Sorry, you need to enable JavaScript to visit this website.

അട്ടിമറി നീക്കം പരാജയം; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ജയിച്ചു

ബംഗളൂരു- കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കാണ് ജയം. അട്ടിമറി ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നിര്‍ത്തിയ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ഡോ. സയ്യദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. യഥാക്രമം 47, 46, 46 വോട്ടുകള്‍ നേടിയാണ് ഇവരുടെ ജയം. നാരായണ്‍ ഭണ്ഡാഗെയാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി. ഇത് കോണ്‍ഗ്രസിന്റെ ഐക്യവും കെട്ടുറപ്പുമാണ് കാണിക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ച വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോടും നന്ദി പറയുന്നു-ഡി കെ ശിവകുമാര്‍ പറഞ്ഞു.
15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭ സീറ്റുകളിലായിരുന്നു ഒഴിവ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരടക്കം 41 പേര്‍ എതിരില്ലാതെ വിജയിച്ചു.
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവരും എതിരില്ലാതെ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

 

Latest News