Sorry, you need to enable JavaScript to visit this website.

പ്രവാസികളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്ത് കബളിപ്പിക്കുന്നു

ഹൈദരാബാദ്-റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗൾഫിൽനിന്ന് ഇന്ത്യക്കാരെ ആകർഷകമായ വേതനം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് റിക്രൂട്ട് ചെയ്ത് കബളിപ്പിച്ചു. തെലങ്കാന ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ യു.എ.ഇയിൽനിന്ന് റിക്രൂട്ട് ചെയ്തതായാണ് റിപ്പോർട്ട്.  യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിനൊപ്പം സേവനം അനുഷ്ഠിക്കാനാണ് ഇവരെ റിക്രൂട്ട് ചെയ്തത്.

മിക്കവരും ഗൾഫ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നവരായിരുന്നു. സോഷ്യൽ മീഡിയ വഴി സമ്പർക്കം പുലർത്തിയാണ് ആകർഷകമായ ശമ്പളവും യുദ്ധേതര ജോലികളും വാഗ്ദാനം ചെയ്തത്.

തെലങ്കാനയിലെ നാരായണപീട്ട് ജില്ലക്കാരനായ മുഹമ്മദ് സൂഫിയാൻ ദുബായിൽ 1500 ദിർഹം  മാസ ശമ്പളം നേടിയിരുന്നു. പ്രതിമാസം 3600 ഡോളർ വാഗ്ദാനം ചെയ്താണ് ഏജൻ്റുമാർ ഇയാളെ വലയിലാക്കിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ദുബായിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന  കർണാടകയിൽ നിന്നുള്ള മറ്റ് മൂന്ന് പേർക്കൊപ്പം റഷ്യയിലേക്ക് പോകാനാണ് ഏജൻ്റ് ഇന്ത്യയിലെത്തിച്ചത്. തുടർന്ന് റഷ്യയിലെത്തിയപ്പോൾ അവർ സൈന്യത്തോടൊപ്പം യുദ്ധം ചെയ്യാൻ നിർബന്ധിതരായി. യുവാക്കളെ പ്രലോഭിപ്പിച്ച ഏജൻ്റുമാരും ഇന്ത്യക്കാരായിരുന്നു.

സൂഫിയാൻ്റെ വിവരങ്ങൾ അറിയാൻ  കാത്തിരിക്കുകയാണെന്ന് നാരായണപീട്ടിലെ കുടുംബത്തിൻ്റെ അയൽവാസിയായ അബ്ദുൾ അസീം പറഞ്ഞു. മുഴുവൻ പദ്ധതിയും കുടുംബത്തിൽ നിന്ന് മറച്ചുവെച്ച ഏജൻ്റ് ദുബായിൽ വെച്ചാണ് സൂഫിയാനെ ബ്രെയിൻ വാഷ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

വിദേശത്ത് തൊഴിലവസരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ, ഹൈദരാബാദിലെ ബസാർഘട്ടിലെ മുഹമ്മദ് അസ്ഫാനും (30) സുഹൃത്തുക്കളായ അർബാബ് ഹുസൈനും, സഹൂർ അഹമ്മദും  തട്ടിപ്പ് ഏജൻ്റുമാരുടെ കെണിയിൽ വീണ്  റഷ്യയിലേക്ക് പോയി.

യുവാക്കളുടെ കുടുംബങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടിയിരിക്കയാണ്.  പ്രിയപ്പെട്ടവരെക്കുറിച്ചുള്ള എന്തെങ്കിലും അപ്‌ഡേറ്റുകൾക്കായാണ് അവർ കാത്തിരിക്കുന്നത്.  അതിനിടെ, ഇന്ത്യക്കാരിൽ, ഗുജറാത്തിലെ അഹമ്മദാബാദ് നിവാസിയായ ശൈഖ് മുഹമ്മദ് താഹിർ (24) എന്ന യുവാവിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

മറ്റു പലരും റഷ്യയിൽ കുടുങ്ങിപ്പോകുകയോ കാണാതാവുകയോ ചെയ്തു. വിവരങ്ങളൊന്നും ലഭിക്കാതെ കുടുംബങ്ങൾ അനിശ്ചിതത്വത്തിലാണ്.

ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസി ഈ വിവരങ്ങൾ ഉൾപ്പെടുത്തി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയതിനു പിന്നാലെയാണ് വിഷയം പുറംലോകം അറിഞ്ഞത്. ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ റഷ്യൻ അധികൃതരുമായി സമ്പർക്കം തുടരുകയാണെന്ന് വിദേശ മന്ത്രാലയ വക്താവ് ദൽഹിയിൽ പറഞ്ഞു.

മോസ്‌കോയുമായും ഉക്രൈൻ സഖ്യകക്ഷിയായ അമേരിക്കയുമായുള്ള ബന്ധത്തിൽ കേന്ദ്ര സർക്കാർ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ്.

Latest News