Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ യാത്രാ വിലക്ക് നീങ്ങി; ബി. ആര്‍ ഷെട്ടി യു. എ. ഇയിലേക്ക് മടങ്ങും

ബെംഗളൂരു- കര്‍ണാടക ഹൈക്കോടതി കര്‍ശന ഉപാധികളോടെ യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെ എന്‍എംസി സ്ഥാപകന്‍ ബി. ആര്‍ ഷെട്ടി യു. എ. ഇയിലേക്ക് മടങ്ങും. ബി. ആര്‍ ഷെട്ടി വായ്പ തിരിച്ചടയ്ക്കാനുള്ള നടപടികള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് വിദേശത്തേക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 

ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കും പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലറുകളും അബുദാബി ആസ്ഥാനമായ എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകന്‍ ഷെട്ടിക്കെതിരെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നല്‍കിയ അംഗീകാരവും കോടതി വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സോപാധിക അനുമതി നല്‍കുകയും ചെയ്തു. 

തനിക്കെതിരെ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഷെട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് ചികിത്സയ്ക്കായി അബുദാബിയില്‍ പോകാന്‍ യാത്രാ വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

2021ല്‍ ഷെട്ടിയുടെ കമ്പനികള്‍ക്ക് ഏകദേശം 28 ബില്യണ്‍ രൂപ കുടിശ്ശികയുള്ള രണ്ട് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ ലുക്ക്ഔട്ട് സര്‍ക്കുലറുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വിടുന്നത് വിലക്കിയ ഇമിഗ്രേഷന്‍ ബ്യൂറോയുടെ നടപടിക്കെതിരായ ഷെട്ടിയുടെ ഹര്‍ജി സംസ്ഥാന ഹൈക്കോടതി നേരത്തെ നിരസിക്കുകയായിരുന്നു. 

2020 നവംബര്‍ 14ന് ഇന്ത്യന്‍ ഇമിഗ്രേഷന്‍ അധികൃതര്‍  വായ്പയുടെ വീഴ്ചയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നല്‍കിയ ലുക്കൗട്ട് സര്‍ട്ടിഫിക്കറ്റുകളുടെ  അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പറക്കാനുള്ള അനുമതി തടയുകയായിരുന്നു.

2019-ല്‍ ഫോര്‍ബ്സ് നാല് ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഷെട്ടിക്ക് കണക്കാക്കിയത്. എന്നാല്‍  കടക്കെണിയിലായ എന്‍എംസി ഹെല്‍ത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ലണ്ടനില്‍ കേസ് നേരിടുന്നുണ്ട്. 2023 ജൂലൈയില്‍ ഷെട്ടിക്കും അതിന്റെ മുന്‍ സിഇഒ പ്രശാന്ത് മംഗട്ടിനുമെതിരെ നാല് ബില്യണ്‍ ഡോളര്‍ വ്യവഹാരം ഫയല്‍ ചെയ്തു. 

ഷെട്ടി 1974-ല്‍ അബുദാബിയില്‍ സ്ഥാപിച്ച എന്‍എംസി ഹെല്‍ത്ത്, മിഡില്‍ ഈസ്റ്റില്‍ ആശുപത്രികള്‍ നടത്തുന്ന ലണ്ടനില്‍ ലിസ്റ്റുചെയ്ത ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്ററായിരുന്നു. 

ബാങ്കുകളുടെ ലുക്കൗട്ട് നോട്ടീസുകളല്ലാതെ വിദേശയാത്രയ്ക്ക് മറ്റ് നിയന്ത്രണങ്ങളില്ലെങ്കില്‍ ഷെട്ടിയെ വിദേശത്തേക്ക് പോകാന്‍ കര്‍ണാടക ഹൈക്കോടതി അനുവദിച്ചു. എന്നാല്‍ ലോകത്തെവിടെയും വെളിപ്പെടുത്താത്തത് ഉള്‍പ്പെടെയുള്ള സ്വത്തുക്കളില്‍ ഇടപെടുകയില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം നിയമ നടപടികള്‍ക്ക് ഇന്ത്യയിലേക്ക് തിരികെ വരണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു. 

ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ ഇതുവരെ ക്രിമിനല്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഷെട്ടി ഒരു കാരണവശാലും എതിര്‍ക്കരുതെന്നും വിശദമാക്കി. 

ഹര്‍ജിക്കാരനെതിരെ ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകന്‍ ഇന്ത്യന്‍ പൗരനും വിദേശയാത്രയ്ക്ക് യോഗ്യനും എണ്‍പത് വയസ്സുകാരനായതിനാല്‍ ഭാര്യയോടും മക്കളോടും ഒപ്പം താമസിക്കേണ്ടതുള്ളതിനാല്‍  യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

Latest News