Sorry, you need to enable JavaScript to visit this website.

'സ്‌നേഹമെന്നത് ചിത്രശലഭം പോലെ'

2023വർഷം അവസാനിക്കുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ കണക്കുകൾ മാത്രം. 700 കോടിക്ക് മുകളിൽ വരും ഇതെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തൽ. 2023ൽ തിയേറ്ററുകളിൽ എത്തിയത് 220 സിനിമകളാണ്. ഇതിൽ മുടക്കുമുതൽ തിരിച്ചുകിട്ടിയത് പതിനാല് സിനിമകൾക്ക് മാത്രമെന്നറിയുക. 
സൂപ്പർ താരങ്ങളുടെ സിനിമകൾ അടക്കം ഏതാനും ദിവസങ്ങൾ മാത്രമേ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചിട്ടുള്ളു എന്നതാണ് സത്യം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ സിനിമകൾ എത്തുകയും അടുത്തയാഴ്ച അത് മാറിവരികയും ആയിരുന്നു. സിദ്ധാർത്ഥ് ഭരതൻ ചിത്രം 'ജിന്ന്' ആയിരുന്നു ഈ വർഷം ആദ്യം റിലീസ് ചെയ്ത ചിത്രം. ജനുവരി 6ന് ആയിരുന്നു റിലീസ്. ചിത്രത്തിന്റെ പ്രദർശനം അധികനാൾ നീണ്ടുപോയില്ല. ജനുവരിയിൽ പതിനഞ്ച് സിനിമകൾ എത്തിയെങ്കിലും അതിൽ ഹിറ്റ് ആയത് മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' മാത്രമാണ്. മോഹൻലാലിന്റെ 'എലോൺ', മഞ്ജു വാര്യരുടെ 'ആയിഷ' അടക്കമുള്ള ചിത്രങ്ങൾ തിയേറ്ററിൽ ദുരന്തമായി. മഞ്ജു വാര്യരുടെ 'വെള്ളരിപട്ടണം' എന്ന ചിത്രവും ഫ്ളോപ്പ് ആയിരുന്നു. 2023ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം എത്തുന്നത് ഫെബ്രുവരിയിലാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം' മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടുകയായിരുന്നു. 75 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. സത്യത്തിൽ ഇതിന്റെ വിജയം അത്ഭുതമാണ്. ഒരു കഥയില്ലാ സിനിമ. ഒരു സെക്കന്റ് ചിരിക്കാൻ വകുപ്പില്ലാത്ത സിനിമയുടെ കബളിപ്പിക്കുന്ന പോസ്റ്ററുകളിൽ കേരളമാകെ ചിരിയുടെ മാലപ്പടക്കം എന്നെഴുതിവെച്ചിരുന്നു. ഏപ്രിൽ എത്തിയ 'പൂക്കാലം', 'പാച്ചുവും അത്ഭുതവിളക്കും' ആവറേജ് ഹിറ്റ് ആയി മാറിയിരുന്നു. മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വക നൽകിയത് ജൂഡ് ആന്റണിയുടെ '2018' ആണ്. 177 കോടി കലക്ഷൻ നേടിയ ചിത്രം സൂപ്പർ ഹിറ്റായി. മേയിൽ റിലീസ് ചെയ്ത 'നെയ്മർ' മുടക്കുമുതൽ തിരിച്ചു കിട്ടിയ ചിത്രങ്ങളിൽ ഒന്നാണ്. 
ജൂണിൽ റിലീസ് ചെയ്ത 'മധുര മനോഹര മോഹം' സിനിമയും മുടക്കുമുതൽ തിരിച്ചു കിട്ടിയ ചിത്രമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ദുൽഖറിന്റെ 'കിംഗ് ഓഫ് കൊത്ത' എത്തിയതെങ്കിലും തിയേറ്ററിൽ പരാജയമായി. സെപ്റ്റംബറിൽ അപ്രതീക്ഷിതമായി മറ്റൊരു സൂപ്പർ ഹിറ്റ് കൂടി എത്തി. നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച് യുവതാരങ്ങളുടെ ചിത്രം 'ആർഡിഎക്സ്' റെക്കോർഡ് നേട്ടമാണുണ്ടാക്കിയത്.
മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്‌ക്വാഡ്' മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ആവുകയായിരുന്നു. നവംബറിൽ എത്തിയ സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം 'ഗരുഡൻ' ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ജിയോ ബേബി-മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ' ഏറെ ചർച്ച ചെയ്യപ്പെട്ട ഹിറ്റ് ചിത്രമാണ്. ഡിസംബർ 21ന് എത്തിയ മോഹൻലാലിന്റെ 'നേര്' ചിത്രം 50 കോടി ക്ലബ്ബിലെത്താനാണ് സാധ്യത. 

***  ***  ***

പ്രമുഖ മോട്ടിവേഷൻ സ്പീക്കർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ. സോഷ്യൽ മീഡിയയിൽ താരമായ വിവേക് ബിന്ദ്രയ്‌ക്കെതിരെയാണ് ഭാര്യ യാനിക പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. യാനികയുടെ സഹോദരൻ വൈഭവ് ക്വാത്ര നൽകിയ പരാതിയിൽ ബിന്ദ്രയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് നോയിഡയിലെ സെക്ടർ 126 പോലീസ് കേസെടുത്തു. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒയും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ആളുകൾ ഫോളോവേഴ്സുള്ള മോട്ടിവേഷൻ സ്പീക്കറാണ് ബിന്ദ്ര.
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ വിവേക് ഭാര്യയെ അതിക്രൂരമായി പീഡീപ്പിക്കുന്നുവെന്നാണ് പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. വിവാഹ ശേഷം നവദമ്പതിമാർ നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റസിഡൻസിയിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഭാര്യയെ പ്രതി ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം, ഡിസംബർ 7 ന് പുലർച്ചെ ബിന്ദ്രയും അമ്മ പ്രഭയും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കുതർക്കമുണ്ടായി. അമ്മയും മകനും തമ്മിലുള്ള വഴക്കിൽ ഇരുവരെയും സമാധാനിപ്പിക്കാനെത്തിയ യാനികയെ വിവേക് ബിന്ദ്ര മർദ്ദിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു. മർദ്ദനമേറ്റ് യാനികയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. എഫ്‌ഐആർ പ്രകാരം ഡിസംബർ ആറിനാണ് ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് യാനിക ക്രൂമയാ ആക്രമണത്തിന് ഇരയാകുന്നത്. അമ്മയുമായുള്ള വഴക്കിൽ ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ ബിന്ദ്ര യാനികയെ ഒരു മുറിയിലേക്ക് പിടിച്ച് വലിച്ച് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് അസഭ്യം പറയുകയും മുടി പിടിച്ച് വലിച്ച് ക്രൂരമായി മർദിക്കുകയും ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്തു. അടിയേറ്റ് യാനികയുടെ കേൾവിശക്തിക്ക് തകരാറുണ്ടായതായും എഫ്ഐആറിൽ പറയുന്നു. എന്തു നല്ല മോട്ടിവേഷൻ സ്പീക്കർ? 

***  ***  ***

ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം ലോകപ്രശസ്തമാണ്. അതിനെ അന്വർത്ഥമാക്കി 2023 ൽ സൊമാറ്റോ എന്ന ഭക്ഷ്യ വിതരണ ആപ്പ് വഴി മാത്രം ഇന്ത്യക്കാർ വാങ്ങിച്ചു കഴിച്ചത് എട്ടു കുത്തബ് മീനാർ നിറക്കാൻ കഴിയുന്നത്രയും ബിരിയാണിയെന്ന് സൊമാറ്റോ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ എട്ടാംവർഷവും ബിരിയാണി തന്നെയാണ് ഏറ്റവുമധികം ഓർഡറുകൾ ലഭിച്ച ഭക്ഷ്യവിഭവമായി മാറിയതെന്നാണ് മറ്റൊരു ഭക്ഷ്യ വിതരണ ആപ്പായി സ്വിഗ്ഗിയും പറയുന്നത്. സൊമാറ്റോയിലായാലും സ്വിഗ്ഗിയിലായാലും ഏറ്റവുമധികം ഓർഡർ ലഭിക്കുന്ന ഭക്ഷ്യ വിഭവം ബിരിയാണി തന്നെയാണ്.
2023 ൽ ഓരോ സെക്കൻഡിലും ഇന്ത്യക്കാർ 2.5 ബിരിയാണികളാണ് ഓർഡർ ചെയ്തതെന്നും ഹൈദരാബാദിൽ ഒരു വ്യക്തിമാത്രം ഇക്കൊല്ലം വാങ്ങിയത് 1,633 ബിരിയാണികളാണെന്നും സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. ഒരു മുംബൈ നിവാസി ഈ വർഷം സ്വിഗ്ഗിയിൽ നടത്തിയ മൊത്തം ഓർഡറുകളുടെ മൂല്യം 42.3 ലക്ഷം രൂപയാണ്. ഇന്ത്യാക്കാർ സൊമാറ്റയിലൂടെ കഴിച്ച പീസയുടെ കണക്ക് കേട്ടാലും ഞെട്ടും. കൽക്കത്തയിലെ ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയും നാലെണ്ണം ചേർന്നാൽ എത്രയും വരുമോ അത്രയും പീസയാണ് ഇന്ത്യക്കാർ ഈ ഭക്ഷ്യ വിതരണ ആപ്പിലൂടെ മാത്രം കഴിച്ചത്.

***  ***  ***

വധുവിന്റെ വീട്ടുകാർ മട്ടന്റെ മജ്ജ മെനുവിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയാണ് വധു. കഴിഞ്ഞ മാസം യുവതിയുടെ വീട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹം മുടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വരനും ബന്ധുക്കളും അടക്കമുള്ള അതിഥികൾക്കായി നോൺ വെജ് വിഭവങ്ങളായിരുന്നു വധുവിന്റെ വീട്ടുകാർ ഒരുക്കിയിരുന്നത്. വിഭവങ്ങളുടെ കൂട്ടത്തിൽ മട്ടന്റെ മജ്ജയില്ലെന്ന് ചില അതിഥികൾ ചൂണ്ടിക്കാട്ടിയതോടെയാണ് വഴക്ക് തുടങ്ങിയത്. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നം വഷളായതോടെ പോാലീസ് സ്ഥലത്തെത്തി. മെനുവിൽ മട്ടൻ മജ്ജയില്ലെന്ന കാര്യം വധുവിന്റെ വീട്ടുകാർ മനപ്പൂർവം തങ്ങളിൽനിന്ന് മറച്ചുവച്ചതായി വരന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതിനുപിന്നാലെ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഇതൊരു തെലുങ്ക് സിനിമയുടെ സ്വാധീനം കാരണമാണെന്നും റിേേപ്പാർട്ടുണ്ട്. 

***  ***  ***

വടക്കൻ കേരളത്തോട് തൊട്ടു കിടക്കുന്ന മംഗളുരുവിൽനിന്ന് പുതുതായി ഗോവയിലേക്ക് സർവീസ് തുടങ്ങുന്ന വന്ദേഭാരതിന്റെ സമയക്രമമറിയാൻ ഒരു മലയാളി ഗൂഗിൾ സെർച്ച് കൊടുത്തു. അതാണല്ലോ ഇപ്പോൾ നാട്ടുനടപ്പ്. ഗൂഗിൾ ആന്റി പക്ഷേ ആദ്യം വെച്ചു നീട്ടിയത് ഗായിക അമൃത സുരേഷിനെ പറ്റിയുള്ള ഗോസിപ്പുകളാണ്. ബാല, അഭിരാമി, ആറാട്ടണ്ണൻ ഇങ്ങിനെ റിലേറ്റഡ് കണ്ടന്റുകൾ വേറെയും അതാ കിടക്കുന്നു തൊട്ടു താഴെയായി. വായനക്കാർക്ക് താൽപര്യമുള്ള പരദൂഷണം എടുത്തു വിളമ്പി വ്യൂവർഷിപ്പ് കൂട്ടാനുള്ള ഗൂഗിളിന്റെ ഓരോ സൂത്രപ്പണി. ഏതായാലും ഈ വർഷം ഗായിക അമൃതയെ പറ്റി കേൾക്കാൻ തീരെ താൽപര്യമില്ലാത്ത പല കഥകളും പ്രചരിച്ചു. ഇതെന്തോ ആകട്ടെ, ആ കുട്ടി നല്ല സാധ്യതയുള്ള ഗായികയാണ്. ബംഗാളിൽ നിന്നെത്തി ശ്രേയ ഗോഷാൽ മലയാളത്തിൽ പാടി കേരളീയരുടെ ഇഷ്ടം പിടിച്ചു പറ്റിയത് പോലെ. 
കോവിഡ് തടവുനാളുകളിൽ ഗൾഫിലെ ഫ്ലാറ്റിൽ തനിച്ചു കഴിയുമ്പോൾ മാതൃഭൂമി കപ്പ ടിവിയിൽ അമൃത പാടിയ എല്ലാരും ചൊല്ലണ് റീമിക്‌സ് പാട്ട് അഞ്ചാറ് തവണ റിപ്പീറ്റ് ചെയ്തു കേട്ടപ്പോൾ ലഭിച്ച പോസിറ്റീവ് എനർജി വാക്കുകളിൽ വിവരിക്കാനാവാത്തതാണ്. 
ഗായികയും മുൻ ഭാര്യയുമായ അമൃത സുരേഷിനെതിരെ നേരത്തെ നടൻ ബാല നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അമൃതയുടെ സഹോദരി അഭിരാമി രംഗത്തെത്തിയിരുന്നു. പത്ത് വർഷമായി തുടരുന്ന വേട്ടയാടലാണിതെന്നും തന്റെ സഹോദരിയെ മൂന്നാം കിടക്കാരിയാക്കുന്ന പ്രവൃത്തിയാണ് ഇവർ ചെയ്യുന്നതെന്നുമായിരുന്നു അഭിരാമിയുടെ പ്രതികരണം. വീണ്ടും ഒരു അഭിമുഖത്തിൽ അഭിരാമിയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് ബാല. ഇന്നേവരെ അഭിരാമി സുരേഷിന്റെ പേര് ഏതെങ്കിലും അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ടോ? എന്തെങ്കിലും കുറ്റം ഞാൻ പറഞ്ഞിട്ടുണ്ടോ? എനിക്ക് ഇപ്പോഴും അവൾ അനിയത്തിക്കുട്ടിയാണ്. അവൾ എന്നോട് ഒരു കുറ്റവും ചെയ്തിട്ടില്ല. പക്ഷേ അവൾ ഇപ്പോൾ എന്നെക്കുറിച്ച് എന്തോ പറഞ്ഞിരിക്കുകയാണ്. ഞങ്ങൾ ജീവിച്ചുപോട്ടെയെന്നോ മറ്റോ. ഞാനും ജീവിച്ചുപോട്ടേ. നിയമം നിങ്ങൾ പാലിക്ക്'- ബാല വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുനാളുകളായി ബാലയുടെ വീഡിയോകളിലൊന്നും ഭാര്യ എലിബത്തിനെ കാണാനില്ല. ഇതുമായി ബന്ധപ്പെട്ടുള്ള അവതാരകന്റെ ചോദ്യത്തോടും ബാല പ്രതികരിച്ചു. 'എലിസബത്ത് ഗോൾഡാണ്. എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. വിധി. അവളുടെ പോലത്തെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഷീ ഈസ് ഗോൾഡ്. സ്നേഹം എന്നത് ചിത്രശലഭം മാതിരി. തന്നെ വരും. പിടിക്കാൻ പറ്റത്തില്ല. ഞാൻ മരിച്ചാലും അവരെക്കുറിച്ച് ഒരു കുറ്റവും പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ബട്ട് വിധി. അതിലേക്ക് ഞാൻ പോകുന്നില്ല.'- ബാല വ്യക്തമാക്കി.
നടൻ ബാലയ്ക്കെതിരെ ആരോപണവുമായി സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കിയും രംഗത്തെത്തി. ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നും സന്തോഷ് വർക്കി പറയുന്നു. ആദ്യമൊക്കെ ബാല തനിക്ക് സഹോദരനെ പോലെയായിരുന്നുവെന്നും നല്ല ബന്ധമായിരുന്നുവെന്നും പറഞ്ഞ സന്തോഷ്, പിന്നീട് ചില തെറ്റിദ്ധാരണകൾ വന്ന് ആ ബന്ധം വഷളാവുകയായിരുന്നുവെന്ന് സന്തോഷ് വർക്കി പങ്കുവച്ചു.
അവസാനം വീട്ടിൽ പോയപ്പോഴാണ് എന്നെ അടിച്ചത്. ഇനി പോയാൽ കടന്നുകയറ്റത്തിന് കേസ് ആക്കുമെന്ന് പറഞ്ഞു. അതിനാൽ ബർത്ത് ഡേയ്ക്ക് പോയില്ല. വിളിച്ചുവെങ്കിലും കിട്ടിയില്ല. അന്ന് വിളിച്ചപ്പോൾ ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാൻ കേസ് കൊടുത്തില്ല- സന്തോഷ് വർക്കി പറഞ്ഞു. സമൂഹ മാധ്യമത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പറയുന്നത് നമുക്ക് വിശ്വസിക്കാം. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോഡിയാണ് സമൂഹ മാധ്യമത്തിന്റെ സാധ്യത ആദ്യം തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവ്. പതിനേഴ് വർഷം മുമ്പ് മോഡി സജീവമാവുമ്പോൾ മറ്റൊരു പൊളിറ്റീഷ്യനും യുട്യൂബിലും ഫേസ്ബുക്കിലും ആക്ടീവായിരുന്നില്ല. കോടിയേരി സഖാവ് ഇടക്കിടെ ഇതിന്റെ പ്രാധാന്യം സഖാക്കളെ ഓർമപ്പെടുത്താറുണ്ടായിരുന്നുവെങ്കിലും വിപ്ലവകാരികൾ ഇനിയും വേണ്ട വിധം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ വന്നതു കൊണ്ടാണല്ലോ സന്തോഷ് പണ്ഡിറ്റ് മുതൽ മറിയക്കുട്ടി വരെ പലരും നമുക്ക് സുപരിചിതരായത്.

***  ***  ***

ഭർത്താവ് മരിച്ച ശേഷമാണ് താൻ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് നടി താര കല്യാൺ. അരീക്കൽ ആയുർവേദിക് പഞ്ചകർമ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് താര ഇക്കാര്യം പറഞ്ഞത്. ജീവിതത്തിൽ തനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് താര കല്യാൺ പറയുന്നത്. മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോൾ സ്ത്രീകൾക്കൊരു വിഷമം എന്ന് ഡോക്ടർ പറഞ്ഞു. സത്യം. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങൾ കുക്ക് ചെയ്യാം, പുരുഷൻമാർ പാത്രം കഴുകട്ടെ..' എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്.
ഈ വാക്കുകൾക്ക് കൈയ്യടികൾ ലഭിച്ചതോടെ, 'ഈ കൈയ്യടി ഞാൻ വാങ്ങിക്കട്ടെ, കാരണം നമ്മൾ എല്ലാവരും തുല്യ ദുഃഖിതരാണ്' എന്നും താര പറയുന്നുണ്ട്. 'ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തിൽ ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ..' 'പക്ഷെ ലൈഫിൽ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതിൽ ഏറ്റവും നല്ല ഫാമിലിയും ഭർത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങൾ, സാമ്പത്തികം, പല ചുമതലകൾ അങ്ങനെ ജീവിച്ച്, ഓടിത്തീർത്ത് ജീവിതം.'
ഇപ്പോൾ ഒരു ആറ് വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാൻ നിക്കണ്ട, ഓരോരുത്തർക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്- താര വിശദീകരിച്ചു. 

***  ***  ***

കേരളത്തിലെ മാധ്യമ പ്രവർത്തകരെ പോലെയല്ല സിനിമാ താരങ്ങൾ. അവർക്ക് ചോദിക്കാനും പറയാനും ആളുണ്ട്. എന്തെങ്കിലും വിഷമതകളനുഭവിക്കേണ്ടി വന്നാൽ സഹായിക്കാൻ അമ്മ എന്ന കൂട്ടായ്മയുണ്ട്. 
സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ലൈംലൈറ്റിൽ നിന്ന് മാറിയാൽ അഭിനേതാക്കളുടെ കാര്യവും സങ്കടകരമാണ്. മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ബീന കുമ്പളങ്ങി. ഭക്ഷണവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട നടി ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി നടിയും സാമൂഹ്യ പ്രവർത്തകയുമായ സീമ ജി. നായർ. ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് ഈ പ്രശ്നത്തിൽ ഇടപെടുന്നത് എന്നാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളിൽ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതിൽ ഇടപെട്ടത്. താൻ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. അവിടെയുള്ളവർ നടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് വന്നിട്ടുണ്ട്. ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിയ്ക്ക് അവിടെ കഴിയാം. ഇതുവരെ ചേച്ചിയ്ക്ക് ഭക്ഷണവും മരുന്നും ഒന്നുമില്ലായിരുന്നു. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയിൽ നിൽക്കുകയാണ്. 
അമ്മ സംഘടന നിർമ്മിച്ച് നിൽകിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിയ്ക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. മാനസിക പീഡനം കൂടി വന്നതോടെയാണ് ചേച്ചി ആകെ തളർന്ന് പോയത്. വീട് വെക്കുന്ന അന്ന് മുതൽ തുടങ്ങിയ പ്രശ്‌നമാണ് അവിടെ. പിന്നീട് വല്ലാത്തൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോൾ ബീന ചേച്ചിയുടെ ആരോഗ്യവസ്ഥയൊക്കെ വളരെ മോശമാണ് എന്ന് സീമ ജി നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. ടി.പി മാധവൻ എന്ന സിനിമാ നടനെ മലയാളി മറക്കുന്നതെങ്ങിനെ? കമ്പനി സിഇഒയായ മാധവന്റെ മുമ്പിൽനിന്ന് വിറക്കുന്ന മോഹൻലാലിനേയും ശ്രീനിവാസനേയും നാടോടിക്കാറ്റിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിത്രം സങ്കടമുണർത്തുന്നതാണ്. ഗാന്ധി ഭവനിൽ താമസിക്കുന്ന അദ്ദേഹം വല്ലാതെ ക്ഷീണിച്ചു. ഓർമ്മ നഷ്ടപ്പെട്ട അദ്ദേഹം ചായ കുടിച്ചതിനു ശേഷവും, ചായ കുടിച്ചിട്ടു വരാം എന്നും പറഞ്ഞു മെല്ലെ മുൻപോട്ടു നടക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ കണ്ടു. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടി കനകയുടെ ഒരു ചിത്രവും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിയറ്റ്‌നാംകോളനി എന്ന ഹിറ്റ് സിനിമയിൽ മോഹൻലാലിന്റെ നായികയായിരുന്നു അവർ.

 

Latest News