Sorry, you need to enable JavaScript to visit this website.

ചികിത്സാ പിഴവില്‍ മരണം സംഭവിച്ചാല്‍   ഡോക്ടറെ കുറ്റവാളിയാക്കില്ല

ന്യൂദല്‍ഹി-  ചികിത്സ പിഴവിനെത്തുടര്‍ന്ന് രോഗിമരിച്ചാല്‍ പുതിയ നിയമപ്രകാരം ഡോക്ടര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റം ചുമത്തില്ല. നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്ലുകളിലാണ് ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥ. ഭാരതീയ ന്യായ സംഹിത ഉള്‍പ്പെടെയുള്ള ബില്ലുകളില്‍ ഇതിനായി ഭേദഗതി വരുത്തി. നിലവില്‍ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാല്‍ ഡോക്ടര്‍ കൊലക്കുറ്റത്തിന് നടപടി നേരിടണം. എന്നാല്‍, ഇതിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ക്രിമിനല്‍ക്കുറ്റം ഒഴിവാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ചികിത്സപ്പിഴവ് കാരണമുള്ള മരണത്തിന് ഡോക്ടര്‍മാര്‍ക്കെതിരേ ഐ.പി.സി. 304 എ പ്രകാരമാണ് കേസെടുക്കുന്നത്. രണ്ടുവര്‍ഷംവരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന, മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും (ഐ.പി.സി. 304) പലപ്പോഴും ഡോക്ടര്‍മാര്‍ നേരിടേണ്ടിവരുന്നുണ്ട്.കൊളോണിയല്‍ കാലത്തെ മൂന്നുക്രിമിനല്‍ നിയമങ്ങളും പാടേ മാറ്റി പുതിയത് കൊണ്ടുവരാനുള്ള ബില്‍ 'ഇന്ത്യ' സഖ്യമല്ലാതെയാണ് ലോക്സഭ പാസാക്കിയത്. ഇന്ത്യ സഖ്യം ബഹിഷ്‌കരിച്ചു. പത്തില്‍ താഴെ പ്രതിപക്ഷാംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് മൂന്ന് ബില്ലുകളും ലോക്സഭ ചര്‍ച്ചചെയ്ത് പാസാക്കിയത്.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളാണ് ലോക്സഭ കടന്നത്. ബില്ലുകള്‍ രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമവും ഇല്ലാതാവും.

Latest News