കല്പറ്റ-1983ല്‍ ഇന്ത്യക്കായി ലോക കീരിടം നേടിയ ക്രിക്കറ്റ് ടീമിന്റെ നായകന് കപില്‍ദേവ് 14ന് വയനാട്ടില്‍. വിനോദസഞ്ചാര രംഗത്ത് ശ്രദ്ധ നേടുന്ന മോറിക്കാപ്പ് ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോര്‍ട്ട് 'ലോര്‍ഡ്സ് 83' ഉദ്ഘാടനം ചെയ്യുന്നതിനാണ് കപില്‍ എത്തുന്നത്. കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമാണ് റിസോര്‍ട്ട്. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങ് അവിസ്മരണീയമാക്കുന്നതിനു ഒരുക്കം തകൃതിയിലാണെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റിസ്വാന് ഷിറാസ്, ചെയര്മാന് നിഷിന് തസ്ലിം, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ റോഷന് ഫവാസ്, സി.കെ. ഹമീം എന്നിവര്‍ അറിയിച്ചു.
1983 ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ സ്മാരകം എന്ന നിലയിലുമാണ് 'ലോര്‍ഡ്സ് 83' സജ്ജമാക്കിയതെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് മേധാവികള്‍ പറഞ്ഞു. 1983 ലോക കപ്പ് ക്രിക്കറ്റ് കലാശക്കളി നടന്ന ലോര്‍ഡ്സ് മൈതാനത്തിന്റെ മാതൃകയിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ളതാണ് സൗകര്യങ്ങള്‍. അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ വിന്ഡാമുമായുള്ള സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.