Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ വാരാന്ത്യ അവധി മൂന്നു ദിവസമാക്കണമെന്ന നിർദേശം പാർലമെന്റിൽ

മനാമ - വാരാന്ത്യ അവധി മൂന്നു ദിവസമാക്കി മാറ്റണമെന്ന നിർദേശം ബഹ്‌റൈൻ പാർലമെന്റിനു മുന്നിൽ. പാർലമെന്റ് അംഗങ്ങളായ മുഹമ്മദ് അൽഅലൈവി, ഹമദ് അൽദവി, അഹ്മദ് ഖറാത്ത, മുഹമ്മദ് അൽബലൂശി, ബദ്ർ അൽതമീമി എന്നിവരാണ് വാരാന്ത്യ അവധി വെള്ളി, ശനി, ഞായർ ദിവസങ്ങളാക്കി മാറ്റണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. വിവിധ മേഖലകളിൽ ലോകം സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളുടെയും എല്ലാ തലങ്ങളിലും സമൂഹത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന സാങ്കേതിക ശേഷികളുടെ വികസനത്തിന്റെയും ആഗോള സാമ്പത്തിക വ്യവസ്ഥകൾ ഉൾപ്പെടെയുള്ള ലോകത്തിലെ പുരോഗതിക്കൊപ്പം വേഗത്തിൽ നീങ്ങേണ്ടതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം തങ്ങൾ മുന്നോട്ടുവെച്ചതെന്ന് മുഹമ്മദ് അൽഅലൈവി എം.പി പറഞ്ഞു. 
വിശുദ്ധ ദിവസമായി കണക്കാക്കപ്പെടുന്ന വെള്ളിയാഴ്ചയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളും ആചാരങ്ങളുമുള്ള ഒരു ഇസ്‌ലാമിക രാജ്യമാണ് ബഹ്‌റൈൻ. വെള്ളിയാഴ്ച ദിവസം ജോലി സ്വീകരിക്കുന്നത് ബുദ്ധിമുട്ടാണ്. വെള്ളിയാഴ്ചയിലെ ജോലി നിശ്ചിത മണിക്കൂറുകളാണെങ്കിൽ പോലും അത് സാമ്പത്തികമായതിനെക്കാൾ കൂടുതൽ നെഗറ്റീവ് വൈകാരിക സ്വാധീനം ചെലുത്തും. സാമൂഹികവും മതപരവുമായ മാനങ്ങളുള്ളതിനാൽ വെള്ളിയാഴ്ചയാണ് നമ്മുടെ സമൂഹത്തിലും ഇസ്‌ലാമിക ലോകത്തും വാരന്ത്യ അവധിയുടെ അടിസ്ഥാനം. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായി പ്രയോജനപ്പെടുത്തുന്നത് സഹായിക്കും. 
വാരാന്ത്യ അവധി മൂന്നു ദിവസമാക്കി മാറ്റുന്നതിലൂടെ ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വ്യക്തിപരമായ പ്രവർത്തനങ്ങളിലും താൽപര്യങ്ങളിലും ഏർപ്പെടാനും കഴിയും. ഇത് ജീവനക്കാരുടെ മൊത്തത്തിലുള്ള സംതൃപ്തി വർധിപ്പിക്കുകയും ക്ഷേമം ഉയർത്തുകയും ചെയ്യും. ത്രിദിന വാരാന്ത്യ അവധി കുടുംബ സംഗമങ്ങൾക്ക് കൂടുതൽ സമയം നൽകും. ആഗോളവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും സാങ്കേതിക വിപ്ലവത്തിന്റെ പ്രതികൂല ഫലങ്ങളുടെയും പശ്ചാത്തലത്തിൽ കുടുംബ ഐക്യവും ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാനും ത്രിദിന അവധി സഹായിക്കും. ജർമനിയും ന്യൂസിലാന്റും അടക്കമുള്ള ചില പശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ ത്രിദിന വാരാന്ത്യ അവധി തൊഴിലാളികളുടെ മാനസികാരോഗ്യനില മെച്ചപ്പെടുത്താനുള്ള മാർഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര നടത്താനുള്ള ആളുകളുടെ ആഗ്രഹം ത്രിദിന അവധി വർധിപ്പിക്കും. 
ഷാർജ ഗവൺമെന്റ് സ്വീകരിച്ച നടപടിയുമായി ത്രിദിന അവധി നിർദേശം പൊരുത്തപ്പെട്ടു പോകുന്നു. വെള്ളിയാഴ്ചകളിലെ ജോലി സമയം ബാക്കിയുള്ള പ്രവൃത്തി ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിലൂടെ, തൊഴിൽ സ്വഭാവത്തിന്റെ ആവശ്യാനുസരണം ജീവനക്കാരുടെ തൊഴിൽ സമയം നിർണയിക്കാൻ ഓരോ വകുപ്പുകൾക്കും ഷാർജ ഗവൺമെന്റ് അധികാരം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് അൽഅലൈവി പറഞ്ഞു.
 

Latest News