Sorry, you need to enable JavaScript to visit this website.

ചെങ്കടൽ സംഘർഷം; ക്രൂഡ് ഓയിൽ വില ഉയരാം

കാറ്റും കോളും കണ്ട് കപ്പലിന്റെ ദിശമാറ്റുന്നതിൽ വിദേശ ഫണ്ടുകൾ നടത്തിയ നീക്കം ഇന്ത്യൻ മാർക്കറ്റിനെ തുടർച്ചയായ രണ്ടാം വാരവും തളർത്തി. നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്‌സ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള തകർച്ചയും അതിന് ശേഷമുള്ള തിരിച്ചു വരവും ഊഹക്കച്ചവടക്കാർ ലാഭമാക്കി. നിഫ്റ്റി സൂചിക 109 പോയന്റും സെൻസെക്‌സ് 486 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിനാണ്, അതായത് വാരാന്ത്യം ഓഹരി സൂചികയിൽ വീണ്ടും ചാഞ്ചാട്ട സാധ്യത. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ചെങ്കടലിൽ വീണ്ടും എണ്ണ കപ്പലിനെ ആക്രമിച്ചത് ആഗോള തലത്തിൽ കപ്പൽ ഗതാഗതത്തിൽ ആശങ്ക ഉയർത്തുന്നു. ക്രൂഡ് ഓയിൽ രണ്ട് മാസത്തെ ഉയർന്ന വിലയായ 78 ഡോളറായി. പുതിയ സാഹര്യത്തിൽ 82 ഡോളറിലേയ്ക്ക് എണ്ണ വിപണി ചൂടുപിടിക്കാം.  
അമേരിക്കൻ ഫെഡ് റിസർവ് വാരമധ്യം വായ്പ്പാ അവലോകനം നടത്തും. പലിശ നിരക്കുകളിൽ ഇളവുകൾക്ക് സാധ്യതയില്ലെങ്കിലും മാർച്ചിലെ യോഗം പലിശ കുറക്കും. ഭവന വായ്പ്പയിലെ മുന്നേറ്റം ഉണർവിന്റെ സൂചനയാണ്. ഭവന വിൽപന 2020 ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ്. യു.എസ് ഓഹരി സൂചികയായ ഡൗജോൺസ് വാരാന്ത്യം റെക്കോർഡ് നിലവാരത്തിലാണ്. നിഫ്റ്റി മീഡിയ സൂചിക പത്ത് ശതമാനവും റിയാലിറ്റി സൂചിക നാലര ശതമാനവും നിഫ്റ്റി ബാങ്ക് രണ്ടര ശതമാനവും പി.എസ്.യു ബാങ്ക് സൂചിക രണ്ട് ശതമാനവും ഇടിഞ്ഞു.
മുൻ നിര ബാങ്കിംഗ് ഓഹരികളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക് എന്നിവയ്ക്ക് തളർച്ച. ആർ.ഐ.എൽ, എച്ച്.യു.എൽ, ഐ.റ്റി.സി, ടാറ്റാ മോട്ടേഴ്‌സ്, വിപ്രോ തുടങ്ങിയവയ്ക്കും തിരിച്ചടി. ടാറ്റാ സ്റ്റീൽ, ഇൻഫോസീസ്, എയർടെൽ, സൺ ഫാർമ്മ, ഓഹരികൾ മികവ് കാണിച്ചു. 
നിഫ്റ്റി സൂചിക 21,571 ൽ നിന്നും 21,729 ലേയ്ക്ക് ഇടപാടുകളുടെ ആദ്യ ദിനം കുതിച്ച് കയറി. കൂടുതൽ മികവിന് അവസരം നൽക്കാത്ത വിധം വിൽപന സമ്മർദം വിപണിയെ പിടികൂടിയതോടെ 21,202 ലെ താങ്ങ് തകർത്ത് 21,137 ലേയ്ക്ക് താഴ്ന്നങ്കിലും ക്ലോസിംഗിൽ 21,352 പോയന്റിലാണ്, അനുകൂല വാർത്തകൾക്ക് സൂചികയെ 21,675-21,998 ലേയ്ക്കും ഉയർത്താം. വിൽപന സമ്മർദമുണ്ടായാൽ 21,083  20,814 ലേയ്ക്ക് സാങ്കേതിക പരീക്ഷണത്തിന് ഇടയുണ്ട്. 
സെൻസെക്‌സ് 70,000 പോയന്റിലെ സപ്പോർട്ട് തകർച്ചയിൽ കാത്ത് സൂക്ഷിച്ചത് നിക്ഷേപകർക്ക്  ആത്മവിശ്വാസം പകർന്നു. സൂചിക 71,683 ൽ നിന്നും 71,964 പോയന്റ് വരെ ഉയർന്ന അവസരത്തിലെ വിൽപന സമ്മർദം ഹെവിവെയിറ്റ് ഓഹരികളെ തളർത്തി. ഇതോടെ സൂചിക 70,001 വരെ തളർന്നങ്കിലും വ്യാപാരാന്ത്യം 70,700 പോയന്റിലാണ്. ബജറ്റ് വാരമായതിനാൽ ശ്രദ്ധയമായ ചാഞ്ചാട്ടങ്ങൾക്ക് വാരാവസാനം വിപണി സാക്ഷ്യം വഹിക്കാം. അനുകൂല വാർത്തകൾക്ക് സൂചികയെ 71,775 വരെ ഉയർത്താം, വിപണിക്ക് 69,812-68925 പോയന്റിൽ താങ്ങ് പ്രതീക്ഷിക്കാം. 
വിദേശ ഫണ്ടുകൾ മൂന്ന് ദിവസങ്ങളിലായി മൊത്തം 12,194.38 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ജനുവരിയിൽ അവർ 42,349 കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ പ്രദേശിക നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 9701 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം ആഭ്യന്തര ഫണ്ടുകൾ 19,976 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.  
ഡോളറിന് മുന്നിൽ രൂപ 82.11 ൽ നിലകൊണ്ടു. ഫെഡ് റിസർവ് നീക്കങ്ങൾ രൂപയിൽ സ്വാധീനം ചെലുത്തിയാൽ മൂല്യം 82.90 - 83.34 ടാർജറ്റിൽ നിന്നും പുറത്ത് കടക്കാൻ രൂപ ശ്രമം നടത്താം.   
യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഏപ്രിലിന് മുമ്പായി കുറക്കുമെന്ന് വ്യക്തമാക്കി. അനുകൂല വാർത്ത യുറോപ്യൻ ഓഹരി ഇൻഡക്‌സുകൾ ഒക്ടോബറിന് ശേഷം ആദ്യമായി മൂന്ന് ശതമാനം പ്രതിവാര നേട്ടം കൈവരിച്ചു.    
ആഗോള സ്വർണ വില രണ്ടാം വാരവും തളർന്നു. 2029 ഡോളറിൽനിന്നും മഞ്ഞലോഹം ഒരുഘട്ടത്തിൽ 2002 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 2018 ലാണ്. പ്രതിദിന ചാർട്ടിൽ ദുർബലാവസ്ഥ സൂചിപ്പിക്കുന്ന സ്വർണത്തിന് 1980 ഡോളറിൽ താങ്ങുണ്ട്, ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സ്വർണത്തെ 2064 ഡോളർ വരെ ഉയർത്താം. 

Latest News