തിരുവനന്തപുരം- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കങ്ങളാരംഭിച്ചതായി റിപോര്‍ട്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന പഴികേള്‍ക്കുന്നത് ഒഴിവാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോഹന്‍ലാലിനു വേണ്ടി പ്രതിച്ഛായ മെച്ചപ്പെടുത്തല്‍ പ്രചാരണം ആര്‍.എസ്.എസ് തുടങ്ങിക്കഴിഞ്ഞതായാണ് റിപോര്‍ട്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ 58കാരനായ ലാല്‍ ഇതുവരെ ഇതു സംബന്ധിച്ച് ഒരു സൂചനയും നല്‍കിയിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതോടെയാണ് അഭ്യൂഹം വീണ്ടും ശക്തമായത്.
മോഹന്‍ലാലിനെ ബി.ജെ.പി ടിക്കറ്റില്‍ മത്സര രംഗത്തിറക്കുന്നത് സംബന്ധിച്ച് സംഘപരിവാര്‍ ഗൗരവമായി തന്നെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ അറിയിക്കാതെയായാണ് ആര്‍.എസ്.എസ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഇതു സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് സൂചനയും ഉണ്ടായിരുന്നില്ല.
നടന്‍ എന്നതിലുപരി തെരഞ്ഞെടുപ്പിനു മുന്നോടിയായ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് മോഹന്‍ലാലിനെ സജീവമാക്കാനുള്ള നീക്കങ്ങളാണ് ആര്‍.എസ്.എസ് ഇപ്പോള്‍ നടത്തുന്നതെന്നാണ് സൂചന. തിങ്കളാഴ്ച മോഹന്‍ലാല്‍ മോഡിയെ കണ്ടതും ഇതിന്റെ ഭാഗമാണെന്ന അഭ്യൂഹം ശക്തമാണ്. മോഹന്‍ലാലിന്റെ സന്നദ്ധ സംഘടന നടത്തുന്ന സാമുഹ്യ സേവന പദ്ധതിയുടെ ഉല്‍ഘാടനത്തിന് മോഡിയെ ക്ഷണിക്കാനാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. മാതാപിതാക്കളുടെ സ്മരണയ്ക്കായി മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള പദ്ധതികളാണ് തുടങ്ങാനിരിക്കുന്നത്.
കൂടിക്കാഴ്ചയ്ത്തു പിന്നാലെ മോഡി മോഹന്‍ലാലിന്റെ ബഹുവിധ സാമൂഹ്യ സേവന പദ്ധതികളെ പ്രശംസിച്ചും പുകഴ്ത്തിയും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പുണ്യ ദിനമായ ജന്മാഷ്ടമി നാളില്‍ മോഡിയെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മോഹന്‍ലാലും ട്വിറ്ററില്‍പങ്കുവച്ചിരുന്നു.
Yesterday, I had a wonderful meeting with @Mohanlal Ji. His humility is endearing. His wide range of social service initiatives are commendable and extremely inspiring. pic.twitter.com/f3Dv3owHUV
— Narendra Modi (@narendramodi) September 4, 2018
മോഹന്‍ലാലിന്റെ രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്തെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള സംഘപരിവാറിന്റെ പദ്ധതിയുടെ ഭാഗമാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന സംഘടനയെന്നും സംശയം ബലപ്പെട്ടിരിക്കുകയാണ്. വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്ത് മോഹന്‍ലാലന്‍ അവരോധിച്ചിട്ടുള്ളത് മുതിര്‍ന്ന സംഘപരിവാര്‍ നേതാവിനേയാണ്. മാത്രവുമല്ല പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ സേവ ഭാരതി എന്ന സംഘടനയുമായി കൈകോര്‍ത്താണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതും.
വരും മാസങ്ങളില്‍ മോഹന്‍ലാലിനെ ഇത്തരം പദ്ധതികളും പരിപാടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊതുരംഗത്ത് കാണാമെന്നും ഇതു സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാന്‍ ആവശ്യമായി തരത്തില്‍ പൊതുജന സ്വീകാര്യത മോഹന്‍ലാലിന് നേടിക്കൊടുക്കാനാണ് പദ്ധതി. ഒരു നടന്‍ എന്ന നിലയില്‍ പ്രശസ്തനും എല്ലാവരും അംഗീകരിക്കുന്നയാളുമാണ് മോഹന്‍ലാല്‍ എങ്കിലും കേരളത്തില്‍ രാഷ്ട്രീയ രംഗത്തിറങ്ങാന്‍ ഇതു മാത്രം പോരെന്നും ഒരു സംഘപരിവാര്‍ നേതാവ് പറയുന്നു.
മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ ആയി നിയമിച്ചതോടെയാണ് പുതിയ പദ്ധതിയുമായി ആര്‍.എസ്.എസ് രംഗത്തെത്തിയത്. കുമ്മനം ഇനി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നേക്കില്ല. അദ്ദേഹത്തിനു സമയവുമില്ല. അതു കൊണ്ടാണ് മോഹന്‍ലാലിനു വേണ്ടി സംഘപരിവാര്‍ കരുക്കള്‍ നീക്കുന്നതെന്നും ഈ നേതാവ് പറയുന്നു.
He has assured all support and offered to participate in the Global Malayalee Round table that can formulate futuristic solutions for a New Kerala. Hon. PMO India has also appreciated our vision to set up a Cancer Care Centre to cater to the needs of the under-privileged. pic.twitter.com/3icdyqZlgu
— Mohanlal (@Mohanlal) September 3, 2018