Sorry, you need to enable JavaScript to visit this website.

ചെസ് കളിയിലെ സൗന്ദര്യം

വചനങ്ങൾ ആളുകൾ എപ്പോഴും കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. അത്തരത്തിൽ 2024 -നെ കുറിച്ചുള്ള ചില പ്രവചനങ്ങൾ ഒരു നൂറ്റാണ്ട് മുമ്പ് ഒരു പത്രത്തിൽ വന്നിരുന്നു. അവയിൽ ചിലതൊക്കെ ശരിയായിട്ടുമുണ്ട്.  അതിലൊരു പത്രക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
1924 -ൽ, 100 വർഷത്തിനുള്ളിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത് പത്രങ്ങളിൽ നല്ല  പ്രചാരമുള്ള  പ്രവണതയായിരുന്നു. പ്രവചനം നടന്ന് 100 വർഷത്തിലെത്തി നിൽക്കുമ്പോൾ, കാനഡയിലെ കാൽഗറി സർവകലാശാലയിലെ ഗവേഷകനായ പോൾ ഫെയറി ആണ് ഇപ്പോൾ 1924 -ലെ പത്രത്തിലെ പ്രവചനത്തിന്റെ ക്ലിപ്പിംഗ് പങ്കുവെച്ചത്. 2024 ഓടെ കുതിരകൾക്ക് വംശനാശം സംഭവിച്ചേക്കുമെന്ന് പത്രം അവകാശപ്പെടുന്നു. എന്നാൽ, അവ പൂർണ്ണമായും അപ്രത്യക്ഷമാകുമോ ഇല്ലയോ എന്ന് ഉറപ്പില്ലെന്നും കുറിപ്പിലുണ്ട്.  വാഹനങ്ങളുടെ എണ്ണം കൂടുമെന്നാണ് മറ്റൊരു പ്രവചനം. പോഡ്കാസ്റ്റുകൾ വളരെ ജനപ്രിയമാകുമെന്നും മനുഷ്യന്റെ ആയുസ്സ് 100 വയസ്സ് വരെ ആയിരിക്കുമെന്നും 75 വയസ്സ് പ്രായമുള്ളവരെ ചെറുപ്പമായി കണക്കാക്കുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്. വീടുക ളേക്കാൾ കൂടുതലായി 100 നിലകളുള്ള ഫ്ളാറ്റുകളുടെ ബ്ലോക്കുകൾ നിർമിക്കപ്പെടുമെന്നും ഫോട്ടോഗ്രഫുകൾക്ക് പകരം ആൽബങ്ങൾ വീഡിയോകളായി ചിത്രീകരിക്കപ്പെടുമെന്നും അന്ന് പ്രവചിച്ചിരുന്നു. സിനിമകൾ ലോകസമാധാനം കൊണ്ടുവരുമെന്നും അത് ഒരു സാർവത്രിക ഭാഷയായി മാറുമെന്നും പരിഷ്‌കൃത ലോകത്തിലെ സംഘർഷം ഇല്ലാതാക്കുമെന്നും പ്രവചനത്തിലുണ്ട്. തീവണ്ടികൾ രണ്ടോ മൂന്നോ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്നും സിനിമാ തിയേറ്ററുകൾ ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ആളുകൾ വീട്ടിലിരുന്ന് സിനിമ കാണുമെന്നും പറയുന്നുണ്ട്. 2024 ഓടെ ആളുകൾ ഗ്രഹങ്ങളിൽ നിന്ന് ഗ്രഹങ്ങളിലേക്ക് കുതിക്കുമെന്നും ഈ പ്രവചനക്കുറിപ്പിലുണ്ട്. ഭൂമിയിലെ വിദ്വേഷവും പകയും അസഹിഷ്ണുതയുമെല്ലാം ഇവിടെ ഉപേക്ഷിച്ച് ഗ്രഹങ്ങളിലേക്ക് പോകാനായാൽ അതെന്തൊരു രസകരമായ അനുഭവമായിരിക്കും? 

***  ***  ***

ഭരണകൂടങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഴിമതി.  ഉെക്രെനിൽ നിന്നുള്ള  വാർത്ത റഷ്യയുമായുള്ള യുദ്ധത്തിനിടെ ആയുധം വാങ്ങിയ വകയിൽ ഉക്രൈൻ സൈനിക ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നതാണ്. യുദ്ധത്തിനിടയിലും രാജ്യത്തിന് വേണ്ടി ആയുധം വാങ്ങിയ ഇനത്തിലും അഴിമതി നടത്താൻ മടിക്കാത്ത ഇത്തരക്കാർ രാജ്യത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയാണ്. ഇതിനിടെയാണ് ചൈനയിൽ നിന്നും മറ്റൊരു അഴിമതി വാർത്ത.  ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിതല അച്ചടക്ക നടപടിയിൽ കഴിഞ്ഞ വർഷം മാത്രം 1,10,000 കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ ഉൾപ്പെട്ടെന്ന് രാജ്യത്തെ ഉന്നത അഴിമതി വിരുദ്ധ സമിതിയുടെ കണക്കുകൾ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ചുമതലകൾ യഥാവിധി ചെയ്യാത്തവരും പണവും സമ്മാനങ്ങളും ജനങ്ങളിൽ നിന്ന് കൈപ്പറ്റിയവരും അച്ചടക്ക നടപടി നേരിട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.  ചാന്ദ്ര പുതുവത്സരത്തിന് മുമ്പായി നിയമങ്ങളിൽ ഉറച്ച് നിൽക്കണമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എൻഫോഴ്സ്മെന്റ് ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടിലുണ്ട്. സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ പ്രസിദ്ധീകരിച്ച കണക്കുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 13 ശതമാനം വർധന ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2022 ഒക്ടോബറിൽ മൂന്നാം തവണയും അധികാരം കൈപ്പിടിയിലൊതുക്കി, ചൈനയുടെ പരമോന്നത നേതാവായി മാറിയ പ്രസിഡന്റ് ഷി ജിൻപിംഗ് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലും തന്റെ വിശ്വസ്തരെ നിയോഗിച്ചു. മൂന്നാമത്തെ തവണ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഷി ജിൻപിംഗ്, രാജ്യത്ത് അഴിമതിക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരമേറ്റതിന് ശേഷവും തന്റെ എതിരാളികളെ ഒതുക്കുന്നതിന് അദ്ദേഹം 'അഴിമതി ആരോപണം' ഉന്നയിക്കുന്നതായി വിമർശനങ്ങളും ഇതിനിടെ ഉയർന്നു. കഴിഞ്ഞ വർഷം ഭരണത്തിലെ 45 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കമ്മീഷൻ അഴിമതി അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്. ഒപ്പം അധികാരത്തിലെ മുതിർന്ന വ്യക്തികളിൽ പലരും അന്വേഷണത്തിന്റെ നിഴലിലാണെന്നും സൂചനകളുണ്ടായിരുന്നു. 

***  ***  ***

രാവിലെ ഉത്തര കേരളത്തിലൂടെ  കടന്നു പോകുന്ന പരശുറാം എക്‌സ്പ്രസ് കോഴിക്കോട്ടെത്തി മക്കൾ കോളേജിലോ ഓഫീസിലോ എത്തുന്നത് വരെ അമ്മമാർക്ക് നെഞ്ചിൽ തീയാണ്. മംഗലാപുരം-നാഗർകോവിൽ പരശുറാം എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കാരണം യാത്രക്കാരികൾ നിത്യേന ബോധം കെട്ടുവീഴുകയാണ്. തലശ്ശേരി, വടകര സ്‌റ്റേഷനുകളിൽ നിന്ന് കയറുന്ന പെൺകുട്ടികൾക്കും ഉദ്യോഗസ്ഥകൾക്കുമാണ് ദുരനുഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് പെൺകുട്ടികളാണ് ബോധം കെട്ടു വീണത്. കഴിഞ്ഞ ദിവസവും വടകരയ്ക്കും കൊയിലാണ്ടിക്കുമിടയിൽ ഒരു പെൺകുട്ടി തല കറങ്ങി വീണു. അടുത്തത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സഹയാത്രികരുടെ സന്മനസ്സ് കൊണ്ട് മാത്രം പ്രാഥമിക ശുശ്രൂഷ ലഭിക്കുന്നു. പരശുറാം തുടങ്ങിയ കാലത്ത് കേരളത്തിലൂടെ ഓടിയ ട്രെയിനായിരുന്നു. നാല് ദശകങ്ങൾപ്പുറം സർവീസ് ആരംഭിച്ച കാലമല്ല ഇത്. ഇപ്പോൾ കർണാടകയിലെ മംഗളൂരുവിൽ നിന്ന് തമിഴുനാട്ടിലെ നാഗർകോവിലിലേക്ക് സർവീസ് നടത്തുന്നു. രാവിലെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും എത്താൻ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണിത്. തുടങ്ങിയ കാലത്ത് വടകരയിൽ നിന്ന് പത്തിൽ താഴെ യാത്രക്കാരാണ് കയറിയിരുന്നതെങ്കിൽ ഇപ്പോൾ ആയിരത്തോളം  യാത്രക്കാരുണ്ട്. കണ്ണൂർ, തലശ്ശേരി സ്‌റ്റേഷനുകളിൽ നിന്നും ധാരാളം യാത്രക്കാർ. ശ്വാസം മുട്ടി നിൽക്കുന്ന യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നതിൽ അത്ഭതുമേയില്ല. ഈ ട്രെയിനിന്  കൂടുതൽ കോച്ചുകൾ ഘടിപ്പിച്ചാൽ പ്രശ്‌നത്തിന് അൽപം ശമനമാകും. ഇക്കാര്യം സ്ഥലം എം.എൽ.എ കെ.കെ. രമ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. നാഗർകോവിൽ സ്‌റ്റേഷനിലെ പ്ലാറ്റുഫോം ജോലി പൂർത്തിയായാൽ ഇത് പരിഗണിക്കാമെന്നാണ് റെയിൽവേ ഡിവിഷണൽ മാനേജർ രമയ്ക്ക് വാക്ക് നൽകിയത്. വടകര എം.പി കെ. മുരളീധരൻ പാർലമെന്റിലും വിഷയം ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ ബോഗി ഘടിപ്പിക്കാനായില്ലെങ്കിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പലതും പുനരാരംഭിക്കാത്ത സെക്ഷനാണ് കണ്ണൂർ-കോഴിക്കോട്. 80 കളിൽ ഒരു പരശുറാം എക്‌സ്പ്രസ് മതിയായിരുന്നുവെങ്കിൽ ഇപ്പോൾ പത്ത് പരശുറാമിനുള്ള യാത്രക്കാർ കേരളത്തിലുണ്ട്. കേരളത്തിൽ പകൽ ഓടുന്ന ട്രെയിനുകളിൽ ഏറ്റവും കൂടുതൽ സ്‌റ്റോപ്പുള്ളതും പരശുറാം എക്‌സ്പ്രസിനാണ്-അമ്പത് സ്റ്റോപ്പുകൾ. വടക്കേ മലബാറിലെ അമ്മമാരുടെ കണ്ണീരിന് അടുത്ത കാലത്തെങ്ങാനും പരിഹാരമുണ്ടാവുമോ? 

***  ***  ***

ഇന്റർനെറ്റിന്റെ  വളർച്ച വിപ്ലവകരമായ മാറ്റങ്ങളാണ് നമ്മുടെ  ജീവിതത്തിലും തൊഴിൽ മേഖലകളിലും വരുത്തിയിട്ടുള്ളത്. ജീവിതത്തെ             അനായാസകരമാക്കുന്നതിൽ ഇത് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, അതേ സാങ്കേതികവിദ്യ തന്നെ പലപ്പോഴും നമുക്ക് പണി തരാറുമുണ്ട്. അത്തരത്തിൽ ഒരു വലിയ തിരിച്ചടി ലഭിച്ചതിന്റെ ആഘാതത്തിലാണ് ഓസ്ട്രേലിയയിലെ ഒരു റെസ്റ്റോറന്റ് ഉടമ. ആപ്പിൾ മാപ്പിൽ നിന്നും സംഭവിച്ച ഒരു സാങ്കേതികപ്പിഴവിൽ ഓസ്‌ട്രേലിയയിലെ 'പംസ് കിച്ചൻ' എന്ന തായ് റെസ്റ്റോറന്റ് ഉടമ ക്രിസ് പ്യാറ്റിന് നഷ്ടമായത് 6 ലക്ഷമാണ്. ആപ്പിൾ മാപ്പിൽ ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റ് എന്നേക്കുമായി അടച്ചു പൂട്ടി എന്ന് കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് കഴിഞ്ഞ രണ്ടു മാസങ്ങളിൽ ബിസിനസിൽ വലിയ തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. മാപ്പിലെ വിവരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതോടെ ഇവിടേയ്ക്ക് വന്നിരുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായാതായും നവംബർ, ഡിസംബർ മാസങ്ങളിൽ  തനിക്ക് നഷ്ടം സംഭവിച്ചതായുമാണ് ക്രിസ് പ്യാറ്റിൻ പറയുന്നത്.
ഹോട്ടലിലേക്ക് വന്നിരുന്നവരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ കുറവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്ഷേ ഇങ്ങനെയൊരു ചതി താൻ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഹോട്ടൽ അടച്ചു പൂട്ടിയതിന്റെ കാരണം ചോദിച്ച് ആളുകൾ ഫോൺ വിളിച്ച് തുടങ്ങിയപ്പോഴാണ് താൻ കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ട് ആപ്പിൾ കസ്റ്റമർ സപ്പോർട്ട് റെപ്രസന്റേറ്റീവിനെ അറിയിച്ചെങ്കിലും യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. വിഷയത്തിൽ 'ഓൺലൈൻ ഫീഡ്ബാക്ക്' സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഏറെ ദിവസങ്ങൾക്ക് ശേഷമാണ് തന്റെ പ്രശ്നം പരിഹരിക്കാൻ ആപ്പിളിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായതെന്നും ക്രിസ് പ്യാറ്റ് പറഞ്ഞു.

***  ***  ***

അർധ രാത്രി കോളിംഗ് ബെൽ അടിച്ച് ഓരോ അപ്പാർട്ട്മെന്റിന്റെയും മുൻവശത്ത് എത്തുന്ന യുവതികൾ താമസക്കാരെ ഭയപ്പെടുത്തുന്നു. മുംബൈയിൽ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.  പലരെയും പേടിപ്പെടുത്തുന്നുണ്ടിത്. ചിലർ വീഡിയോ കണ്ടതിന് പിന്നാലെ ആശങ്കകൾ പങ്കുവെക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന ചോദ്യവും വീഡിയോയ്ക്ക് താഴെ ചിലർ ചോദിക്കുന്നുണ്ട്. യുവതികളുടെ ഈ പ്രവൃത്തി അപ്പാർട്ട്മെന്റിലെ വയോധികരായ താമസക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് വീഡിയോ പങ്കുവെച്ചയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. 55 ന്  മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് ഈ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നത്. അടുത്തുള്ള ചില ഫ്‌ളാറ്റുകളിൽ കവർച്ചാ ശ്രമങ്ങളും കൊലപാതകങ്ങളും നടന്നതിനാൽ ഇവിടെ താമസിക്കുന്നവർ ആശങ്കയിലാണെന്ന് കുറിപ്പിൽ പറയുന്നു. ഇതിനിടെയിലുള്ള യുവതികളുടെ ഈ പ്രവൃത്തി വലിയ ആശങ്കകൾക്കും കാരണമായി. കോളിംഗ് ബെൽ അടിച്ചത് കൂടാതെ പല വീടുകളും യുവതികൾ പുറത്തുനിന്ന് പൂട്ടി. ഇവർ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്‌യ
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയരുന്നത്. വാതിൽ പുറത്തുനിന്ന് പൂട്ടിയ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രായമുള്ളവരാണ് അവർ. ഒരു പക്ഷേ ആ സമയത്ത് ഒരു തീപ്പിടിത്തമുണ്ടായാൽ എന്തും ചെയ്യും, ഇവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം'-ഒരാൾ എക്‌സിൽ കുറിച്ചു

***  ***  ***

നെതർലാൻഡ്സിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. തന്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങളാണ് അവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അർഹിക്കുന്ന അംഗീകാരം വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും തുറന്നടിച്ചത്. 'പൊതുസമൂഹത്തിന് മുന്നിൽ ഈ വിഷയം ഉന്നയിക്കണമെന്നുണ്ടായിരുന്നു. ടൂർണമെന്റ് അവസാനിക്കാൻ വേണ്ടിയാണ് കാത്തിരുന്നത്. വനിതാ താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്.  കൂടാതെ പലരും ഇതേപ്പറ്റി പറഞ്ഞിരുന്നു. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനായതിൽ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്' -ദിവ്യ ദേശ്മുഖ് കുറിച്ചു.
'കാണികൾ എന്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങൾ, മുടി, ഉച്ചാരണം തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവൻ കാര്യങ്ങളാണ് അവർ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകൾ ചെസ്സ് കളിക്കുമ്പോൾ അവരുടെ സൗന്ദര്യവും മറ്റും ആസ്വദിക്കുകയും അവരുടെ കഴിവും ശക്തിയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ സത്യമാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഗെയിം ശ്രദ്ധിക്കുന്നത്' -ദിവ്യ ദേശ്മുഖ് വ്യക്തമാക്കി. 

***  ***  ***

തമിഴ് സിനിമാ നടന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാർവതി. മലയാളികളുടെ അടുത്തു നിന്ന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടൻ എന്റെ ഓപ്പസിറ്റ് അഭിനയിക്കാൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി, ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ സതീഷ് പറഞ്ഞത് നിന്റടുത്ത് സിനിമയിൽ പോകാൻ ആരും പറഞ്ഞില്ലല്ലോ. എന്തായാലും സിനിമയിലേക്കു വന്നു, ഇനി തോറ്റു പിന്മാറരുത്' എന്നാണ് എന്നും മാലാ പാർവതി വിശദീകരിച്ചു. അയാളുടെ മനസ്സിൽ ഇത്രയും വൃത്തികേടുകൾ ഉണ്ട്. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ പറ്റില്ലെന്നു വെച്ച് നമ്മൾ വീട്ടിൽ ഇരിക്കേണ്ട ആൾക്കാരല്ലല്ലോ എന്നാണ് സതീഷ് പറഞ്ഞതെന്നും മാലാ പാർവതി പറയുന്നു.
തന്റെ അഭിപ്രായത്തിൽ അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രൊഫഷനായിട്ട് കാണുന്നില്ല. എല്ലാ മേഖലയിലും പെട്ട ആൾക്കാരോട് അടുത്തു പെരുമാറുമ്പോൾ അവരു പറയും അയ്യോ അയാൾ  ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ.
ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാർഥതയാണ് മനുഷ്യ മനസ്സിന്റെ കോർ എന്നു പറയുന്നത്. എല്ലാത്തിനും ഒരു ജാഗ്രതയുണ്ടാകണമെന്ന് മാലാ പാർവതി ഓർമപ്പെടുത്തി. 
ഏതു നിമിഷവും നമ്മൾ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. 

***  ***  ***

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതോടെ സോഷ്യൽ മീഡിയയിൽ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ നിറഞ്ഞിരുന്നു. എന്നാൽ പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നു മകൾ ഐശ്വര്യ രജനികാന്ത് പറയുന്നു. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാൽസലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സംവിധായിക കൂടിയായ ഐശ്വര്യ. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കിൽ ലാൽസലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
' ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എന്റെ ടീം ആളുകൾ എന്താണ് സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകൾ 'സംഘി' എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ' -ഐശ്വര്യ പറഞ്ഞു.

***  ***  ***

ലിജോ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ പ്രദർശനം തുടരുകയാണ്. പ്രീ റിലീസ് ഹൈപ്പുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതൽ ലഭിച്ചത്. കൂടുതൽ ആളുകൾ തിയേറ്ററുകളിൽ എത്തിയതോടെ ആദ്യം പുറത്തുവന്ന നെഗറ്റീവ് റിവ്യൂകൾ പതിയെ മാറിത്തുടങ്ങി. പോസിറ്റിവ് അഭിപ്രായങ്ങളും പ്രത്യക്ഷപ്പെടുന്നു. സിനിമയെക്കുറിച്ച് നല്ലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യർ.
സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയ്ലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും കുബുദ്ധിക്കാരായ മന്ത്രിമാരും ചോരക്കൊതിയൻമാരായ രാജാക്കൻമാരും ക്രൂരരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും നർത്തകരും മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയേറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറ കൊട്ടുന്ന, പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അത് വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.
 

Latest News