Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ ഏകീകൃത ടൂറിസ്റ്റ് വിസ വര്‍ഷാവസാനത്തോടെ

ദോഹ-ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളും തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണെന്നും എല്ലാ ഭാഗത്തുനിന്നും പോസിറ്റീവായ പ്രതികരണങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ജി.സി.സി രാജ്യങ്ങളുടെ പ്രധാന ടൂറിസം പദ്ധതികളിലൊന്നാണ്. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു വിസ മാത്രം ഉപയോഗിച്ച് എല്ലാ ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം മസ്‌കത്തില്‍ നടത്തിയ നാല്‍പതാമത് യോഗത്തിലാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ഗള്‍ഫ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിക്കും.

പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുമ്പ് ട്രയല്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഖത്തര്‍ ടൂറിസത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Tags

Latest News