Sorry, you need to enable JavaScript to visit this website.

രാജ്യസഭയിലേക്ക് എന്തുകൊണ്ട് മുസ്ലിം സ്ഥാനാര്‍ഥിയില്ല; സമാജ് വാദി പാര്‍ട്ടിക്കെതിരെ പ്രതിഷേധം

ലഖ്‌നൗ- സമാജ്‌വാദി പാര്‍ട്ടി (എസ്.പി) രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ മുസ്ലിമിനെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ശഹാബുദ്ദീന്‍ റസ് വി ബറേല്‍വി.  ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എസ്.പിക്ക് സ്ഥിരം പിന്തുണ നല്‍കുന്ന സമുദായം രണ്ട് സീറ്റുകള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  
പാര്‍ട്ടി നേതാക്കള്‍ക്കയച്ച കത്തില്‍ എസ്പിയുടെ മുസ്ലിം വിരുദ്ധ മനോഭാവം ശഹാബുദ്ദീന്‍ റസ് വി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം  നിയമസഭാ തെരഞ്ഞെടുപ്പില്‍ 98% മുസ്ലിംകള്‍ എസ്പിക്കാണ് വോട്ട് ചെയ്തതെന്നും നിങ്ങളുടെതടക്കം നിരവധി സമുദായങ്ങള്‍ ബി.ജെ.പിയിലേക്ക് നീങ്ങിയ തെരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകള്‍ നേടാന്‍ ഇതാണ് സഹായിച്ചതെന്നും റസ് വി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഓര്‍മിപ്പിച്ചു. ഇതൊക്കെയാണെങ്കിലും, രാജ്യസഭയിലെ മൂന്ന് സീറ്റുകളില്‍ ഒരു മുസ്ലിമിനെപ്പോലും നാമനിര്‍ദ്ദേശം ചെയ്യേണ്ടെന്ന് നിങ്ങള്‍ തീരുമാനിച്ചു. സമുദായത്തിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടായിരിക്കെ മുസ്ലിം വിരുദ്ധ മനോഭാവത്തില്‍  വേദനിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ എഴുതി.
കോണ്‍ഗ്രസ് പോലുള്ള ദേശീയ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ എസ്പി ഇന്ത്യാ സഖ്യത്തെ  ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
 ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മുന്‍ എംപി റാം ജി ലാല്‍ സുമന്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍, ബോളിവുഡ് താരം ജയ ബച്ചന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വമാണ് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജനറല്‍ സെക്രട്ടറി ശിവ്പാല്‍ സിംഗ് യാദവ് തുടങ്ങിയവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാന നിയമസഭാ സമുച്ചയത്തിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

 

Latest News