Sorry, you need to enable JavaScript to visit this website.

സഹകരണ ബാങ്ക് തട്ടിപ്പിൽ പുലിവാൽ പിടിച്ച് സി.പി.എം; ഒടുവിൽ നിയമസഭയിലെ ചോദ്യം പിൻവലിച്ച് ഇടത് എം.എൽ.എ

Read More

തിരുവനന്തപുരം - സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച നിയമസഭയിലെ ചോദ്യം പിൻവലിച്ച് സി.പി.എം എം.എൽ.എ. അമ്പലപ്പുഴ എം.എൽ.എയും സി.പി.എം നേതാവുമായ എച്ച് സലാമാണ് സഹകരണ മന്ത്രിയോടുള്ള തന്റെ ചോദ്യം പാർട്ടിക്കും സർക്കാറിനും പുലിവാലാണെന്നു കണ്ടതോടെ പിൻവലിച്ചത്. 
സഹകരണ വകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്? 
ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്?
ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ? 
ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ? എന്നിങ്ങനെയാണ് എം.എൽ.എയുടെ ചോദ്യം. പത്തുദിവസം മുമ്പ് എം.എൽ.എ നൽകിയ ചോദ്യം നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, മറുപടി നൽകാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്‌നം ഉദ്യോഗസ്ഥർക്ക് മനസിലായത്. ഉദ്യോഗസ്ഥർ ഈ വിഷയം സഹകരണ മന്ത്രി വി.എൻ വാസവനെയും മന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് എം.എൽ.എ ചോദ്യം പിൻവലിക്കാൻ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഇതേ തുടർന്ന് എം.എൽ.എയുടെ ചോദ്യം നിയമസഭാ വെബ്‌സൈറ്റിൽനിന്നും സർക്കാർ നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളിൽനിന്ന് മാറ്റാനായിട്ടില്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുൾപ്പെടെയുള്ള കേസുകൾ ഇടതു മുന്നണി സർക്കാർ, പ്രത്യേകിച്ച് സി.പി.എം അമ്പേ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പാർട്ടി നേതാവിന്റെ പുലിവാൽ പിടിപ്പിക്കുന്ന ചോദ്യങ്ങളുണ്ടായത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് പാർട്ടി നേതൃത്വം ഇടപെട്ടതോടെ തത്കാലം മുഖം രക്ഷിക്കാനായെന്നാണ് ഇവരുടെ ആശ്വാസം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News