Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളുടെ സീറ്റുകളുടെ എണ്ണത്തിൽ ധാരണ; സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റിനെച്ചൊല്ലി തർക്കം

ചെന്നൈ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സി.പി.എം, സി.പി.ഐ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഡി.എം.കെയുമായി ധാരണയായി. എന്നാൽ, ഏതെല്ലാം സീറ്റുകളെന്ന കാര്യത്തിൽ പൂർണമായ യോജിപ്പായിട്ടില്ലെന്നാണ് വിവരം. ഇരു ഇടത് പാർട്ടികളും രണ്ട് വീതം സീറ്റുകളിലാണ് മത്സരിക്കുക. 
 2019-ലെ തെരഞ്ഞെടുപ്പിൽ ഡി.എം.കെ-ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സി.പി.എമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരും നാഗപട്ടണവുമാണ് സി.പി.ഐയുടെ സീറ്റ്. എന്നാൽ. ഇതേ സീറ്റുകളിൽ തന്നെ മത്സരിക്കാനാവുമോ എന്നതിൽ അന്തിമ ധാരണയായിട്ടില്ല. 
  സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിൽ ഇത്തവണ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. വൈകാതെ നടൻ ഡി.എം.കെ പാളയത്തിലെത്തുമെന്ന പ്രതീക്ഷയിൽ കമൽ ഹാസൻ താൽപര്യം പ്രകടിപ്പിച്ച കോയമ്പത്തൂർ സീറ്റിനായി സി.പി.എം- ഡി.എം.കെ ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താതെ തുടരുകയാണ്. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് സി.പി.എം നിലപാട്. എന്നാൽ, ഇരുപക്ഷത്തിനും സ്വീകാര്യമായൊരു നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ഡി.എം.കെയുടെ ശ്രമങ്ങൾ.
 അതിനിടെ, മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മാത്രമേ ധാരണയായിട്ടുള്ളൂ. ഏതെല്ലാം സീറ്റാണ് പാർട്ടിക്ക് അനുവദിക്കുക എന്നതിൽ തുടർ ചർച്ച നടക്കുമെന്ന് സി.പി.എം തമിഴ്‌നാട് ഘടകം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മുൻവർഷത്തേതു പോലെ തമിഴ്‌നാട്ടിൽ കോൺഗ്രസും ഡി.എം.കെയും സി.പി.എമ്മും സി.പി.ഐയും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Latest News