Sorry, you need to enable JavaScript to visit this website.

രാഹുലിന് പണി വരുന്നു; 'മോഡി പോക്കറ്റടിക്കാരൻ' എന്ന പരാമർശത്തിൽ നടപടിയെടുക്കാൻ കോടതി ഉത്തരവ്

ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ 'പോക്കറ്റടിക്കാരൻ' പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. 
 പ്രധാനമന്ത്രി നരേന്ദ്ര മോഡി, അഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ 'പോക്കറ്റടിക്കാരൻ' എന്ന് വിശേഷിപ്പിച്ചതിനാണ് രാഹുലിനെതിരെ നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തിൽ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. 
 രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ ഇത്തരം മോശം പെരുമാറ്റം തടയാൻ മാർഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ്.
 രാഹുൽ ഗാന്ധിയുടെ പരാമർശം ശരിയല്ലെന്ന് പറഞ്ഞ കോടതി നവംബർ 23ന് നൽകിയ നോട്ടീസിൽ എട്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. ഭാവിയിൽ ഇത്തരം പ്രസ്താവന ആവർത്തിക്കാതിരിക്കാൻ  മാർഗനിർദേശം വേണമെന്ന്‌ പൊതുതാൽപര്യ ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കീർത്തി ഉപ്പൽ ചൂണ്ടിക്കാട്ടി. 
 ഇത്തരം പ്രസ്താവനകൾ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്താൽ കോടതി ഇടപെടലിന്റെ ആവശ്യം എന്താണെന്നും ചോദിച്ചു.

Latest News