Sorry, you need to enable JavaScript to visit this website.

ഡി.ജെ പാർട്ടി കാണാനെത്തിയ കാട്ടാന

80 കളുടെ ആദ്യ പാതിയിൽ കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ പല നഗരങ്ങളിലും രാത്രികൾ സജീവമാക്കാൻ കാബറെ നൃത്തമുൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറിയിരുന്നു. കോഴിക്കോട് മിഠായി തെരുവിൽ തൊഴിൽ രഹിതരായ ബിരുദധാരികൾ നടത്തുന്ന ഹോട്ടലിലും ബീച്ചിലും പുതിയറയിലുമുള്ള രണ്ട് ക്ലാസ് ഹോട്ടലുകളിലുമായിരുന്നു തുടക്കത്തിൽ ഈ കലാപരിപാടി അരങ്ങേറിയിരുന്നത്. വളരെ ലാഭകരമായ ഏർപ്പാടാണെന്ന് കണ്ടപ്പോൾ കണ്ണൂർ റോഡിലും നടക്കാവിലും വരെ ചെറിയ ഹോട്ടലുകാർ ഇതിനുള്ള സംവിധാനം തയാറാക്കി. ഒന്നുമില്ല. കാഷ് കൗണ്ടർ നിൽക്കുന്ന സ്ഥലത്ത് ഒരു ചെറിയ പ്ലാറ്റുഫോമൊരുക്കി. അന്നൊക്കെ നഗരത്തിൽ യുവജനങ്ങളുടെ പ്രതിരോധവും ശക്തമായിരുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്തിരുന്ന ജനകീയ സാംസ്‌കാരിക വേദിയും സി.പി.ഐ എം.എൽ റെഡ് ഫ്ലാഗ് പോലുള്ള ഇടതുപക്ഷ ഗ്രൂപ്പുകൾ കാമ്പസുകളിൽ സജീവമായിരുന്നു. ഇവർ പോരാടിനിറങ്ങിയാണ് കലയുടെ പേരിൽ അരങ്ങേറിയിരുന്ന ആഭാസത്തെ എന്നെന്നേക്കുമായി നഗരത്തിൽ നിന്ന് കെട്ടുകെട്ടിച്ചത്. പിന്നിട്ട വാരത്തിലെ ഒരു സന്ധ്യയിൽ കോഴിക്കോട് പാളയത്തെ ഫുട്പാത്തിലൂടെ ഡേവിസൺ തിയേറ്റർ ഭാഗത്തേക്ക് നടന്നു ചെന്നപ്പോൾ അരികിലെ ഒരു ഹോട്ടലിൽ സംഗീതം തകർക്കുന്നു. യുവതീയുവാക്കൾ തിരക്കിനിടയിൽ ഹോട്ടലിലേക്ക് പ്രവേശിക്കാൻ കാറുകളും ഇരുചക്ര വാഹനങ്ങളുമായി ട്രാഫിക് ജാമിൽ പെട്ട് ക്ലേശിക്കുന്നു. നാല് ദശകങ്ങൾക്കിപ്പുറം പഴയതെല്ലാം പൊടി തട്ടിയെടുക്കുന്നതാവാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഫെബ്രുവരി പതിനാലിന് പ്രണയ ദിനം ആഘോഷമാക്കാൻ എത്തിയവരാണതെന്ന് സമീപമുള്ളവർ പറഞ്ഞു. ഏതായാലും നൈറ്റ് ലൈഫ് നഗരത്തിൽ തിരിച്ചു വരുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 
കോഴിക്കോട് നഗരത്തിൽ നിന്ന് രണ്ടു മണിക്കൂറിനകം എത്താവുന്ന സ്ഥലമാണ് വയനാട്. കേരള സർക്കാരിന്റെയോ ടൂറിസം വകുപ്പിന്റെയോ മിടുക്ക് കൊണ്ടൊന്നുമല്ലെങ്കിലും ജില്ലയാകെ ടൂറിസം പടർന്നു പന്തലിക്കുകയാണ് ഇപ്പോൾ. മുമ്പ് ചുരം കയറിയ ഉടനെ ലക്കിടിയിലാണ് റിസോർട്ടുകളുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ജില്ലയിൽ റിസോർട്ട് ഇല്ലാത്ത സ്ഥലം അന്വേഷിക്കുകയാവും ഭേദം. തുറന്ന മൃഗശാലയാണ് ജില്ലയിപ്പോൾ. ഏത് വന്യജീവി വേണേലും എവിടെയും പ്രത്യക്ഷപ്പെടാം. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടു പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാനകൾ ഹാലിളകി നാട്ടിലെത്തുന്നതിന്റെ കാരണം വിദ്ഗധനെ ഉദ്ധരിച്ച് ജനം ടി.വിയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നു. വയനാട്ടിലെ റിസോർട്ടുകൾക്ക് കടിഞ്ഞാൺ വരുന്നു എന്ന ശീർഷകത്തിലെ വാർത്തയിൽ പറയുന്നത് ജില്ലയിലെ റിസോർട്ടുകളിൽ രാത്രി വൈകി നടക്കുന്ന ഡി.ജെ പാർട്ടികളാണ് ആനകളെ പ്രകോപിപ്പിക്കുന്നതെന്നാണ്. രാത്രിയിലെ നിശ്ശബ്ദതയിൽ ശാന്തമായി സ്വപ്‌നം കണ്ട് കിടന്നുറങ്ങുന്ന ആനകളെ ഈ ശബ്ദം അസ്വസ്ഥമാക്കുന്നു. അങ്ങനെ ഇറങ്ങി പുറപ്പെടുന്ന കാട്ടാനകളാണ് പ്രശ്‌നമുണ്ടാക്കുന്നത്. അതായത് സന്ധ്യ കഴിഞ്ഞാൽ അനാവശ്യ ശബ്ദങ്ങളുണ്ടാക്കരുത്. രാത്രിയാത്രാ നിരോധനം പോലെ ഒരു സംവിധാനം മതി. പറ്റുമെങ്കിൽ സമീപം അവെയ്‌ലബിളായ ആനകളെ ഡി.ജെ പാർട്ടികളിൽ പങ്കെടുപ്പിക്കുകയുമാവാം. ഇതിന്റെ പേരിൽ കേരള വനം മന്ത്രി രാജിവെക്കേണ്ട ഒരാവശ്യവുമില്ല. ഇതിലും വലിയ പൂച്ചക്കാര്യം വന്നിട്ടും പിടിച്ചു നിന്നില്ലേ. 

***  ***  ***

പതിനേഴാം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോൾ സഭയ്ക്കകത്ത് ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പിമാർ. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും ശത്രുഘൻ സിൻഹയും ഇവരിൽ പെടും. ചർച്ചയിൽ കൂടുതൽ പങ്കെടുത്ത ആദ്യ അഞ്ചംഗങ്ങളിൽ ഒരാൾ കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രനാണ്. മിണ്ടാത്ത ഒമ്പതു പേരിൽ സണ്ണി ഡിയോൾ ഉൾപ്പെടെ ആറുപേരും ബി.ജെ.പി അംഗങ്ങളാണ്. ശത്രുഘ്‌നൻ ഉൾപ്പെടെ രണ്ടുപേർ തൃണമൂൽ കോൺഗ്രസിൽനിന്നും. ഒരാൾ എസ്.പി അംഗം. രമേശ് ചന്ദപ്പ ജിഗാജിനഗി, ബി.എൻ. ബച്ചെഗൗഡ, അനന്ത്കുമാർ ഹെഗ്ഡെ, വി. ശ്രീനിവാസ പ്രസാദ് (നാലുപേരും കർണാടകം), പ്രധാൻ ബറുവ (അസം) ദിവ്യേന്ദു അധികാരി, അതുൽകുമാർ സിങ് എന്നിവരാണ് മറ്റുള്ളവർ.
ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത ലോക്സഭാംഗം യു.പിയിൽനിന്നുള്ള ബി.ജെ.പി അംഗം പുഷ്‌പേന്ദ്ര സിങ് ചന്ദേൽ ആണ്. രണ്ടാമത് അന്തമാനിലെ കോൺഗ്രസ് അംഗം കുൽദീപ് റായ് ശർമ. ബി.എസ്.പി അംഗം മലൂക്ക് നാഗർ, ഡി.എം.കെ അംഗം ഡി.എൻ.വി. സെന്തിൽ കുമാർ, ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ, എൻ.സി.പി അംഗം സുപ്രിയ സുലെ എന്നിവരാണ് മറ്റുള്ളവർ. പാർട്ടി ഒരു പാരിതോഷികം പോലെ രാജ്യസഭയിലേക്ക് അയച്ച മലയാളികൾ കൂടുതൽ സംസാരിക്കുമെന്നാരും പ്രതീക്ഷിക്കേണ്ടതില്ല. 

***  ***  ***

മന്ത്രി കെ.ബി. ഗണേഷ് കുമാറും ഗതാഗത കമ്മീഷണറുമായുള്ള  ഭിന്നത  മറനീക്കി പുറത്തേക്ക്. കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മീഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 

***  ***  ***

പ്രായം തളർത്താത്ത വീര്യവുമായി ഒരു തൊണ്ണൂറ്റിയാറുകാരൻ. കോഴിക്കോട് തോരായി വെള്ളായിക്കോട്ട് ഗോപാലൻ നായർ ആണ് വയസ്സ് നൂറിനോട് അടുക്കുമ്പോഴും തൂമ്പയുമായി തെങ്ങിന് തടം എടുക്കുന്നത്. ദിവസവും 800 രൂപയ്ക്കു ഉച്ചപ്പണിയെടുക്കുന്ന ഗോപാലൻ നായർ അധ്വാനത്തിന്റെ വില യുവതലമുറയോട് വിളിച്ചു പറയുകയാണ്.
'അധ്വാനിക്കുന്ന ശരീരത്തിന് രോഗങ്ങളില്ല' എന്ന് പറയുന്നത് എത്ര സത്യം. ഗോപാലൻ നായർ തന്നെയാണ് അതിനു ഏറ്റവും വലിയ തെളിവ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല എന്ന് മാത്രമല്ല, ഉച്ചയാകുമ്പോഴേയ്ക്കും 800 രൂപയ്ക്കു പണിതു പണവും സമ്പാദിക്കുന്നു. ജോലി എടുപ്പിക്കുന്നവർക്കും പൂർണ തൃപ്തി. വർത്തമാന കേരളത്തിൽ എൺപതു വയസ്സ് എത്തുമ്പോഴേയ്ക്കും കിടപ്പുരോഗികളാകുന്ന ആളുകളാണ് മിക്കവരും. അവിടെയാണ് അധ്വാനം കൊണ്ട് പ്രായത്തെ തോൽപിക്കുന്ന ഗോപാലൻ നായരെ പോലുള്ളവർ മാതൃകയാവുന്നത്. അഞ്ചു മിനിറ്റ് പോലും വെയിലേൽക്കാൻ പറ്റാത്ത പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഗോപാലൻ നായർ. കേരളത്തിൽ ജോലി ചെയ്യാൻ, പ്രത്യേകിച്ച് മണ്ണിൽ പണിയെടുക്കാൻ യുവാക്കൾ തയാറാവാതെ വന്നതോടെയാണ് ബംഗാളികൾക്കൊക്കെ ഇവിടം ഗൾഫ് ആയത്. വിദേശത്തു പോയാൽ മാത്രം അധ്വാനിക്കാൻ തയാറാകുന്ന മലയാളികളുടെ ഈ മനോഭാവമാണ് കേരളത്തിലെ കാർഷിക മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
***  ***  ***

തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് മോഷ്ടിച്ച ദേശീയ പുരസ്‌കാരം തിരിച്ചെത്തിച്ച് മോഷ്ടാക്കൾ. കഴിഞ്ഞ ദിവസമാണ് സംവിധായകന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. സംഭവത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് മോഷ്ടാക്കൾ ദേശീയ അവാർഡ് തിരിച്ചു കൊണ്ടുവെച്ചത്.
ദേശീയ അവാർഡുകൾ പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനു മുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഉസലംപട്ടി ടൗൺ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മെഡൽ നഷ്ടപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയുമാണ് മോഷ്ടാക്കൾ മെഡലുകൾ തിരിച്ചെത്തിച്ചത്. 2014 ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2028 ൽ പുറത്തിറങ്ങിയ കടൈസി വ്യവസായിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

***  ***  ***

ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. പ്രാർത്ഥന, നക്ഷത്ര എന്നീ മക്കളും താര ദമ്പതികളും ദമ്പതികൾക്ക് പിറന്നു. വിവാഹ ശേഷം സിനിമ തിരക്കുകളിൽ നിന്നും മാറിനിന്ന പൂർണിമ പിന്നീട് ഫാഷൻ ഡിസൈനിംഗിലേക്കും കടന്നു. പൂർണിമ വീണ്ടും അഭിനയ രംഗത്ത് സജീവ സാന്നിധ്യമാവുകയാണ്. പൂർണിമയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്തിപ്പോൾ. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ. 
മക്കളെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. ഇന്നത്തെ യുവ തലമുറ വളരെ ഒപീനിയേറ്റഡ് ആണ്. അവർക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ച് വായിച്ചറിവും കണ്ടറിവും ഉണ്ട്. എന്ത് കാര്യത്തെക്കുറിച്ചും അവരോട് സംസാരിക്കുമ്പോൾ വ്യക്തമായ അഭിപ്രായം അവർക്കുണ്ട്. ഒരു കാര്യം അവരോട് ചെയ്യാൻ പറയുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചോദിക്കും. നമുക്കവരെ പറഞ്ഞ് കൺവിൻസ് ചെയ്യാൻ പറ്റണം. അങ്ങനെ ചെയ്താൽ അവർ സ്വീകരിക്കും. വളരെ പ്രോഗ്രസീവാണ് ഇന്നത്തെ തലമുറ. പ്രാർത്ഥനയോടും നക്ഷത്രയോടും എന്ത് കാര്യവും അച്ഛനെന്ന നിലയിൽ തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്നതിനെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്. നമ്മുടെ കൂടെയുള്ള വ്യക്തി എന്താണോ, അങ്ങനെ തന്നെ അംഗീകരിച്ച് അവരെ അങ്ങനെ ജീവിക്കാൻ അനുവദിക്കുക. ഒരുമിച്ച് ഒരു വീടിനകത്ത് നിൽക്കുമ്പോൾ പരസ്പരം മനസ്സിലാക്കേണ്ടതും അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്. അങ്ങനെ ചെയ്താൽ ഒരു വലിയ അളവ് വരെ റിലേഷൻഷിപ് വിജയകരമായി മുന്നോട്ട് പോകുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. പൊസസീവ്‌നെസ് കൊണ്ട് പ്രശ്‌നമുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനും ഇന്ദ്രജിത്ത് മറുപടി നൽകി.  
പൊസസീവ്‌നെസ് സ്‌നേഹത്തിന്റെ ഒരു ഭാഗമാണ്. അത് എല്ലാ പങ്കാളികൾക്കും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനപ്പുറം ഒരു പോയന്റ് വരുമ്പോഴാണ് നമുക്ക് ശ്വാസം മുട്ടൽ വരുന്നത്. 

***  ***  ***

2018 ഡിസംബർ ഒന്നിന് ആയിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ട രാജകീയ പ്രൗഢിയോടെയുള്ള വിവാഹത്തിനായി 4 കോടിയോളം രൂപയാണ് പ്രിയങ്കയും നിക്കും ചെലവഴിച്ചത്. എന്നാൽ ആർഭാടം അതിരു കടന്ന ഈ വിവാഹത്തിൽ താൻ ഖേദിക്കുന്നുവെന്ന് പറയുകയാണ് നിക് ജൊനാസ് ഇപ്പോൾ. പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവായത് കണ്ട് കണ്ണ് തള്ളിപ്പോയി എന്നാണ് നിക് പറയുന്നത്. ഗായകന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങൾ തോളിൽ കയറ്റിയിരുത്തി ഹാരം അണിയിക്കുന്ന ചടങ്ങ് മത്സര ബുദ്ധിയോടെയാണ് ചെയ്യുന്നത്. ആര് ആദ്യം അണിയിക്കുമെന്ന് മറ്റുള്ളവർ വിലയിരുത്തും.
തനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എങ്കിലും താൻ അത് ആസ്വദിച്ച് ചെയ്തു എന്നാണ് നിക് ജൊനാസ് പറയുന്നത്. പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്‌കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് ജൊനാസ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ട് പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം, നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹ സമയത്ത് ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

***  ***  ***

പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായ മേരിയായി എത്തിയ അനുപമ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അനുപമ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം തില്ലു സ്‌ക്വയറിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതീവ ഗ്ലാമറസായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ലിപ്ലോക്ക് രംഗങ്ങളും ഗ്ലാമർ രംഗങ്ങളും ഉൾപ്പെടുന്ന ട്രെയിലർ മലയാളികൾക്കിടയിലും ഇപ്പോൾ ട്രെൻഡിംഗാണ്. 2023 ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദു ജൊന്നാലഗഢ ആണ് നായകൻ. ചിത്രം മാർച്ച് 29 ന് തിയേറ്ററുകളിലെത്തും. ജയം രവി നായകനാകുന്ന സൈറൺ എന്ന തമിഴ് ചിത്രമാണ് അനുപമയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈഗിൾ എന്ന തെലുങ്കു ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. കോടികളുടെ ആസ്തിയുള്ള തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ പാത പിൻപറ്റുക മാത്രമാണ് അനുപമയും ചെയ്യുന്നത്. തമിഴിലെ മെഗാ സ്റ്റാറിനൊപ്പം അഞ്ച് മിനിറ്റ് ഗ്ലാമറസ് നൃത്ത രംഗത്തിന് കോടി പ്രതിഫലം വാങ്ങിയ മുൻഗാമികൾക്കിടയിൽ അനുപമ മാത്രം വേറിട്ട് നിൽക്കേണ്ട കാര്യമില്ലല്ലോ. 

***  ***  ***

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' തിയേറ്ററുകളിൽ എത്തി. ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തുന്നുണ്ട്. ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ നായകനായ ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടിയെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഹരിശ്രീ അശോകന്റെ ആദ്യ പ്രതികരണമാണ് പുറത്തു വന്നിരിക്കുന്നത്. അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഭ്രമയുഗത്തിലേതെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇത് തീർച്ചയായിട്ടും മകന്റെ കരിയർ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വെച്ച് ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. 'എല്ലാം ഗംഭീരം. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു' -ഹരിശ്രീ അശോകൻ പറഞ്ഞു. മമ്മൂക്കയെ സമ്മതിക്കണം. ഇപ്പോൾ വെറൈറ്റിയല്ലേ മമ്മൂട്ടി ചെയ്യുന്നത്. കാതൽ പോലുള്ള സിനിമകളിൽ ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മനസ്സിനെ സമ്മതിക്കണം. അതാണ് യഥാർത്ഥ ആർട്ടിസ്റ്റ്. അതുകൊണ്ടാണ് ഇവർക്കും അവസരങ്ങൾ കിട്ടുന്നതെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി. ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായക. 

***  ***  ***

ബിഗ് ബോസ് മലയാളം സീസൺ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.  ഇപ്പോൾ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്.  മത്സരാർത്ഥികൾക്കായുള്ള പ്രാഥമിക ഓഡിഷനുകൾ ജനുവരി 17, 18 തീയതികളിൽ നടന്നുവെന്നാണ് റിപ്പോർട്ട്. ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ബിഗ് ബോസ് മല്ലുവിലെ രേവതി പറയുന്നത് മാർച്ച് 10 ന് തന്നെ ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിക്കുമെന്നാണ്. 9 ാം തീയതി മത്സരാർത്ഥികൾ ചെന്നൈയിലെ ബിഗ് ബോസ് വീട്ടിലേക്ക് കയറുമെന്നും രേവതി പറയുന്നു. മാർച്ച് 3 ാം തീയതി മത്സരാർത്ഥികൾ ചെന്നൈയിലേക്ക് പുറപ്പെടുമെന്നും ലാലേട്ടന്റെ ഷൂട്ടും 9 ാം തീയതി ആയിരിക്കുമെന്നും പറയുന്നു. 25 പേർ ഉണ്ടാകുമെന്നാണ്  വിവരം. പത്താം തീയതി ഏഴ് മണിക്ക് ലോഞ്ച് ആരംഭിക്കുമെന്നും രേവതി പറയുന്നു. സോഷ്യൽ മീഡിയിൽ ബിഗ് ബോസ് 6 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ടി.വി സീരിയൽ താരങ്ങളായ ബീന ആന്റണി, അൻഷിത ആൻജി. ദയ്യാന ഹമീദ്,  നടൻ ജീത്തു വേണു ഗോപാൽ വരെയുള്ളവരുടെ പേരുകളുണ്ടിതിൽ. സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ, അസ്ല മാർലി, ജാസ്മിൻ ജാഫർ, ആറാട്ട് അണ്ണൻ, അമല ഷാജി എന്നിവരുടെ പേരുകളും കേൾക്കുന്നു. ആറാട്ട് അണ്ണന്റെ കരിയർ ഗ്രാഫ് പുതിയ തലമുറയ്ക്ക് പാഠപുസ്തകമാണ്. 

Latest News