്തുന്ന ലോക ഹിന്ദു കോണ്‍ഗ്രസിനെതിരെ പലരും രംഗത്തുവന്നിരുന്നു. ഇതിന്റെ സംഘാടകള്‍ വിദ്വേഷ പ്രചാരകരാണെന്നും സാമൂഹികമായും മതപരമായും ഭിന്നിപ്പുണ്ടാക്കുന്നവരുമാണെന്ന് ചൂണ്ടിക്കാട്ടി പലസംഘടനകളും വ്യക്തികളും പരാതി നല്‍കിയിരുന്നെന്ന് ലോക ഹിന്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്. പി കോത്താരി പറഞ്ഞു. ഇതു തീര്‍ത്തും തെറ്റാണെന്നും തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News