Sorry, you need to enable JavaScript to visit this website.

അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

ന്യൂദല്‍ഹി- കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ അന്വേഷണങ്ങള്‍ക്ക് ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നിര്‍ദേശം പുറപ്പെടുവിച്ചേക്കും.

ഇതുസംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കി വരികയാണ്.  2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടപടികളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും പ്രവര്‍ത്തനങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയാന്‍ കമ്മീഷന്‍ ഇടപെടണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
ദല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
സിബിഐ തന്നെ പീഡിപ്പിക്കുന്നുവെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ശ്രമങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതിയിരുന്നു. ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം മഹുവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മഹുവ മൊയ്ത്ര.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News