Sorry, you need to enable JavaScript to visit this website.

ജനുവരി 22 ന്റെ ചടങ്ങ് അനീതിയുടെ ആഘോഷം; നീതിബോധമുള്ളവർ പങ്കെടുക്കില്ല -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - ജനുവരി 22 ന്റെ അയോധ്യയിലെ ചടങ്ങ് അനീതിയുടെ ആഘോഷമാണെന്നും നീതിബോധമുള്ളവർ ആ ചടങ്ങിൽ പങ്കെടുക്കില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മതനിരപേക്ഷ  ജനാധിപത്യ ഇന്ത്യയുടെ ധ്വംസന ദിനമാണത്. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ അന്യായമായി പടുത്തുയർത്തിയതാണ് രാമക്ഷേത്രം. ബാബരി ധ്വംസനത്തിന്റെ ചരിത്രം 1992 ഡിസംബർ ആറിന്റെ ചരിത്രം മാത്രമല്ല. രാജ്യത്തെ മുസ്‌ലിം സമുദായത്തോടുള്ള നിരന്തരമായ വഞ്ചനയുടെ ചരിത്രം കൂടിയാണത്. അതിന്നും തുടർന്നു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. 

മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വെച്ച് സംഘ്പരിവാർ ശക്തിപ്പെടുത്തിയ വംശീയരാഷ്ട്രീയത്തോടുള്ള രാഷ്ട്രീയ  സാമൂഹിക പ്രസ്ഥാനങ്ങളുടെ നിലപാട് സമൂഹമധ്യേ തുറന്നു കാണിച്ച ലിറ്റ്മസ് ടെസ്റ്റായിരുന്നു 92 ഡിസംബർ വരെയുള്ള കാലയളവിൽ നടന്ന സംഭവവികാസങ്ങൾ.
സമാനമായ മറ്റൊരു നിലപാട് പരിശോധനയാണ് രാജ്യത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ജനുവരി 22 ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക / പങ്കെടുക്കാതിരിക്കുക എന്നത് വ്യക്തികൾ തീരുമാനിക്കേണ്ട കേവല വിഷയമല്ല. സാമൂഹ്യ  രാഷ്ട്രീയ മാനങ്ങളുള്ള വിഷയമാണ്. സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും കൃത്യമായ നിലപാട് എടുക്കേണ്ട വിഷയമാണ്. സംഘ്പരിവാർ ഉയർത്തി വിടുന്ന മുസ്‌ലിം വിരുദ്ധ വംശീയ രാഷ്ട്രീയത്തോട് നിങ്ങളുടെ നിലപാട് എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്.

ജനുവരി 22 ന് നടക്കുന്നത് കേവലം മതപരമായ ഒരു ചടങ്ങ് മാത്രമല്ല. രാജ്യത്തെ മതനിരപേക്ഷ താൽപര്യങ്ങളെ കുഴിച്ചു മൂടി, അതിനു മേൽ പണിയുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപന പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ ചടങ്ങാണത്. നീതിക്ക് മേലുള്ള അനീതിയുടെ കെട്ടിപ്പടുക്കൽ. ഇതിൽ ഒരാൾ / ഒരു പ്രസ്ഥാനം / പാർട്ടി ഏതു പക്ഷത്ത് നിലയുറപ്പിക്കുന്നു എന്ന് മറയില്ലാതെ വെളിവാക്കപ്പെടുന്ന വിഷയമാണ്.

സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ 
അവസാനിച്ച കേവല നിയമപ്രശ്‌നവുമല്ല ഈ വിഷയം. പരമോന്നത നീതിപീഠത്തിന്റെ വിധിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്നാട്ടിലെ സാധാരണക്കാർ, ഇത്രയേ ഉള്ളോ നമ്മുടെ നാട്ടിലെ ന്യായാധിപന്മാരുടെ നീതിബോധവും സത്യത്തോടുള്ള പ്രതിബദ്ധതയും എന്ന് മറുചോദ്യമുന്നയിച്ച് പുതിയ സാമൂഹിക ബോധങ്ങൾ ഓപ്പൺ ചെയ്ത രാഷ്ട്രീയ പ്രശ്‌നമാണ്. ജുഡീഷ്യൽ കർസേവയെന്നാലെന്തെന്ന് ആളുകൾ കൂടുതൽ മനസ്സിലാക്കിയ കേസ് ഫയലാണിത് -അദ്ദേഹം പറഞ്ഞു.

നിലപാടുകളിൽ വ്യക്തത ഇല്ലാതെ കേവല തെരഞ്ഞെടുപ്പ് മുന്നണികൾ കൊണ്ട് മാത്രം സംഘ്പരിവാറിനെ താഴെയിറക്കാം എന്ന മൂഢസ്വപ്‌നത്തിൽ  അഭിരമിക്കുന്നവർ മുന്നണികൾക്കപ്പുറത്തെ സാമൂഹിക രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോഴും ബോധം വരാത്തവരാണ്. അവർ പാഠം പഠിക്കില്ലെന്ന് സ്വയം തീരുമാനിച്ചിറങ്ങിയവരാണ്. ബാബരിക്ക് മേൽ പടുത്തുയർത്തുന്ന എല്ലാ നിർമിതികളും രാഷ്ട്രീയങ്ങളും അനീതിയും അക്രമവുമാണ്. അതിനെ അംഗീകരിക്കാനാകില്ലെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു. 
 

Latest News