Sorry, you need to enable JavaScript to visit this website.

സരസ്വതി ദേവിയെ അനാദരിച്ചു; രാജസ്ഥാനില്‍ അധ്യാപികയെ പുറത്താക്കി

ജയ്പൂര്‍-സരസ്വതി ദേവിയെ അനാദരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവാറിന്റെ ഉത്തരവിനെ തുടര്‍ന്നാണാണ് െ്രെപമറി സ്‌കൂള്‍ അധ്യാപിക ഹേംലത ബൈര്‍വയെ സസ്‌പെന്‍ഡ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനു ശേഷമാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബാരന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
ചിലര്‍ തങ്ങള്‍ക്കു തന്നെയാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും  സ്‌കൂളില്‍ സരസ്വതി ദേവിയുടെ സംഭാവന എന്താണെന്ന്  അവര്‍ ചോദിക്കുന്നുവെന്നും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും   ബാരന്‍ ജില്ലയിലെ കിഷന്‍ഗഞ്ച് പ്രദേശത്തെ പര്യടനത്തിനിടെ മന്ത്രി മദന്‍ ദിലാവര്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ പരസ്യ പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷമാണ് അധികൃതര്‍ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്.  
കിഷന്‍ഗഞ്ച് ഏരിയയിലെ ലക്കാഡിയയിലെ സര്‍ക്കാര്‍ െ്രെപമറി സ്‌കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ സരസ്വതി ദേവിയുടെ ചിത്രം വേദിയില്‍ വെച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.  നാട്ടുകാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിനും പ്രകോപിപ്പിച്ചതിനും അധ്യാപിക ഉത്തരവാദിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി-ബാരന്‍ ജില്ലാ വിദ്യാഭ്യാസ (എലിമെന്ററി) ഓഫീസര്‍ പിയൂഷ് കുമാര്‍ ശര്‍മ്മ  പറഞ്ഞു.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ബിക്കാനീറിലെ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ അധ്യാപികയോട് ഉത്തരവിട്ടതായും ശര്‍മ്മ അറിയിച്ചു.
നാട്ടുകാരോട് യോജിച്ച് സരസ്വതി ദേവിയുടെ ചിത്രം വച്ചുകൊണ്ട് വിവാദം ഒഴിവാക്കി റിപ്പബ്ലിക് ദിന ചടങ്ങ് സുഗമമായി നടത്താന്‍ അധ്യാപികയ്ക്ക് കഴിയുമായിരുന്നു, പകരം അവര്‍ വികാരം വ്രണപ്പെടുത്തുകയും നാട്ടുകാരെ പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 ജനുവരി 26ന് സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിനിടെ െ്രെപമറി ടീച്ചറും മറ്റ് നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ചടങ്ങില്‍ മഹാത്മാഗാന്ധിയുടെയും ഭീം റാവു അംബേദ്കറുടെയും ചിത്രങ്ങള്‍ക്കൊപ്പം സരസ്വതി ദേവിയുടെ ചിത്രം വേദിയില്‍ വെക്കാന്‍ അധ്യാപിക വിസമ്മതിച്ചപ്പോള്‍ സരസ്വതി ദേവിയുടെ ചിത്രം വേദിയില്‍ വെക്കണമെന്ന് പ്രദേശവാസികള്‍ നിര്‍ബന്ധിച്ചു.
സരസ്വതി ദേവി സ്‌കൂളിനും വിദ്യാഭ്യാസത്തിനും ഒന്നും നല്‍കിയിട്ടില്ലെന്ന് ടീച്ചര്‍ പറഞ്ഞത് നാട്ടുകാരെ പ്രകോപിപ്പിച്ചു.
ലവ് ജിഹാദുമായും നിരോധിത ഇസ്ലാമിക സംഘടനകളുമായും ബന്ധം ആരോപിച്ച് കോട്ട ജില്ലയിലെ സംഗോഡ് ഏരിയയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  രണ്ട് സര്‍ക്കാര്‍ അധ്യാപകരെ വ്യാഴാഴ്ച  സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്നാമത്തെ വനിതാ അധ്യാപികയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News