Sorry, you need to enable JavaScript to visit this website.

പ്രകൃതി വാതക വിലയിൽ വൻ ഇടിവ്


പുതുവർഷാരംഭത്തിനു ശേഷം പ്രകൃതി വാതക വില 24 ശതമാനം ഇടിഞ്ഞു.  മുഖ്യ വിപണന കേന്ദ്രമായ ന്യൂയോർക് മെറ്റീരിയൽ എക്‌സ്‌ചേഞ്ചിൽ കഴിഞ്ഞ വാരം വാതക വില രണ്ടു ഡോളറിൽ താഴെയായി. 2020 സെപ്‌തംബറിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. ചെറുകിട വിൽപനക്കാർ പിൻവാങ്ങിയതും യുഎസിൽ കാലാവസ്ഥ പതിവിലും ചുടേറിയതാകുമെന്ന പ്രതീക്ഷയിൽ ആവശ്യക്കാർ കുറഞ്ഞതും ഉൽപാദനം വർധിക്കുമെന്ന കണക്കു കൂട്ടലും പ്രകൃതി വാതക വിലയെ ബാധിച്ചു. 
കഴിഞ്ഞ വർഷം ഉടനീളം പ്രകൃതി വാതക വില സമ്മർദ്ദം നേരിടുകയായിരുന്നു. ഡിമാന്റ്- വിതരണ സന്തുലനത്തിലുണ്ടായ പ്രശ്‌നങ്ങൾ കാരണം വില നിലവാരം 3.65 ഡോളറിനും 1.94 ഡോളറിനുമിടയിൽ  വ്യതിചലിച്ചു. ആഭ്യന്തര എംസിഎക്‌സ് വിലയിലും ഇത്തരം മാറ്റങ്ങൾ അനുഭവപ്പെട്ടു. 
പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളായ അമേരിക്കയിലും യൂറോ മേഖലയിലും പതിവിലും കൂടുതൽ ചൂടനുഭവപ്പെട്ടതിനാൽ ഡിമാന്റിൽ വന്ന കുറവ്, യൂറോപ്പിലെ വ്യാവസായിക ഉപയോഗത്തിൽ വന്ന മാന്ദ്യം, യുഎസിൽ നടന്ന റിക്കാർഡുൽപാദനം, കയറ്റുമതി എന്നീ ഘടകങ്ങൾ ആഗോള തലത്തിൽ വാതക വില കുറയാനിടയാക്കി. 
കാലാവസ്ഥാ വ്യതിയാനത്തിന് പ്രകൃതി വാതക ഡിമാന്റിനെ കാര്യമായി സ്വാധീനിക്കാൻ കഴിയും. കഴിഞ്ഞ വർഷം യൂറോപ്പിലും അമേരിക്കയിലും അനുഭവപ്പെട്ട പതിവിൽക്കവിഞ്ഞ ചൂട് ഉപഭോഗം കുറച്ചു. ചൂടു പകരുന്ന 
സംവിധാനങ്ങൾക്ക് ആവശ്യമായതിനാൽ യുഎസിലും യൂറോപ്പിലും അനുഭവപ്പെടുന്ന തണുപ്പുകാലമാണ് പ്രാഥമികമായി പ്രകൃതി വാതക വില വർധിപ്പിക്കാറുള്ളത്.  
വ്യാവസായിക പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ, അനുഭവപ്പെടുന്ന ഗതി മാന്ദ്യം വിലകൾക്ക് അധിക സമ്മർദ്ദം സൃഷ്ടിക്കുന്നു.  വായ്പാ ചിലവിലെ വർധനയും കൂടിയ ഊർജ്ജ വിലയും യൂറോപ്പിലുടനീളം വ്യാവസായിക പ്രവർത്തനങ്ങളിൽ ഒരു വർഷത്തോളമായി മാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട്. ലഭ്യതക്കുറവിനെച്ചൊല്ലിയുണ്ടായിരുന്ന ഭയം നീങ്ങിയതും ചൂടാക്കുന്നതിനുള്ള ആവശ്യം കുറഞ്ഞതുമാണ് യൂറോ മേഖലയിൽ വാതക ഡിമാന്റ് കുറയാനിടയാക്കിയത്.  
ഊർജ വിവര കൈകാര്യ സമിതിയുടെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച്, യൂറോപ്പിലെ വാതക ഡിമാന്റ് കഴിഞ്ഞ വർഷം 7 ശതമാനം കുറഞ്ഞു. 1995 നു ശേഷമുണ്ടായ ഏറ്റവും വലിയ കുറവായിരുന്നു ഇത്.  പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ അതിവേഗ വികസനം, ആണവ ഇന്ധനത്തിന്റെ ലഭ്യതയിലുണ്ടായ വർധന  എന്നീ ഘടകങ്ങളും യൂറോപ്പിൽ നിന്നും പ്രധാന ഏഷ്യൻ വിപണികളിൽ നിന്നുമുള്ള ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്.  
ചൈനയുടെ വാതക ആവശ്യം 2023ൽ 7 ശതമാനം വർധിച്ചു. മഹാമാരിയെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കുറയുകയും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതിക്കാർ എന്ന പേര് ചൈന വീണ്ടെടുത്തിട്ടുണ്ട്.  കഴിഞ്ഞ പതിറ്റാണ്ടിൽ പ്രകൃതി വാതകത്തിന്റെ ഉൽപാദനം വർധിച്ചു വരികയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദകരും കയറ്റുമതിക്കാരുമായ അമേരിക്കയിൽ 2023ൽ വൻ തോതിൽ ഉൽപാദനം നടന്നതിനെത്തുടർന്ന് വില കുറച്ചു വിൽക്കേണ്ടി വരുമെന്ന ഭീഷണി പോലും നേരിട്ടിരുന്നു. 
ആഗോള തലത്തിൽ പ്രകൃതി വാതകത്തിന്റെ ഡിമാന്റ് ഈ വർഷം വർധിക്കുമെന്നാണ് കരുതുന്നത്.  
ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്  2024ൽ പ്രകൃതി വാതകത്തിന്റെ ആഗോള ഡിമാന്റ് 2.5 ശതമാനം വളരാനിടയുണ്ട്.  കൂടുതൽ തണുപ്പുള്ള ശൈത്യകാലം, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കൂടിയ ഡിമാന്റു പ്രതീക്ഷ, വ്യാവസായിക മേഖലയിൽ നിന്നുള്ള ഡിമാന്റ് എന്നിവ വില വർധനയ്ക്കിടയാക്കുമെന്നാണ് പ്രതീക്ഷ. 2024ൽ ഉൽപാദനവും കുറയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉൽപാദന വർധന 2016-20 കാലഘട്ടത്തിൽ കണക്കാക്കിയിരുന്ന 8 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറയാനിടയുണ്ട്. 
എന്തായാലും ആഗോള സംഘർഷങ്ങൾക്കും വിതരണ തടസങ്ങൾക്കുമിടയിൽ ഈ വർഷം പ്രകൃതി വാതക വിലയിൽ കൂടിയ തോതിലുള്ള അസ്ഥിരതയ്ക്കു തന്നെയാണ് സാധ്യത. റഷ്യയുടെ ഉക്രെയിൻ ആക്രമണം പോലുള്ള സംഘർഷങ്ങൾ, മിഡിലീസ്റ്റിലെ യുദ്ധം, വാതക പൈപ്പ്‌ലൈൻ സംവിധാനങ്ങൾ ആക്രമിക്കപ്പെടുന്നത് എന്നിവയെല്ലാം ഈ വർഷം വാതക വില കൂടുതൽ അസ്ഥിരമാക്കാൻ ഇടയുണ്ട്.  

(ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News