Sorry, you need to enable JavaScript to visit this website.

ഹോസ്റ്റലിൽ തറാവീഹ് നമസ്‌കാരത്തിനിടെ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ടുപേർ അറസ്റ്റിൽ

അഹമ്മദാബാദ് - ഗുജറാത്ത് സർവകലാശാലയിലെ ഹോസ്റ്റലിൽ തറാവീഹ് നമസ്‌കാരത്തിനിടെ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ പ്രവർത്തകരായ ഹിതേഷ് മേവാഡ, ഭരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
 ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സർവകലാശാലയിലെ എ ബ്ലോക്ക് ഹോസ്റ്റൽ കെട്ടിടത്തിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം അനുവദിച്ച സ്ഥലത്ത് റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് നിർവഹിക്കുന്നതിനിടെ കാവി ഷാളുകൾ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്‌ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് പ്രകോപനപരമായി അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കുനേരെ കല്ലെറിഞ്ഞ അക്രമി സംഘം മുറികളിൽ കയറി പഠനോപകരണങ്ങൾ നശിപ്പിക്കുകയും ഹോസ്റ്റൽ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അടിച്ചുതകർക്കുകയുമുണ്ടായി. 
 സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ പരുക്കേറ്റ് സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റതെന്ന് പോലീസ് പറഞ്ഞു.
  കലാപം ഉണ്ടാക്കൽ, ആയുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരൽ, വ്യാജരേഖ ചമക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, ക്രിമിനൽ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.  യൂനിവേഴ്‌സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റൽ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതർ ഹോസ്റ്റലിൽ നിർദ്ദിഷ്ട സ്ഥലത്ത് വിദ്യാർത്ഥികൾക്ക് പ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കിയത്. 
 എന്നാൽ, കാവി ഷാൾ അണിഞ്ഞെത്തിയ തീവ്ര ഹിന്ദുത്വ ആശയക്കാർ പ്രാർത്ഥിക്കാൻ അനുവദിക്കില്ലെന്ന ആക്രോശത്തോടെ വിശ്വാസികളെ മർദ്ദിക്കുകയായിരുന്നു. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചെങ്കിലും അക്രമികളെ ചെറുക്കാനായില്ല. പോലീസിനെ യഥാസമയം വിവരം അറിയിച്ചെങ്കിലും മണിക്കൂറുകൾക്കു ശേഷമാണ് എത്തിയത്. പിന്നീട്, അക്രമികൾ കൺമുന്നിലുണ്ടായിട്ടും പിടികൂടാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. അതിനിടെ, അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി നിർദേശം നൽകി. ഇതിന് പിന്നാലെയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Latest News