Sorry, you need to enable JavaScript to visit this website.

ജലച്ചായത്തിൽ വിസ്മയം തീർക്കുന്ന കലാകാരൻ

മനോജ് കുമാർ
മനോജ് കുമാറിന്റെ രചനകൾ
മനോജ് കുമാറിന്റെ രചനകൾ
മനോജ് കുമാർ കുടുംബത്തോടൊപ്പം.

ചായവും ബ്രഷും മാത്രമല്ല കാൽപനിക ഭാവനയും ഈ കലാകാരന്റെ വർക്കുകളുടെ ചാരുത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏറെ പരിപൂർണതയോടെയാണ് അദ്ദേഹം ഓരോ വർക്കും പൂർത്തിയാക്കുന്നത്. പൂർണതയിൽ ശ്രദ്ധിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വരച്ചുവെക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ രൂപപ്പെടുകയാണ്. കത്താറയിലും ഖത്തർ ഫൗണ്ടേഷനിലും സൂഖ് വാഖിഫിലുമൊക്കെ നടന്ന വിവിധ എക്സിബിഷനുകളുടെ ഭാഗമായ മനോജ് നിത്യവും ചിത്ര രചനയിൽ പുതുമ നേടുന്ന കലാകാരനാണ്. 
 

 


ഖത്തറിൽ ജലച്ചായത്തിൽ വിസ്മയം തീർക്കുന്ന കലാകാരനാണ് കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മനോജ് കുമാർ ബണ്ണാറ പുരയിൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഖത്തറിലെ കലാരംഗത്തെ നിറസാന്നിധ്യമായ മനോജ് കുമാർ സ്വദേശികളുടെ മനം കവർന്ന കലാകാരനാണ്. 
രാജ്യത്തെ വിവിധ ഫൈനാർട്സ് ഗ്രൂപ്പുകളിലും കലാസംഘങ്ങളിലും അംഗമായ മനോജ് പുതിയ കലകൾ കണ്ടും പഠിച്ചും നൂതനമായ ആവിഷ്‌കാരങ്ങളാണ് നിർവഹിക്കുന്നത്. കലയും സംസ്‌കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം നിഴലിക്കുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഈ കലാകാരന്റെ ഏറ്റവും വലിയ കൈമുതൽ. ഖത്തറിലെ നിരവധി പ്രമുഖ സ്വദേശി വീടുകളിലെ സ്വീകരണ മുറികളും മജ്‌ലിസുകളുമൊക്കെ മനോജിന്റെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടവയാണ്.
ഖത്തർ സയന്റിഫിക് ക്ളബ്ബിലെ സവിശേഷമായ ഒരു ആർട് പ്രോജക്ടിനായി 2002 ലാണ് മനോജ് ദോഹയിലെത്തിയത്. ജീവന്റെ ഉദ്ഭവവും വളർച്ചയും പ്രമേയമാക്കി 112 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള പടുകൂറ്റൻ പെയിന്റിംഗ് തയാറാക്കലായിരുന്നു ദൗത്യം. മനോജും മൂന്നു കൂട്ടുകാരും ചേർന്നാണ് അതിസാഹസികമായ ആ പെയിന്റിംഗ് പൂർത്തിയാക്കിയത്.
ഖത്തർ സയന്റിഫിക് ക്ളബ്ബിലെ ദൗത്യം വിജയകരമായി പൂർത്തീകരിച്ച മനോജ് ഖത്തറിലെ വിവിധ എക്സിബിഷനുകളിലും കലാ പ്രോജക്ടുകളിലും തന്റെ മികവ് തെളിയിക്കുകയും സ്വദേശികളായ നിരവധി കലാകാരന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഓയിൽ, അക്രിലിക് തുടങ്ങിയ എല്ലാ മീഡിയങ്ങളും മനോജിന് വഴങ്ങുമെങ്കിലും അധികമാളുകളും കൈവെക്കാൻ മടിക്കുന്ന ജലച്ചായത്തിലെ മികച്ച നിർവഹണത്തിലൂടെയാണ് മനോജ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. പാരമ്പര്യവും പ്രകൃതിയും മോഡേൺ കലാരൂപങ്ങളുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരന്റെ ഭാവനാവിലാസവും കലാനിർവഹണത്തിലെ സൂക്ഷ്മതയും ആസ്വാദകരെ അത്ഭുതപ്പെടുത്തും. എന്നും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങൾ നടത്താനാണ് മനോജിന് താൽപര്യം. സമയമെടുത്താണ് വർക് പൂർത്തിയാക്കുക. ഓരോ വശത്തിന്റേയും സുക്ഷ്മമായ നിരീക്ഷണത്തിലൂടെ ഒറിജിനാലിറ്റി ഉറപ്പു വരുത്തുന്നുവെന്നതാണ് ഈ കലാകാരന്റെ ഏറ്റവും വലിയ സവിശേഷത.
ചായവും ബ്രഷും മാത്രമല്ല, കാൽപനിക ഭാവനയും ഈ കലാകാരന്റെ വർക്കുകളുടെ ചാരുത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏറെ പരിപൂർണതയോടെയാണ് അദ്ദേഹം ഓരോ വർക്കും പൂർത്തിയാക്കുന്നത്. പൂർണതയിൽ ശ്രദ്ധിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വരച്ചുവെക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ രൂപപ്പെടുകയാണ്. കത്താറയിലും ഖത്തർ ഫൗണ്ടേഷനിലും സൂഖ് വാഖിഫിലുമൊക്കെ നടന്ന വിവിധ എക്സിബിഷനുകളുടെ ഭാഗമായ മനോജ് നിത്യവും ചിത്ര രചനയിൽ പുതുമ നേടുന്ന കലാകാരനാണ്.
സാധാരണ ചിത്രങ്ങൾ ആരും വരക്കും. എളുപ്പം വരക്കാവുന്ന ചിത്രങ്ങളാണ് അധികമാളുകളും വരക്കാൻ ഇഷ്ടപ്പെടുക. എന്നാൽ വെറൈറ്റി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മനോജ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ വർക്കുകൾ ചെയ്യാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. റിയലിസവും ഹൈപ്പർ റിയലിസവും ഇഷ്ടപ്പെടുന്ന മനോജ് ഒഴിവ് സമയങ്ങളിൽ കലാനിർവഹണത്തിന്റെ പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് പ്രവാസ ജീവിതം ധന്യമാക്കുന്നത്. ജലച്ചായത്തിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ഇരുത്തം വന്ന കലാകാരന്മാരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. ചുമർ ചിത്രങ്ങളിലും മിടുക്കനായ കലാകാരനാണ് മനോജ്.
പ്രകൃതിയുടെ സൗന്ദര്യമൊപ്പിയെടുക്കുന്ന ആത്മസംവേദനത്തിന്റെ വേറിട്ട കുറെ ചിത്രങ്ങളിലൂടെ സ്വദേശി കലാകാരന്മാരുടെ ഹൃദയം കീഴടക്കിയ ഈ കലാകാരൻ ഓരോ വർക്കിലും സ്വന്തമായ ചില മുദ്രകൾ കോറിയിടാൻ ശ്രദ്ധിക്കാറുണ്ട്. പ്രകൃതിയുടെ മനോഹാരിതയും കാൽപനികതയുടെ വിശാലതയും സമന്വയിപ്പിക്കുന്ന മനോജിന്റെ ചിത്രങ്ങൾ മഹത്തായ സന്ദേശങ്ങളാണ് സഹൃദയരുമായി പങ്കുവെക്കുന്നത്. കല കേവലം സൗന്ദര്യത്തിന്റെ സാക്ഷാൽക്കാരത്തിനപ്പുറം ആശയങ്ങളുടെ ആവിഷ്‌കാരവുമാണെന്നാണ് മനോജ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മനോജിന്റെ കാൻവാസിൽ വിരിയുന്ന ഓരോ ചിത്രവും വിപുലമായ ആശയവും പൊരുളുകളുമുള്ളതാണ്.
കലയെ ഏറെ ഗൗരവത്തോടെ സമീപിക്കുന്ന മനോജിന് കലയാണ് ജീവിതം. വരയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയും പുതിയ സംവിധാനങ്ങൾ പഠിച്ചും പ്രയോഗിച്ചുമൊക്കെയാണ് സർഗ സഞ്ചാരത്തിന്റെ സവിശേഷമായ വഴികളിലൂടെ മനോജ് മുന്നോട്ടു പോകുന്നത്. പല സ്വദേശികൾക്കും വേണ്ടി ചിത്രങ്ങൾ വരക്കുക മാത്രമല്ല, ആർട് ക്ളാസുകളും പരിശീലനങ്ങളും നൽകിയും മനോജ് കലാനിർവഹണത്തിൽ തന്റെ നിയോഗം നിറവേറ്റുന്നുണ്ട്.
പരമ്പരാഗത രീതിയിലുള്ള വർക്കുകൾക്കൊപ്പം മോഡേൺ ആർട്ടും സമന്വയിപ്പിച്ച് മനോജിന്റെ തൂലികയിലൂടെ പുറത്തുവരുന്ന ജീവനുള്ള ചിത്രങ്ങൾക്ക് ഖത്തറിലെ സ്വദേശികൾക്കിടയിൽ വമ്പിച്ച സ്വീകാര്യത ലഭിക്കുന്നുവെന്നത് പ്രത്യേക പരാമർശമർഹിക്കുന്നു. ചിത്രം വരക്കുന്നതിനും വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുമായി ദോഹയിലെ സൽവ റോഡിൽ സ്വന്തമായി ഓഫീസ് തുറന്നാണ് മനോജ് തന്റെ കലാസപര്യ തുടരുന്നത്.
കഴിഞ്ഞ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മനോജ് വരച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് കത്താറ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിയ മൽസരത്തിൽ മനോജിന്റെ ചിത്രം ഒന്നാം സമ്മാനം നേടി. ആഘോഷത്തിന്റെ സന്തോഷവും ഫലസ്തീനിലെ ദുരന്തങ്ങളും അനാവരണം ചെയ്താണ് ശ്രദ്ധേയമായ ആ ചിത്രം മനോജ് പൂർത്തിയാക്കിയത്. കാൻവാസിന്റെ ഇടതുവശം ആഘോഷങ്ങളുടെ പൊലിമ പ്രതിനിധാനം ചെയ്തപ്പോൾ വലതുവശം ഫലസ്തീനിലെ കരളയിലയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതീകവൽക്കരിച്ചത്.
ഖത്തറിൽ നടന്നുവരുന്ന പതിനെട്ടാമത് എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഭാഗമായി ഖത്താറ നടത്തിയ ലൈവ് പെയിന്റിംഗിൽ പങ്കെടുത്ത മനോജ് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് തന്റെ സൃഷ്ടി പൂർത്തിയാക്കിയത്.
ഏത് നല്ല കാഴ്ചകളും ഈ കലാകാരനെ ആകർഷിക്കുന്നു. പ്രകൃതി സൗന്ദര്യവും കാലാവസ്ഥ വ്യതിയാനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളുമൊക്കെ തന്റെ കാൻവാസിനെ അലങ്കരിക്കുമ്പോൾ കലയുടെ സാമൂഹ്യ ധർമമാണ് എടുത്ത് കാണിക്കുന്നത്.
ലോക നാഗരികതയുടെ ഈറ്റില്ലവും കേന്ദ്ര സ്ഥാനവും അവകാശപ്പെടാവുന്ന ഖത്തറിന്റെ മനോഹരമായ ചരിത്ര സ്മാരകങ്ങളൊക്കെ ഈ കലാകാരന്റെ കാൻവാസുകളിൽ പുനർജനിക്കുമ്പോൾ നാം വിസ്മയിച്ചു നിന്നുപോകും.
പ്രകൃതി അതിമനോഹരമാണ്. അതിന്റെ ഓരോ ഭാവങ്ങളും കലാഹൃദയങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കപ്പടാൻ അവസരമില്ലാതെ നഷ്ടപ്പെടുന്ന തരത്തിലുള്ള ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഭീഷണികൾ മാനവരാശിയുടെ മുന്നിൽ ചോദ്യ ചിഹ്നങ്ങളാകുമ്പോൾ മനോഹരമായ ദൃശ്യങ്ങളുടെ തന്മയത്വത്തോടെയുള്ള അവതരണത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ഈ കലാകാരൻ ഉയർത്തിപ്പിടിക്കുന്നത്. ഭൂമിയുടെ അവകാശികളായ ഓരോ ജീവജാലത്തിനും അതിന്റെ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ഓരോരുത്തരും അതിന്റെ കാവലാളുകളാവുകയും ചെയ്യുമ്പോൾ മാത്രമേ ഭൂമി സുന്ദരമായി നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ ഓർമപ്പെടുത്തുന്നു.
മരുഭൂമിയുടെ മനോഹാരിതയും അറബ് സംസ്‌കാരത്തിന്റെ ഗരിമയും കാൻവാസിൽ ഒപ്പിയെടുത്ത് തന്റെ ജീവിത മാർഗം കണ്ടെത്തുന്നതോടൊപ്പം കലയുടെ മഹത്വവും അടയാളപ്പെടുത്തിയാണ് മനോജിന്റെ പ്രവാസം സവിശേഷമാകുന്നത്. സ്വദേശികൾ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്ദേശ പ്രധാനങ്ങളായ ചിത്രങ്ങളാണ് മനോജിന്റെ അനുഗൃഹീത തൂലികയിലൂടെ പുറത്തു വരുന്നത്.
മനോജിന്റെ പ്രിയതമ ബേബി മനോജും മക്കളായ ശ്രീലക്ഷ്മി, ശ്രീപാർവതി എന്നിവരും നല്ല കലാകാരികളാണ് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പേപ്പർ ക്രാഫ്റ്റാണ് പ്രിയതമയുടെ ഇഷ്ടമേഖല. എന്നാൽ മക്കൾ രണ്ടുപേരും വരയോടൊപ്പം സംഗീതത്തോടും ആഭിമുഖ്യമുള്ളവരാണ് എന്നത് ജന്മസുകൃതമാണ്.

Latest News