Sorry, you need to enable JavaScript to visit this website.

ഒബിസി വിഭാഗത്തെ അധിക്ഷേപിച്ച് ബാബാ രാംദേവ് 

ന്യൂദല്‍ഹി-യോഗാ ഗുരു രാംദേവ് ഒബിസി വിഭാഗത്തെ അവഹേളിച്ചെന്ന് ആരോപണം. ഒബിസി വിഭാഗത്തിനെതിരെ പരാമര്‍ശം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരോപണമുയര്‍ന്നത്. എന്നാല്‍, സംഭവത്തില്‍ വിശദീകരണവുമായി ബാബാ രാംദേവ് രംഗത്തെത്തി. തന്റെ പരാമര്‍ശം എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ ഉദ്ദേശിച്ചുള്ളതാണെന്നും ഒബിസി സമുദായത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും രാംദേവ് വ്യക്തമാക്കി. കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് ബാബാ രാംദേവിന്റെ വിശദീകരണം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ പറഞ്ഞത് ഒവൈസി എന്നാണ്, ഒബിസി എന്നല്ല. ഒവൈസിയുടെ മുന്‍ഗാമികള്‍ ദേശവിരുദ്ധരായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല'- രാംദേവ് വ്യക്തമാക്കി. എന്നാല്‍, വീഡിയോയില്‍ രാംദേവ് താന്‍ ബ്രാഹ്മണനാണെന്ന് പറയുകയും അഗ്നിഹോത്രി ബ്രാഹ്മണന്‍ ഉള്‍പ്പെടെയുള്ള വിവിധ ബ്രാഹ്മണ വിഭാഗത്തെ പുകഴ്ത്തുകയും ചെയ്യുന്നു.
'എന്റെ യഥാര്‍ത്ഥ ഗോത്രം ബ്രാഹ്മണ ഗോത്രമാണ്. ഞാന്‍ ഒരു അഗ്നിഹോത്രി ബ്രാഹ്മണനാണ്. ആളുകള്‍ പറയുന്നു ബാബാജി ഒബിസി ആണെന്ന്. ഞാന്‍ ഒരു വേദ ബ്രാഹ്മണന്‍, ദ്വിവേദി ബ്രാഹ്മണന്‍, ത്രിവേദി ബ്രാഹ്മണന്‍, ചതുര്‍വേദി ബ്രാഹ്മണന്‍ ആണ്. ഞാന്‍ നാല് വേദങ്ങള്‍ വായിച്ചിട്ടുണ്ട്'- എന്നതായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം. 
 

Latest News