Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര ഉദ്ഘാടന ദിവസം  അസമില്‍ മദ്യകച്ചവടം അനുവദിക്കില്ല 

ഗുവാഹതി- അയോധ്യയിലെ രാമ ക്ഷേത്ര ഉദ്ഘാടന ദിവസമായ ജനുവരി 22ന് ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ബഹുമാനാര്‍ത്ഥമാണ് സംസ്ഥാനത്ത് ഡ്രൈ ഡേയായി ആചരിക്കുന്നത്. മതപരമായ ചടങ്ങുകളോടുള്ള ആദരസൂചകമായാണ് അസം സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ ദിവസം സംസ്ഥാനത്തുടനീളം മദ്യവില്‍പ്പന നിരോധിക്കും.
ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയില്‍ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരത്തിലുമാണ് രാമ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക എന്‍ഡോവ്‌മെന്റ് (മുസ്രയ്) മന്ത്രിയുമായ രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. അയോധ്യയിലെ രാമമന്ദിര്‍ വിഗ്രഹപ്രതിഷ്ഠയുടെ മഹത്തായ അവസരത്തിന്റെ സ്മരണയ്ക്കായി കര്‍ണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അനുമതി നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാരുജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു. നേതാക്കള്‍ക്ക് നല്‍കാന്‍ പാര്‍ട്ടിക്ക് പ്രത്യേക നിര്‍ദ്ദേശമില്ലെന്നും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ജനുവരി 20, 21 തീയതികളില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാര്‍ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Latest News