Sorry, you need to enable JavaScript to visit this website.

മൃതദേഹങ്ങളോടും അവഹേളനം! ഗാസയിൽ ഖബറുകൾ തകർത്ത് ബുൾഡോസർ പുറത്തെറിഞ്ഞത് രണ്ടായിരത്തിലേറെ മൃതശരീരങ്ങൾ

ഗാസ - ഗാസയിൽ ഇസ്രായിൽ നരമേധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനകളുടെ മൃതദേഹങ്ങൾക്കു പോലും രക്ഷയില്ല! കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെ പോലും അവഹേളിക്കുകയാണ് സയണിസ്റ്റ് സൈന്യം. 
 ഗാസയിലുടനീളമുള്ള രണ്ടായിരത്തിലേറെ ഖബറുകളാണ് ഇസ്രായിൽ സൈന്യം തകർത്തത്. ഇതിനാൽ, പിറന്ന മണ്ണിൽ പിടഞ്ഞുവീഴുന്നവരുടെ മൃതദേഹങ്ങൾ പോലും സംരക്ഷിക്കാനാവാത്തവിധം ദയനീയാവസ്ഥയാണ് ഫലസ്തീനികൾ നേരിടുന്നത്.
 ഗാസ സിറ്റിയിലെ തുഫ ജില്ലയിൽ, ഫലസ്തീനികളുടെ ഖബറിടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ട ശവശരീരങ്ങൾ ചെളിനിറഞ്ഞ മണ്ണിന് മുകളിൽ കിടക്കുന്ന നിലയിലാണ്. ഫലസ്തീൻ ഔഖാഫ്, മതകാര്യ മന്ത്രാലയം എന്നിവയെ ഉദ്ധരിച്ചുള്ള റിപോർട്ടുകളനുസരിച്ച് പ്രദേശത്തുടനീളം ഇസ്രായിൽ സൈന്യം രണ്ടായിരത്തിലധികം ഖബറുകൾ കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും തികഞ്ഞ അവഹേളനമാണ് ഇസ്രായിൽ സൈന്യം കാണിക്കുന്നത്. സൈനികർ കുഴിച്ചെടുത്ത മൃതദേഹങ്ങൾ ആശുപത്രികളിലും ഒരു സ്‌കൂളിൽ പോലും ധൃതിപിടിച്ച് സംസ്‌കരിക്കുന്ന കാഴ്ചയും ഗാസ മുനമ്പിലുണ്ടായി. ഗാസ സിറ്റിയുടെ കിഴക്കൻ തുഫ ഭാഗത്തുള്ള ഒരു താൽക്കാലിക ശ്മശാനത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഇസ്രായിൽ സൈന്യം മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമിച്ചത് എ.എഫ്.പി റിപോർട്ട് ചെയ്തു. പുറത്തെടുത്ത മൃതശരീരങ്ങൾ ചെളിയിലേക്കും മറ്റും വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. ജബാലിയ അഭയാർത്ഥി ക്യാമ്പിനടുത്തും അൽഷാബിയ ജില്ലയ്ക്ക് സമീപമുള്ള താൽക്കാലിക ശ്മശാനത്തിലും അടക്കം ഇത്തരം വേദനിപ്പിക്കുന്ന അവഹേളന കാഴ്ചകളുണ്ട്.
 എന്നാൽ, ഒരു തരത്തിലും ശ്മശാനങ്ങളെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും മൃതശരീരങ്ങളെ അവഹേളിക്കുന്ന നയമില്ലെന്നുമാണ് ഇസ്രായിൽ സൈന്യത്തിന്റെ ന്യായീകരണം. അപ്പോഴും യുദ്ധസമയത്ത് ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളോ മറ്റോ പോലെ ശ്മശാനങ്ങളും നശിപ്പിക്കപ്പെടാമെന്നും സൈനികർ പ്രതികരിച്ചു.
 ഇസ്രായിലിന്റെ നിരന്തരമായ സൈനിക ആക്രമണത്തിൽ ഗാസയിൽ ഇതിനകം കുറഞ്ഞത് 26,637 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Latest News