ടോക്കിയോ- ചിത്രം സിനിമയില്‍ മോഹന്‍ ലാലിന്റെ ഒരു ഡയലോഗുണ്ട്. ആഹാ എന്തു നല്ല ആചാരങ്ങള്‍...ഇനിയും ഇങ്ങനെയുള്ള മനോഹരമായ ആചാരങ്ങള്‍ ഉണ്ടോ ആവോ എന്ന്. അത്തരമൊരു മനോഹരമായ ആചാരത്തിന് പരിസമാപ്തി കുറിച്ചിരിക്കുകയാണ് ജപ്പാനില്‍. ഒന്നും രണ്ടുമൊന്നുമല്ല, ആയിരം വര്‍ഷം പഴക്കമുള്ള ആചാരം.
എന്താണ് ഈ ആചാരമെന്നല്ലേ... ആയിരക്കണക്കിന് പുരുഷന്മാര്‍ നഗ്നരായി നടത്തുന്ന ഉത്സവമാണിത്. തിന്മ നശിക്കട്ടെ എന്നാര്‍ത്തുവിളിച്ചാണ് പുരുഷന്മാരുടെ നഗ്നസംഘത്തിന്റെ കൂത്ത്. വടക്കന്‍ ജപ്പാനിലെ ഇവാത്ത് വനമേഖലയിലെ ദേവദാരു വനത്തില്‍ പുരുഷ സംഘത്തിന്റെ വികാരാധീനമായ മന്ത്രങ്ങള്‍ പ്രതിധ്വനിച്ചു. അവിടത്തെ കൊകുസെകി ക്ഷേത്രം കേന്ദ്രീകരിച്ചാണ് ഈ ആചാരം നൂറ്റാണ്ടുകളായി നടന്നുവന്നത്.
ഓരോ വര്‍ഷവും നൂറുകണക്കിന് പങ്കാളികളെയും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഉത്സവം സംഘടിപ്പിക്കുന്നത് പ്രായമായ പ്രാദേശിക വിശ്വാസികള്‍ക്ക് വലിയ ഭാരമായി മാറിയിരിക്കുന്നു, ആചാരത്തിന്റെ കാഠിന്യം മൂലം അത് നിലനിര്‍ത്താന്‍ പ്രയാസമായതാണ് നിര്‍ത്താനുള്ള കാരണം.
ജപ്പാനിലെ ഏറ്റവും വിചിത്രമായ ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 'സോമിന്‍സായ്' ഉത്സവം, ഗ്രാമീണ സമൂഹങ്ങളെ സാരമായി ബാധിച്ച രാജ്യത്തെ പ്രായമായ ജനസംഖ്യാ പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ക്ഷേത്രത്തിലെ സന്യാസിയായ ഡെയ്‌ഗോ ഫുജിനാമി പറയുന്നത് ഇത്ര വ്യാപ്തിയുള്ള ഉത്സവം സംഘടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ്.
'ഇന്ന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും ധാരാളം ആളുകള്‍ ഇവിടെയുണ്ട്, എല്ലാം ആവേശകരമാണ്. എന്നാല്‍ തിരശ്ശീലക്ക് പിന്നില്‍, നിരവധി ആചാരങ്ങളും വളരെയധികം ജോലികളും ചെയ്യേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ സമൂഹം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രായാധിക്യമുള്ളവരുടെ സമൂഹമാണ്. ഈ പ്രവണത എണ്ണമറ്റ സ്‌കൂളുകളും കടകളും സേവനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കി. പ്രത്യേകിച്ച് ചെറുകിട അല്ലെങ്കില്‍ ഗ്രാമീണ മേഖലകളില്‍. കൊകുസെക്കി ക്ഷേത്രത്തിലെ സോമിന്‍സായി ഉത്സവം ചാന്ദ്ര പുതുവര്‍ഷത്തിന്റെ ഏഴാം ദിവസം മുതല്‍ പിറ്റേന്ന് രാവിലെ വരെയാണ് സാധാരണ നടക്കുക.