Sorry, you need to enable JavaScript to visit this website.

അതിശൈത്യം; തേയില ഉൽപാദനം സ്തംഭിച്ചു

മലയോര മേഖല വീണ്ടും ശൈത്യത്തിന്റെ പിടിയിൽ അകപ്പെട്ടത് തേയില ഉൽപാദനം സ്തംഭിപ്പിച്ചു. ഡിസംബറിലെ കൊടുംതണുപ്പിൽ നിന്നും രക്ഷനേടിയെന്ന് തോട്ടം മേഖല കണക്ക് കൂട്ടിയ ഘട്ടത്തിലാണ് ജനുവരി അവസാനം മഞ്ഞ് വീഴ്ച വീണ്ടും ശക്തി പ്രാപിച്ചത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തേയില തോട്ടം മേഖല പൂജ്യം താപനിലയിലേയ്ക്ക് നീങ്ങിയതിനാൽ കൊളുന്ത് നുള്ള് പല എസ്‌റ്റേറ്റുകളിലും നിർത്തിവെച്ചു. ജനുവരി രണ്ടാം പകുതിയിൽ തെളിഞ്ഞ കാലാവസ്ഥ ഉൽപാദനത്തിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന തോട്ടങ്ങൾ പ്രതീക്ഷിച്ച അവസരത്തിലാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. 
അതിശൈത്യം മൂലം ഇടുക്കിയിലെ പല തോട്ടങ്ങളും കൊളുന്ത് നുള്ളിൽ നിന്നും പിൻതിരിഞ്ഞു. ഉൽപാദനത്തിലെ കുറവ് ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ചരക്ക് വരവിനെ ബാധിക്കും. ലഭ്യത കുറയുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയാണ്. 
തേയില വിദേശ വ്യാപാര രംഗം അൽപം ആശങ്കയിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രൂക്ഷമായ പശ്ചാത്തലത്തിൽ കപ്പൽ കമ്പനികൾ ചരക്ക് കൂലി കുത്തനെ ഉയർത്തി. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻ ിർത്തി ഇൻഷുറൻസ് കമ്പനികൾ സർചാർജ് കൂടി ഏർപ്പെടുത്തിയത് രാജ്യാന്തര തലത്തിൽ ബയ്യർമാരെ പിന്നോക്കം വലിക്കുന്നു. 
ഇന്ത്യൻ തേയില വ്യവസായത്തിന്റെ  നെടുംതൂണാണ് വിദേശ വ്യാപാരം. അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവ വികാസങ്ങൾ ഇന്ത്യൻ തേയിലയെ കാര്യമായി ബാധിക്കും. ദക്ഷിണേന്ത്യയിലെ അതേ കാലാവസ്ഥ തന്നെയായതിനാൽ ശ്രീലങ്കയിലും ഉൽപാദനത്തിൽ കുറവ് സംഭവിക്കും. 
രാജ്യാന്തര തലത്തിൽ ടയർ ഭീമൻമാർ റബറിനായി പരക്കം പായുന്നതിനിടയിൽ വില ഇടിച്ച് ചരക്ക് എങ്ങനെ കൈക്കലാക്കമെന്ന ചിന്തയിൽ ഇന്ത്യൻ വ്യവസായികൾ. മുഖ്യ കയറ്റുമതി രാജ്യമായ തായ്‌ലന്റിൽ ഷീറ്റിന് ആവശ്യം വർധിച്ചതോടെ ബാങ്കാക്കിൽ വില 18,100 രൂപയിലേയ്ക്ക് മുന്നേറി. 
ലഭ്യത കുറവും ആവശ്യക്കാരുടെ മത്സരിച്ചുള്ള സംഭരണവും കണക്കിലെടുത്താൽ പത്ത് ശതമാനം വില ഇനിയും ഉയരാം.  ജാപ്പനീസ് മാർക്കറ്റിൽ ബുള്ളിഷ് ട്രൻറ് നീങ്ങുന്ന റബർ 267 ലെ സപ്പോർട്ട് നിലനിർത്തി ഈ വർഷത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കുമെന്ന് പ്രതീക്ഷിക്കാം. വിപണി സാങ്കേതികമായി ഓവർ ബ്രോട്ടായത് തിരുത്തലിന് അവസരം ഒരുക്കുമെന്ന് മുൻവാരം സൂചിപ്പിച്ചിരുന്നു. തിരുത്തലുകൾ പൂർത്തിയാവുന്നതോടെ 292 യെന്നിലെ പ്രതിരോധം മറികടക്കാനുള്ള കരുത്ത് റബർ കൈവരിക്കും.   
സംസ്ഥാനത്തെ വിപണികളിൽ ഷീറ്റ് വരവ് കുറഞ്ഞു. വില ഉയരുന്നത് കണ്ട് കർഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് പിടിച്ചു. 
ഇതിനിടയിൽ ഉൽപാദനത്തിലെ കുറവ് സംഭവിച്ചതിനാൽ മികച്ചയിനം റബർ വില കിലോ 190 ലേയ്ക്ക് ഉയരേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. എന്നാൽ വ്യവസായികൾ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാവും. നാലാം ഗ്രേഡ് 16,500 രൂപ വരെ കയറി. അഞ്ചാം ഗ്രേഡ് 16,000 രൂപയിലാണ്. 
കുരുമുളക് വില ക്വിന്റലിന് 55,600 രൂപയായി ഇടിഞ്ഞു. വിളവെടുപ്പിന് തുടക്കം കുറിച്ച തക്കത്തിന് ഉത്തരേന്ത്യൻ വാങ്ങലുകാർ നിരക്ക് താഴ്ത്താൻ സമ്മർദ്ദം ചെലുത്തി. വിപണിയിലെ തളർച്ചയ്ക്ക് ഇടയിൽ കൂർഗിൽ നിന്നും ഹസ്സനിൽ നിന്നുമുള്ള സ്‌റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കിയതും തിരിച്ചടിയായി. ഈ മാസം രണ്ടാം പകുതിയിൽ കാർഷിക മേഖലയിൽ നിന്നുള്ള കുരുമുളക് വരവ് ഉയരുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. രണ്ടാഴ്ചക്കിടയിൽ ക്വിന്റലിന് 3400 രൂപയാണ് കുരുമുളകിന് വില കുറഞ്ഞത്.  
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7000 ഡോളറാണ്. വിയറ്റ്‌നാം 4000 ഡോളറിനും ഇന്തോനേഷ്യ 4400 ഡോളറിനും ബ്രസീൽ 3700 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി സമൂഹവും ജനുവരിയിലും വൻ ആവേശതോടെയാണ് ഏലക്ക ലേല കേന്ദ്രങ്ങളിൽ നിന്നും വാരികൂട്ടിയത്. വിളവെടുപ്പ് അവസാന ഘട്ടത്തിലായതിനാൽ പരമാവധി ചരക്ക് കരുതൽ ശേഖരത്തിൽ എത്തിക്കാൻ മധ്യവർത്തികൾ ഉത്സാഹിച്ചു. മാസാവസാനത്തിൽ ഉൽപാദന മേഖലയിൽ നിന്നുള്ള ഏലക്ക നീക്കം ചുരുങ്ങുമെന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാം. വാരാന്ത്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 1532 രൂപയിലും മികച്ചയിനങ്ങൾ 2277 രൂപയിലും കൈമാറി. 
നാളികേരരോൽപന്നങ്ങളുടെ വില ഉയർന്നു. മാസാരംഭമാണെങ്കിലും പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപന മന്ദഗതിയിലാണ്. ഏതാനും ദിവസങ്ങളായി മില്ലുകാർ എണ്ണ വില ഉയർത്തുന്നുണ്ടങ്കിലും മുന്നേറ്റം താൽക്കാലികമെന്ന നിലപാടിലാണ് ഒരു വിഭാഗം ഇടപാടുകാർ. കൊപ്ര  9200 രൂപയിൽ നിന്ന് 9400 രൂപയായി. വെളിച്ചെണ്ണ വില 13,900 രൂപ. 
കേരളത്തിൽ സ്വർണ വില ഉയർന്നു. പവൻ  46,240 രൂപയിൽ നിന്ന് 46,640 ലേയ്ക്ക് കയറിയ ശേഷം ശനിയാഴ്ച 46,480 രൂപയിലാണ്. 

Latest News