Sorry, you need to enable JavaScript to visit this website.

സ്വർണം തിളങ്ങിത്തന്നെ

കൊച്ചി- ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ നിന്നും ചരക്കുകൾ വാങ്ങുന്നവർ പിൻവാങ്ങി, ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ അവർ തിരിച്ചെത്തൂ. നാളികേര മേഖല വിളവെടുപ്പിനുള്ള നീക്കത്തിൽ, കാത്തിരുന്നാൽ വില ഇടിയുമോയെന്ന ഭീതി. ടയർ വ്യവസായികൾ മത്സരിച്ച് റബർ വാങ്ങിയിട്ടും വിലയിൽ നേരിയ ഉണർവ് മാത്രം. സ്വർണം വർഷാന്ത്യ മികവിൽ. 
അമേരിക്കയും  യൂറോപ്യൻ രാജ്യങ്ങൾ ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ തിരിച്ചെത്തൂ. അത്യാവശ്യം വേണ്ട ചരക്കിന് മുൻകൂർ കച്ചവടങ്ങൾ ഉറപ്പിച്ച ശേഷമാണ് അവർ രംഗംവിട്ടത്. ബയ്യർമാർ ജനുവരി രണ്ടാം വാരം മാർക്കറ്റിൽ തിരിച്ചെത്തും. ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ സുഗന്ധവ്യഞ്ജന കയറ്റുമതി രാജ്യങ്ങളിലെ വിപണികളിലും ഈ അവസരത്തിൽ മ്ലാനത അനുഭവപ്പെടാം. 
ക്രിസ്തുമസും ന്യൂ ഇയർ അവധികൾ കണക്കിലെടുത്താൽ ഇവിടെയും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങും. കുരുമുളക്, ചുക്ക്, മഞ്ഞൾ, ഏലം, കാപ്പി അടക്കമുള്ളവയുടെ വിദേശ വ്യാപാരം ജനുവരി ആദ്യ വാരത്തിന് ശേഷം. വിളവെടുപ്പ് ഇല്ലാത്തതിനാൽ വിപണിയിൽ പ്രിയമേറിയ പല ഉൽപ്പന്നങ്ങളുടെയും ലഭ്യത കുറവാണ്, ഇത് ഒരു പരിധി വരെ വില തകർച്ചയെ തടയാൻ ഉപകരിക്കും. വിയറ്റ്‌നാമിൽ കുരുമുളക് സ്‌റ്റോക്ക് കുറഞ്ഞു. കർഷകർ വലിയ പങ്ക് ഇതിനകം ഇറക്കിയതായി കയറ്റുമതി മേഖല. ആ നിലയ്ക്ക് പുതുവർഷം കയറ്റുമതിക്കാർ വില ഉയർത്താം. ഒക്ടോബറിലേതിൽ നിന്നും നവംബറിൽ മുളക് വില ടണ്ണിന് 400 ഡോളർ ഉയർത്തി. നവംബറിൽ 3800 ഡോളർ രേഖപ്പെടുത്തിയ വിയറ്റ്‌നാം ഡിസംബറിൽ നിരക്ക് 4100 ഡോളറാക്കി. നവംബറിൽ വിയറ്റ്‌നാം 20,238 ടൺ കുരുമുളക് ഷിപ്പ്‌മെൻറ് നടത്തി.
പിന്നിട്ട പതിനൊന്ന് മാസങ്ങളിൽ വിയറ്റ്‌നാം 2,45,665 ടൺ മുളക് കയറ്റിവിട്ടു, തൊട്ട് മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി ഇരുപത് ശതമാനത്തിന് അടുത്ത് ഉയർന്നു. ഇതിന് പുറമേ ഏകദേശം 25,000 ടൺ ചരക്ക് കള്ളക്കടത്തായി കബോഡിയ, ചൈനയിലേയ്ക്കും നീങ്ങി. അതായത് വിയറ്റ്‌നാം ഏകദേശം രണ്ടേ മുക്കാൽ ലക്ഷം ടൺ കുരുമുളക് ഈവർഷം ഇതിനകം കയറ്റുമതി നടത്തി. ഡിസംബറിലെ പുതിയ കണക്ക് പുറത്തുവരുന്നതോടെ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തുന്ന രാജ്യമെന്ന ഖ്യാതി അവർ നിലനിർത്തും. കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യ അലങ്കരിച്ചിരുന്ന സ്ഥാനം ഇന്ന് വിയറ്റ്‌നാമിന്  സ്വന്തം. കർഷകർ നാളികേര വിളവെടുപ്പിലേക്ക് ശ്രദ്ധ തിരിച്ചു. ജനുവരിയിലേയ്ക്ക് കാത്ത് നിന്നാൽ പച്ചത്തേങ്ങ വിലയുടെ ആകർഷണം കുറയുമോയെന്ന ആശങ്കയിൽ വിളവെടുപ്പ് തുടങ്ങി. മണ്ഡല കാലമായതിനാൽ തേങ്ങയ്ക്കുള്ള ഡിമാൻറ് മകര വിളക്കിന് ശേഷം കുറയും, അതേ സമയം മുന്നിലുള്ള ദിവസങ്ങളിൽ നാളികേരത്തിന് ശക്തമായ ഡിമാൻറ് പ്രതീക്ഷിക്കാം. തിരക്കിട്ട് വിളവെടുപ്പ് പൂർത്തിയാക്കിയാൽ ഉയർന്ന വില ഉറപ്പിക്കാമെന്നാണ് പലരും കണക്ക് കൂട്ടുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണ വില 13,900 രൂപ. 
ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ ഇളവ് കാലാവധി കേന്ദ്ര ദീർഘിപ്പിച്ചു. നിലവിലെ ഇറക്കുമതി തീരുവ ഇളവ് മാർച്ചിൽ അവസാനിക്കാനിരിക്കേയാണ് പുതുക്കിയ വിജ്ഞാപനത്തിലൂടെ ഇളവ് 2025 മാർച്ച് വരെ നീട്ടിയത്. ക്രൂഡ് പാം ഓയിൽ, ക്രൂഡ് സൺഫ്‌ളവർ ഓയിൽ, ക്രൂഡ് സോയോ ഓയിൽ എന്നിവയുടെ പ്രവാഹം മുന്നിലുള്ള 15 മാസങ്ങളിൽ തുടരും. വ്യവസായികൾക്ക് കുറഞ്ഞ ഡ്യൂട്ടിയിൽ കുടുതൽ ചരക്ക് എത്തിക്കാനാവും. 
   രാജ്യാന്തര റബറിലെ ചാഞ്ചാട്ടത്തിനിടയിൽ ആഭ്യന്തര മാർക്കറ്റിൽ ലഭ്യമായ ഷീറ്റ് അത്രയും കൈപിടിയിൽ ഒതുക്കാൻ ടയർ കമ്പനികളും ചെറുകിട വ്യവസായികളും ഉത്സാഹിച്ചു. ഒട്ടുപാൽ ലഭ്യത ഉറപ്പ് വരുത്താൻ വ്യവസായികൾ നടത്തിയ നീക്കത്തിൽ നിരക്ക് 10,000 രൂപയായി കയറി. അതേ സമയം ലാറ്റക്‌സ്, റബർ ഷീറ്റ് വിലകളിൽ കാര്യമായ മാറ്റമില്ല. മഴ മാറിയതോടെ സംസ്ഥാനത്തിൻെറ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങ് വീണ്ടും സജീവമായി. നാലാം ഗ്രേഡ് റബർ 15,400 രൂപ. ആഭരണ കേന്ദ്രങ്ങളിൽ പവൻ 45,840 രൂപയിൽ നിന്നും 46,560 രൂപയായി. ഗ്രാമിന് വില ഗ്രാമിന് വില 5840 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2053 ഡോളർ. 

Latest News