Sorry, you need to enable JavaScript to visit this website.

ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ഗുജറാത്ത്, യു. പി സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ്

ന്യൂദല്‍ഹി- ട്രാന്‍സ്ജെന്‍ഡറാണെന്നതിനാല്‍ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രിം കോടതി. 31കാരി ജെയ്ന്‍ കൗശിക് എന്ന യുവതിയുടെ ഹര്‍ജിയില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പര്‍ദിവ്ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് പുറമെ ഗുജറാത്ത് ജാംനഗറിലെ സ്‌കൂള്‍ മേധാവിയോടും ഉത്തര്‍പ്രദേശിലെ ഖിരി ആസ്ഥാനമായുള്ള മറ്റൊരു സ്വകാര്യ സ്‌കൂളിന്റെ ചെയര്‍പേഴ്സണോടും സുപ്രിം കോടതി വിശദീകരണം ആവശ്യപ്പെട്ടു. രണ്ട് സ്‌കൂളുകളിലും ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നാണ് ജെയ്ന്‍ കൗശിക് പരാതിയില്‍ പറയുന്നത്. ഇവരുടെ ഹര്‍ജി രണ്ട് വ്യത്യസ്ത ഹൈക്കോടതികളില്‍ നിലനില്‍ക്കെ അവിടെ ഇനിയും വാദം തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്നറിയിച്ച് യുവതി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ നിന്നും നിയമന കത്ത് നല്‍കിയിരുന്നതായും പിരിച്ചു വിടുന്നതിന് മുമ്പ് ആറു ദിവസം പഠിപ്പിച്ചതായും ട്രാന്‍സ്ജെന്‍ഡറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഗുജറാത്ത് സ്‌കൂളില്‍ നിയമന കത്ത് നല്‍കുകയും എന്നാല്‍ പിന്നീട് അവരുടെ ഐഡന്റിറ്റി അറിഞ്ഞതിനെ തുടര്‍ന്ന് ചേരാനുള്ള അവസരം നിഷേധിക്കുകയും ചെയ്തുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. തന്റെ മൗലികാവകാശങ്ങള്‍ നടപ്പാക്കണമെന്നാണ് ഹര്‍ജിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടത്.

Latest News