Sorry, you need to enable JavaScript to visit this website.

ദേവലോകത്തെ മന്ത്രി ഗാസ റോഡിൽ

സിനിമാ നടികളും മോഡലുകളുൾപ്പെടെ തിരക്കേറിയ നമ്മുടെ സെലിബ്രിറ്റികൾക്ക് പത്ത് മാസത്തെ ഗർഭവും അതു കഴിഞ്ഞുള്ള വിശ്രമത്തിനുമൊന്നും സമയമില്ല. അവർക്കൊക്കെ എളുപ്പ മാർഗമാണ് വാടക ഗർഭ ധാരണമെന്ന സംവിധാനം. ഏതായാലും ഇത് അധിക കാലം നടക്കുമെന്ന് തോന്നുന്നില്ല. വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരിക്കുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം, ഇത് അപലപനീയമാണ്. ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ പ്രത്യാശയുണ്ടെന്നും വത്തിക്കാനിൽ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. 
ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സ്റ്റേറ്റുകളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം തേടി വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു. ഇറ്റലിയിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. 
***  ***  ***
ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി വായിക്കാൻ കഴിയുന്നതല്ലെന്ന വിമർശനങ്ങൾ പലപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ അതിരിടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒറീസ ഹൈക്കോടതി. മരുന്ന് കുറിപ്പടികൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, മെഡിക്കോ-ലീഗൽ രേഖകൾ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റൽ ലെറ്ററിലും എഴുതണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
ജസ്റ്റിസ് എസ്.കെ. പനിഗ്രഹി ഒറീസ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. എല്ലാ മെഡിക്കൽ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കൽ കോളേജുകളിലും നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറയുന്നുണ്ട്.
ദേൻകനാൽ ജില്ലയിലെ രസാനന്ദ ഭോയ് എന്നയാളുടെ ഹർജി കേട്ടതിനൊടുവിലാണ് കോടതി ഈ ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ മൂത്തമകൻ സൗവാഗ്യ രഞ്ജൻ ഭോയ് പാമ്പു കടിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിക്കുന്നതിനും സംഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് കേസിൽ അന്തിമതീരുമാനം എടുക്കൽ പ്രയാസകരമായിരുന്നു.പല കേസുകളിലും ഉദാസീനമായി പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ എഴുതുമ്പോൾ നീതിന്യായ സംവിധാനത്തിന് അവ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നതിൽ തടസ്സം നേരിടാറുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. സിഗ്-സാഗ് ശൈലിയിലുള്ള എഴുത്ത് ഡോക്ടർമാർക്കിടയിൽ ഫാഷനായി മാറിയെന്നും ഇത് സാധാരണക്കാരന് മരുന്നിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. 
***  ***  ***
ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ പുതിയ ബിസിനസാണ് സോഷ്യൽ മീഡിയയിൽ ചർച്ച. യു.എസിൽ ഒരു കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കു വെക്കുകയും ചെയ്തു. അമേരിക്കയിലെ ഹവായിലുള്ള കോയിൽ കൊലാവു എന്ന സ്ഥലത്താണ് കന്നുകാലി ഫാം. ലോകത്തിലെ തന്നെ ഏറ്റവും നല്ല ബീഫ് ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും സക്കർബർഗ് വ്യക്തമാക്കി. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിർമിക്കുന്ന ബിയറുമാണ് കന്നുകാലികൾക്ക് ഭക്ഷണമായി നൽകുന്നത്. പോസ്റ്റിന് താഴെ സക്കർബർഗിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മലയാളികളും പ്രതികരിക്കാനെത്തി. ചിലരൊക്കെ സംഘ മിത്രങ്ങളെ പരിഹസിക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്. ഗോമാതാവിനെ തിന്നുന്ന സക്കർബർഗ് മുതലാളിയെ ബഹിഷ്‌കരിക്കുക', മിത്രങ്ങൾ ഇന്നുമുതൽ ഫേസ്ബുക്കും ഉപേക്ഷിക്കും, 'എന്റെ ഗോമാതാവേ എന്താ ഈ കാണുന്നത്, ധൈര്യമുണ്ടെങ്കിൽ യുപിയിൽ വന്ന് കഴിക്ക്' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്.
***  ***  ***
കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടു വിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ളവർ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാകുന്നുവെന്നും മന്ത്രി രാജേഷ് എടുത്തു പറഞ്ഞു. തിരുവനന്തപുരത്ത് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമമായ ടാലെന്റോ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതി പ്രകാരം തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ച ആയിരം പേർക്കുള്ള ഓഫർ ലെറ്റർ മന്ത്രി കൈമാറി. ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലൂടെ ജോലി ലഭിച്ച മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതാണ് ഈ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി. 
***  ***  ***
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. നേരത്തെ ഇതേസംഭവത്തിൽ പി. ജയരാജനെ പാർട്ടി ശാസിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അത് പഴയ ചരിത്രമാണെന്നും അതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 'കേരള സിഎം' എന്ന പേരിൽ യുട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയൻ നാടിന്റെ അജയ്യൻ, നാട്ടാർക്കെല്ലാം സുപരിചിതൻ എന്നാണ് പാട്ടിന്റെ തുടക്കം. തീയിൽ കുരുത്തൊരു കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ചൊരു സൂര്യൻ, മലയാളനാട്ടിൽ മന്നൻ, ഇൻക്വിലാബിൻ സിംബൽ, ഇടതുപക്ഷ പക്ഷികളിൽ ഫീനിക്സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടിൽ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങൾ. ദൈവം കേരളത്തിന് നൽകിയ വരദാനമാണ് പിണറായി വിജയനെന്ന് നവകേരള സദസിന്റെ വർക്കലയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ചിലർക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കുകത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ പ്രാകുകയാണെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.
അതിനിടയ്ക്ക് രസകരമായ ഒരു കേസ് കേരള ഹൈക്കോടതിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള യാത്ര കടന്നുവരുന്ന വഴിയിൽ കറുത്ത ചുരിദാർ ധരിച്ചു നിന്നെന്ന പേരിൽ പോലീസ് കസ്റ്റിഡിൽ എടുത്ത യുവതിയാണ് ഹർജിയുമായെത്തിയത്. തന്നെ ഏഴു മണിക്കൂർ കൊല്ലം കുന്നിക്കോട് പോലിസ് അന്യായമായി തടവിൽവെച്ചെന്നും ഇതിൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുമാണ് കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചന ഹൈക്കോടതിയെ സമീപിച്ചക്കുന്നത്. ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് മാറ്റി. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. മുഖ്യമന്ത്രിയും സംഘവും കടന്നു പോകുന്നതു കാണാൻ രണ്ടാലുംമൂട് ജങ്ഷനിൽ ഭർതൃമാതാവ് ടി. അംബികാദേവിക്കൊപ്പമെത്തിയതായിരുന്നു അർച്ചന. ഭർത്താവ് ബി.ജെ.പി. പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന ധാരണയെത്തുടർന്നു പോലീസ് അർച്ചനയെ കസ്റ്റഡിയിലെടുത്തു.
രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹർജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പോലീസ് കേട്ടില്ല. ഭർത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റു ചെയ്യാനാവുമെന്നും ഹർജിയിൽ ചോദിക്കുന്നു.
***  ***  ***
നയൻതാര നായികയായ 'അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്' എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ ഭോപാൽ-മുംബൈ പോലീസ് കേസെടുത്തു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്. മുംബൈയിൽ ബജ്‌റങ്ദൾ, ഹിന്ദു ഐടി സെൽ എന്നിവരും പരാതികൾ നൽകിയിരുന്നു.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകൻ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെൺകുട്ടി പ്രേമിക്കുന്നത് മുസ്‌ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കിയുടെ ആരോപണം. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ സിനിമ 29-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ഡിസംബർ അവസാനം നെറ്റ്ഫ്‌ളിക്‌സ് വഴി ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്നത്. വിവാദം ഉയർന്നതിനെ തുടർന്ന് സിനിമ നെറ്റ്ഫളിക്‌സ് പിൻവലിച്ചു. 
***  ***  ***
തെന്നിന്ത്യൻ താരം രംഭയുടെ വിവാദ ഇന്റർവ്യൂവിൽ രോഷാകുലരായി രജനി ആരാധകർ. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി രജനികാന്തിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത്. അഭിമുഖത്തിൽ രംഭ സൂപ്പർസ്റ്റാർ രജനിയുടെ ചില തമാശകൾ വിവരിക്കുകയായിരുന്നു. ഇതാണ് വിവാദമായത്.രംഭയുടെ വാക്കുകൾ - അരുണാചലം സിനിമ ചെയ്യുമ്പോൾ ഹൈദരാബാദിൽ സൽമാനൊപ്പം ബന്ധൻ എന്ന ചിത്രത്തിലും ഞാൻ അഭിനയിക്കുകയായിരുന്നു. അരുണാചലം ചിത്രത്തിൽ രജനീകാന്തിനൊപ്പം ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നപ്പോൾ ബന്ധൻ ടീമും ഹൈദരാബാദിൽ ഉണ്ടായിരുന്നു. രാവിലെ രജനീകാന്തിനൊപ്പവും ഉച്ചയ്ക്ക് ശേഷം സൽമാൻഖാനൊപ്പവുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു ദിവസം സൽമാൻഖാനും ജാക്കി ഷറഫിനുമൊപ്പം രജനി സാർ അരുണാചലം സെറ്റിൽ എത്തി. അവരെ കണ്ടപ്പോൾ താൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ഇത് രജനി സാർ ശ്രദ്ധിച്ചിരുന്നു. അവർ പോയതിനുശേഷം രജനി സാറും സുന്ദറും തമ്മിൽ ഗൗരവമായ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രജനികാന്ത് ദേഷ്യത്തിൽ കഴുത്തിൽനിന്ന് തൂവാല താഴേക്ക് എറിയുന്നത് ഞാൻ കണ്ടു.
ഇതോടെ ഞാൻ ആശയക്കുഴപ്പത്തിലായി. ക്യാമറാമാൻ സെന്തിൽ കുമാർ വരുകയും ഇതെന്താ രംഭ എന്ന് ചോദിക്കുകയും ചെയ്തു. തനിക്കൊന്നും മനസ്സിലാവുന്നില്ലെന്നും രംഭ പറഞ്ഞു. എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞെന്ന് സെറ്റിൽ ഉള്ളവർ പറയുന്നതായി ഞാൻ അറിഞ്ഞു. ഇതോടെ ഞാൻ കരയാൻ തുടങ്ങി. അപ്പോൾ രജനി സാർ വന്ന് നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നതെന്ന് ചോദിച്ചു. എല്ലാവരോടും വഴക്ക് പറഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അപ്പോൾ രജനി സാർ യൂണിറ്റിലെ എല്ലാവരെയും വിളിച്ചു നിർത്തി പറഞ്ഞു. രാവിലെ സൽമാൻ ഖാനും മറ്റും വന്നപ്പോൾ രംഭ ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു. സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ അവൾ ഗുഡ്മോണിങ് മാത്രമാണ് പറഞ്ഞു പോകാറുള്ളത്. വടക്കേ ഇന്ത്യയിൽനിന്ന് വന്നവർ ആയതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്യുന്നത്. ഞങ്ങൾ ദക്ഷിണേന്ത്യക്കാരായവർക്ക് എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് രജനിസർ ചോദിച്ചു.
അദ്ദേഹം വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. നാളെ മുതൽ എല്ലാവരും അണിനിരന്നു നിൽക്കട്ടെ, എല്ലാപേരെയും ഒരേ രീതിയിൽ ആലിംഗനം ചെയ്യണം. അതിനുശേഷം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവു, ഇല്ലെങ്കിൽ ഷൂട്ടിംഗ് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. പിന്നീടാണ് അദ്ദേഹം തമാശ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായത്- രംഭ പറഞ്ഞു.
***  ***  ***
ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് സിനിമ എടുക്കുന്നത് എങ്ങനെയെന്ന് തന്നെ മറന്നു പോയിരുന്നെന്ന് സംവിധായകൻ കമൽ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പുതുതലമുറയിൽ ഒരു സിനിമ ചെയ്ത ശേഷം രണ്ടും മൂന്നും വർഷം 
ഗ്യാപ്പ് എടുത്ത ശേഷമാണ് യുവാക്കൾ അടുത്ത സിനിമ ചെയ്യുന്നത് എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ഗ്യാപ്പാണ്. എന്ത് ചെയ്യണമെന്ന് ബ്ലാങ്ക് ആയി ഇരുന്നപ്പോൾ പ്രചോദനം തന്നത് കുടുംബവും സുഹൃത്തുക്കളുമായിരുന്നു. ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത 'വിവേകാന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമൽ.
കോവിഡ് വന്നപ്പോൾ സിനിമ മേഖല മുഴുവൻ അടച്ചു പൂട്ടി. അതിനുശേഷം ഒടിടി പ്ലാറ്റ്‌ഫോം വരുന്നു, സിനിമയുടെ സാങ്കേതികത മാത്രമല്ല അതിന്റെ വിപണിയും മാറി. ചലച്ചിത്ര അക്കാദമിയിൽ നിന്ന് 2021 ഡിസംബർ 31നാണ് റിലീസ് ചെയ്യുന്നത്. അതിനുശേഷം വീട്ടിലിരുന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ബ്ലാങ്ക് ആയിപ്പോയി. എല്ലാ ഭാഷകളിലെയും സിനിമകൾ കാണും, മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും, സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെ മാറിപ്പോകുന്നതും എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നു. നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകൾ വരുന്നത്. ഒരു ഘട്ടത്തിൽ ഇനിയെന്ത് എന്നൊരു ചോദ്യം കുറെ കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ'- കമൽ പറഞ്ഞു.
***  ***  ***
ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ട്രക്കുകൾ പുറപ്പെട്ടപ്പോൾ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു: റഫ ക്രോസിംഗ് വഴി വലിയ വാഹനങ്ങൾ കടന്നു പോകാൻ ഒന്നോ, രണ്ടോ ദിവസം കൂടി വേണ്ടി വരുമെന്ന്. ഇടവേളകളില്ലാത്ത ഇസ്രായിൽ ബോംബ് വർഷത്തിൽ ഗാസയിലേക്കുള്ള റോഡാകെ തകർന്നു തരിപ്പണമായെന്ന് ബൈഡനറിയമായിരുന്നു. ഏതാണ്ട് അതേ സ്ഥിതിയിലൊരു റോഡ് കോഴിക്കോട് നഗരത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുണ്ട്. നഗര ജനസംഖ്യയിൽ മൂന്നിലൊന്നും അധിവസിക്കുന്ന പ്രദേശത്തെ റോഡാണിത്. എ.കെ ഗോപാലൻ സ്മാരക മേൽപ്പാലത്തിൽനിന്ന് തുടങ്ങി മനന്തലപാലം വഴി കുണ്ടുങ്ങലിലെത്തുന്ന റോഡ്. തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് രണ്ടു മഴക്കാലം കഴിഞ്ഞു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽപെടുന്ന പ്രദേശമാണിത്. സാഹിത്യനഗര പദവി ലഭിച്ചതോടെ കോർപറേഷന് ഇതൊന്നും ശ്രദ്ധിക്കാൻ തീരെ നേരമില്ലാതായി. ഒന്നു രണ്ടാഴ്ച മുമ്പ് വരെ ഇവിടത്തെ എം.എൽ.എ ഒരു മന്ത്രിയായിരുന്നു. മന്ത്രി ദേവലോകത്തിന്റെ ഫണ്ടിൽനിന്ന് ഈ റോഡ് നന്നാക്കാൻ 15 ലക്ഷം കിട്ടിയെന്ന് ചില പാണന്മാർ പാടിനടക്കുന്നതും കേട്ടിരുന്നു. ഏതായാലും റോഡ് ധൈര്യപൂർവം അടുത്ത മഴക്കാലത്തിനായി കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇതേ റോഡിൽ ഒരു കല്യാണമണ്ഡപത്തിലെത്തിയ ദേവലോകക്കാരൻ കടന്നുപോകുന്നത് കണ്ടു. ഏത് ഇരുട്ടിലും മനസിലാകും വിധം വെളിച്ചമുള്ള എം.എൽ.എ ബോർഡും ഘടിപ്പിച്ചായിരുന്നു സർക്കാർ വാഹനത്തിലെ വരവ്. ഗാസയിലെ യാത്രാ സുഖം മൂപ്പരും അറിയട്ടെ. ഇതൊന്നുമല്ല തമാശ. മന്ത്രി സ്ഥാനമൊഴിഞ്ഞ വേളയിൽ കോഴിക്കോട്ടെ പി.ആർ.ഡി സൗത്ത് മണ്ഡലത്തിലെ വികസന കുതിപ്പിനെ പറ്റി ഒരു വീഡിയോ ക്ലിപ്പ് തയാറാക്കിയിരുന്നു. മന്ത്രി ഫേസ്ബുക്കിൽ അത് ഷെയർ ചെയ്തു. കാണിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് മിഠായിതെരുവും പഴയ മേൽപാലങ്ങളും കുറ്റിച്ചിറയും തളിക്ഷേത്രവുമെല്ലാം ഉൾപ്പെടുത്തി. അപ്പോൾ തളി ക്ഷേത്രവും മൂപ്പരാണല്ലേ ഉണ്ടാക്കിയതെന്നായിരുന്നു ഒരു രസികന്റെ കമന്റ്.

Latest News