Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി ഒപ്പു വെച്ചത് ലോകായുക്തയെ കാഴ്ചവസ്തുവാക്കുന്ന നിയമ ഭേദഗതി -റസാഖ് പാലേരി

തിരുവനന്തപുരം - രാഷ്ട്രപതി ഒപ്പു വെച്ചത് ലോകായുക്തയെ കാഴ്ചവസ്തുവാക്കുന്ന നിയമ ഭേദഗതിയാണെന്നും ഇതോടെ ഭരണാധികാരികൾക്ക് അഴിമതി നടത്താനുള്ള സാധ്യത കൂടുതൽ തുറന്നു കിട്ടിയതായും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

സംസ്ഥാന നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ലോകായുക്ത 14 ാം വകുപ്പിൽ നടത്തിയ ഭേദഗതി മുഖ്യമന്ത്രിയെയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. അഴിമതി ഫലപ്രദമായി തടയാനുള്ള നിയമ സംവിധാനമായ ലോകായുക്തയെ ദുർബലപ്പെടുത്താനാണ് കേരള സർക്കാർ ഭേദഗതിയിലൂടെ ശ്രമിച്ചത്. അന്വേഷണ ഏജൻസികളെയും നിയമ സംവിധാനങ്ങളെയും കോടതികളെയും ഭരിക്കുന്ന സർക്കാരിന്റെ വരുതിയിൽ കൊണ്ടുവരുന്ന കേന്ദ്രസർക്കാർ സമീപനത്തിന്റെ മറ്റൊരു രൂപമാണ് ലോകായുക്തയെ ദുർബലപ്പെടുത്തിയ നിയമഭേദഗതി. അത്തരമൊരു ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചതിൽ അത്ഭുതമില്ല. ഈ ഭേദഗതി നിയമമാകുന്നതോടെ ലോകായുക്ത പാഴ്‌ചെലവ് മാത്രമായി മാറും. 
കേന്ദ്ര ഗവൺമെന്റിന്റെ അമിതാധികാര പ്രവണതക്കെതിരെ സംസാരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന ഇടതുസർക്കാർ നടത്തിയ ഈ നീക്കം കേരളം അംഗീകരിക്കാൻ പാടില്ല. ബില്ലിനെതിരായ പ്രതിഷേധം ജനങ്ങളിൽ നിന്നുണ്ടാകണം. അഴിമതിക്ക് കുടപിടിക്കുന്ന നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിൻമാറുകയും ലോകായുക്തയെ ശക്തിപ്പെടുത്തുന്ന നിയമ ഭേദഗതിക്ക് തയ്യാറാവുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News