Sorry, you need to enable JavaScript to visit this website.

വന്യജീവി ആക്രമണം; അന്തര്‍ സംസ്ഥാന ബന്ധം ഉറപ്പാക്കും: കേന്ദ്ര മന്ത്രി ഭുപേന്ദര്‍ യാദവ്

കല്‍പറ്റ- വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച  പ്രവര്‍ത്തനത്തിനു നടപടി സ്വീകരിക്കുമെന്ന്
കേന്ദ്ര വനം- പരിസ്ഥിതി  മന്ത്രി ഭുപേന്ദര്‍ യാദവ്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതതല യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു സംസ്ഥാനങ്ങളും യോജിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും. മനുഷ്യ- വന്യമൃഗ സംരക്ഷണം സംബന്ധിച്ച് പഠനത്തിനു കോയമ്പത്തൂര്‍ സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തും.   മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ പ്രധാനമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉറപ്പാക്കണം. 

വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വന്യജീവി ആക്രമണം നേരിടാന്‍ പരിശീലനം നല്‍കണം. ആനകളുടെ ജിയോ ടാഗിംഗ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ആക്രമണ സ്വഭാവമുള്ള വന്യ മൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യമില്ല. അക്കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ട്. 

വന്യമൃഗശല്യം കൂടുതലായുള്ള പ്രദേശങ്ങളില്‍ ഫെന്‍സിംഗ് വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കും. 2022- 23 സാമ്പത്തികവര്‍ഷം  15.8 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വയനാട്ടിലെ  വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലയിലെ എം. എല്‍. എമാര്‍ ആവശ്യപ്പെട്ടു. 

വനപാലകര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണം. വന നിയമത്തില്‍ ഇളവ് അനുവദിക്കണം. ജില്ലയില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കണം. വന്യജീവി സങ്കേതത്തിലെ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം.

അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നും എം. എല്‍. എമാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര വനം ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്. പി. യാദവ്, എം. എല്‍. എമാരായ ഒ. ആര്‍. കേളു, ടി. സിദ്ദീഖ്, ഐ. സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, എ. ഡി. എം കെ. ദേവകി, സബ്കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രസാദ്, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫീസര്‍ വിജയാനന്ദന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ. എസ്. ദീപ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, സൗത്ത് വയനാട് ഡി. എഫ്. ഒ ഷജ്ന കരീം, രാഹുല്‍ഗാന്ധി എം. പിയുടെ പ്രതിനിധി കെ. എല്‍. പൗലോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട് ജില്ലയില്‍  പ്രവര്‍ത്തനം  ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം, വനം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

Latest News