Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കിയാൽ ഇ.വി.എമ്മുകൾ ഇരട്ടി വേണം

ഓരോ 15 വർഷവും പതിനായിരം കോടി അധിക ചെലവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂദൽഹി- ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തിയാൽ ഓരോ പതിനഞ്ച് വർഷവും വോട്ടിംഗ് മെഷീനുകൾക്കായി 10,000 കോടി രൂപ വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാറിന് നൽകിയ കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ ഓരോ പതിനഞ്ച് വർഷത്തിലും പുതിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) വാങ്ങാൻ 10,000 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മിഷന് ചെലവ് വരുമെന്ന് കണക്കാക്കുന്നു. ഇവിഎമ്മുകളുടെ കാലാവധി പതിനഞ്ച് വർഷമാണെന്നും ഒരേസമയം വോട്ടെടുപ്പ് നടത്തിയാൽ ഒരു സെറ്റ് മെഷീനുകൾ ഉപയോഗിച്ച് അവയുടെ കലാവധിയിൽ മൂന്ന് തവണ മാത്രമേ തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. 
കണക്കുകൾ പ്രകാരം, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യത്തുടനീളം 11.8 ലക്ഷം പോളിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഒരേസമയം വോട്ടെടുപ്പ് നടക്കുമ്പോൾ ഓരോ പോളിംഗ് സ്‌റ്റേഷനിലും ലോ്ക്‌സഭയിലേക്കും നിയമസഭകളിലേക്കുമായി രണ്ട് സെറ്റ് ഇ.വി.എമ്മുകൾ സ്ഥാപിക്കേണ്ടി വരും. ഇതിന് പുറമെ കേടാകുന്ന ഇ.വി.എമ്മുകൾ മാറ്റിസ്ഥാപിക്കാനായി കരുതൽ ഇ.വി.എമ്മുകളും ആവശ്യമായി വരും. കൺട്രോൾ യൂനിറ്റുകൾ (സി.യു), ബാലറ്റ് യൂനിറ്റുകൾ (ബി.യു), വോട്ടർ വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പി.എ.ടി) മെഷീനുകൾ ഇത്തരത്തിൽ ആവശ്യമായി വരുമെന്ന് കേന്ദ്രസർക്കാറിന് അയച്ച കത്തിൽ കമ്മീഷൻ പറയുന്നു. വിവിധ വശങ്ങൾ കണക്കിലെടുത്ത്, ഒരേസമയം തെരഞ്ഞെടുപ്പിന് ആവശ്യമായ ഏറ്റവും കുറഞ്ഞത് 46,75,100 ബാലറ്റ് യൂനിറ്റുകൾ, 33,63,300 കൺട്രോൾ യൂനിറ്റുകൾ, 36,62,600 വോട്ടർ വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലുകളും ആവശ്യമായി വരുമെന്ന് കമ്മീഷൻ കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച കത്ത് നിയമ മന്ത്രാലയത്തിന് അയച്ചത്. നിയമ മന്ത്രാലയം അയച്ച ഒരു രാജ്യം വോട്ടെടുപ്പ് സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.


 

Latest News