തിരുവനന്തപുരം- ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കിയതിന് പിന്നാലെ സൃഷ്ടിച്ചെടുത്ത സംഘർഷത്തിലൂടെ നിയമഭാഷയിലെ വംശഹത്യ നടപ്പാക്കാനാണ് സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി.
ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ ഏക സിവിൽ കോഡ് പാസാക്കിയിരിക്കുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ സ്വാതന്ത്ര്യങ്ങളെ ഒരു സംസ്ഥാന സർക്കാർ തീർത്തും ജനാധിപത്യ വിരുദ്ധമായി ഹനിക്കുകയാണ്. രാജ്യത്ത് വിവിധ ജനസമൂഹങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത വ്യക്തിനിയമങ്ങൾ നിലവിലിരിക്കെ ഒരു സംസ്ഥാനം എങ്ങനെയാണ് ഒരു സിവിൽ കോഡ് അടിച്ചേൽപ്പിക്കുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ചോദിച്ചു.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉത്തരാഖണ്ഡിനെ ഒരു പരീക്ഷണ ശാലയായിട്ടാണ് കാണുന്നത്. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗങ്ങളെ ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഏക സിവിൽ കോഡ് എന്ന ആശയത്തെതന്നെ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഒരു സംസ്ഥാന സർക്കാരിന്റെ കാർമികത്വത്തിൽ നടന്നിരിക്കുന്നത്.
ഏക സിവിൽ കോഡ് പാസാക്കിയതിന് തൊട്ടുടനെയാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മുസ്‌ലിം സമൂഹത്തിന് നേരെ ഇപ്പോൾ ഭരണകൂടം അതിക്രമങ്ങൾ അഴിച്ചു വിട്ട് കൊണ്ടിരിക്കുന്നത്. ഇതിനോടകം 5 പേർ പോലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെട്ടതായാണ് വാർത്ത. ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളി മദ്രസ കെട്ടിടങ്ങൾ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ബുൾഡോസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷം മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ നാലായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചിരുന്നു. ഏതാണ്ട് അമ്പതിനായിരത്തോളം മുസ്‌ലിംകളെ പെരുവഴിയിലാക്കുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും നിയമനടപടിക്രമങ്ങൾ നടന്നു വരുകയുമാണ്. ഇതിനിടയിലാണ് മുസ്‌ലിം മേഖലകളിൽ ബുൾഡോസിംഗുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത് -റസാഖ് പാലേരി പഞ്ഞു.
ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡും ബുൾഡോസിംഗും മുസ്‌ലിം വംശഹത്യപദ്ധതിയുടെ ഭാഗമാണ്. അവിടുത്തെ മുസ്‌ലിം സഹോദരങ്ങളോട് ഐക്യപ്പെടുന്നു. നിയമഭാഷയിൽ മുസ്‌ലിം വംശഹത്യ നടപ്പിലാക്കുന്ന സംഘ്പരിവാറിന്റെ വംശീയതക്കെതിരിൽ മതേതര സമൂഹം തെരുവുകൾ ശബ്ദമുഖരിതമാക്കേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ചൂണ്ടിക്കാട്ടി.