- ചൗഹാന് വിനയായത് നേതൃത്വത്തിന്റെ അവിശ്വാസം
ഭോപാൽ - മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയ ശിൽപ്പിയും നാലുതവണ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞ് ഡോ. മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പി തീരുമാനത്തിൽ ചൗഹാൻ അനുകൂലികളിൽ പ്രതിഷേധം.
ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽൽനിന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കിയ, ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒ.ബി.സി നേതാവുമായ ഡോ. മോഹൻ യാദവിനെയാണ് പാർട്ടി നിയമസഭാകക്ഷി യോഗം തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. സാധ്യത പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിസ്ഥാനം രാജിവെപ്പിച്ച നരേന്ദ്രസിംഗ് തോമർ, ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി വിജയ് വർഗീയ ഉൾപ്പെടെയുള്ള നേതാക്കളെയെല്ലാം മൂലക്കാക്കിയാണ് ആർ.എസ്.എസിന്റെ തീപ്പൊരി പ്രാസംഗികനായ മോഹൻ യാദവിനെ നേതൃത്വം തന്ത്രപൂർവ്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയത്. നരേന്ദ്രസിംഗ് തോമറിനെ സ്പീക്കറാക്കാൻ ധാരണയുണ്ടെങ്കിലും ശിവരാജ് സിംഗ് ചൗഹാന് തൽക്കാലം പദവികളൊന്നും തീരുമാനിച്ചിട്ടില്ല.
നേതൃ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ശിവരാജ് സിംഗ് ചൗഹാന്റെ അണികൾ രംഗത്തുണ്ടെങ്കിലും അതെല്ലാം താൽകാലികമെന്നു പറഞ്ഞു അവഗണിക്കുകയാണ് മോഡി-ഷാ-നഡ്ഡ കൂട്ടുകെട്ട്.
മദ്ധ്യപ്രദേശിന് പുതിയ മുഖം നൽകാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തര മന്ത്രി അമിത് ഷായും ഒഴികെ ഏത് കൊലകൊമ്പനെയും വെട്ടാൻ തങ്ങൾക്കു മടിയില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ഹിന്ദി ഹൃദയഭൂമിയിൽനിന്നും ബി.ജെ.പി നൽകുന്നത്. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആശങ്കക്കു പുറമെ, ബി.ജെ.പി ദേശീയ ക്യാമ്പിന് ഇത്തവണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കത്തിലെ ചൗഹാനിൽ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ലെങ്കിലും ജനഹൃദയങ്ങളിൽ ശിവരാജ് സിംഗ് ചൗഹാനുള്ള വർധിച്ച ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് സീറ്റ് അനുവദിച്ചതുപോലും! അതുതന്നെയും അവസാന ഘട്ടത്തിൽ തിരിച്ചടിയാകുമോ എന്നത് ഭയന്നാണ് നേതൃത്വം കനിഞ്ഞത്. സീറ്റ് നൽകിയതോടെ ഭരണത്തുടർച്ചയിൽ കല്ലുകടി ഒഴിവാക്കാനായെങ്കിലും ശിവരാജ് സിംഗ് ചൗഹാനെ വാഴിക്കാതിരിക്കാനുള്ള അതിഗവേഷണമായിരുന്നു ബി.ജെ.പി ക്യാമ്പിൽ ചില ഉന്നത നേതാക്കളുടെ പിന്തുണയോടെ പിന്നീട് തുടർന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഇന്ന് അരങ്ങേറിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കൽ.
230 അംഗ സഭയിൽ 163 സീറ്റുകളോടെ കോൺഗ്രസിനെ (66 സീറ്റ്) ബഹുദൂരം പിറകിലാക്കിയുള്ള ഫലം കാഴ്ചവെച്ചിട്ടും ചൗഹാനിൽ വീണ്ടും വിശ്വാസമർപ്പിക്കാൻ ദേശീയ നേതൃത്വം തയ്യാറായില്ല എന്നതാണ് വസ്തുത. ഒരുവേള നരേന്ദ്ര മോഡിക്കു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ എൽ.കെ അദ്വാനി ക്യാമ്പിൽനിന്നും ഉയർന്നുകേട്ട ഈ പേര് ഇത്തവണ വെട്ടിയില്ലെങ്കിൽ തങ്ങൾക്കു പണി കിട്ടുമെന്ന് കണ്ടതോടെയാണ് മോഡി-ഷാ കൂട്ടുകെട്ട് പുതുമുഖമെന്ന തന്ത്രം പയറ്റി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അടങ്ങുന്ന മൂന്നംഗ സംഘത്തെ ഭോപ്പാലിലേക്ക് നിയോഗിച്ചത്. ആ ഒരു ദൗത്യം കെങ്കേമമായി ഖട്ടർ നിറവേറ്റിയാണ് ഹരിയാനയിലേക്ക് തിരിക്കാനിരിക്കുന്നത്. അണികൾ പുറത്ത് പ്രതിഷേധിക്കുമ്പോഴും മനമില്ലാമനസ്സോടെയാണെങ്കിലും ശിവരാജ് സിംഗ് ചൗഹാനെക്കൊണ്ടുതന്നെ തന്റെ പിൻഗാമിയുടെ പേര് പറയിക്കുന്നതിലും മോഡി-ഷാ തന്ത്രങ്ങൾ വിജയിച്ചു. വിവിധ സംസ്ഥാനങ്ങളിലും തങ്ങളുടെ നോമിനികളിലൂടെ മുതിർന്ന നേതാക്കളെ വെട്ടി പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാൻ വെല്ലുവിളിയില്ലെന്നു കൂടിയാണ് ഇവർ അനായാസം, ഫലം വന്ന് ഒൻപത് ദിവസത്തിനു ശേഷമാണെങ്കിലും തെളിയിച്ചത്. ഒ.ബി.സിക്ക് നിർണായക സ്വാധീനമുള്ള സംസ്ഥാനത്ത് ജാതി സെൻസസ് വാഗ്ദാനവുമായി കോൺഗ്രസ് ചുവടുറപ്പിച്ചപ്പോൾ ബി.ജെ.പിക്ക് അതിനെ മറികടക്കാൻ വലിയ ഇന്ധനമായത് ഒ.ബി.സി നേതാവായ ചൗഹാനായിരുന്നു. എന്നാൽ, ഒ.ബി.സിയിൽനിന്നുതന്നെ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടിയാണ് നേതൃത്വം ചൗഹാനെ പൂർണമായും നിശബ്ദനാക്കിയത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ മൂന്ന് കേന്ദ്രമന്ത്രിമാരേയും ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി വിജയ വാർഗിയയെയും അഞ്ച് എം.പിമാരേയും കളത്തിലിറക്കിയ പാർട്ടി, തന്നെ അരുക്കാക്കാനുള്ള നീക്കങ്ങളെല്ലാം ശ്രദ്ധിച്ച് പഴുതുകളെല്ലാം അടച്ചുതന്നെയാണ് ചൗഹാൻ വീണ്ടുമൊരു വിജയ തീരത്തേക്ക് ബി.ജെ.പിയെ നയിച്ചത്. പക്ഷേ, ആ തിളക്കമാർന്ന നേട്ടങ്ങൾക്ക് ചാലകശക്തിയായ, 18 വർഷം തുടർച്ചയായി സംസ്ഥാനത്തെ നയിച്ച ഒരു മുതിർന്ന നേതാവിനെ പാർട്ടി ഇവ്വിധം സൈഡാക്കിയതിന്റെ അനുരണനങ്ങൾ ഇനി വരാനിരിക്കുന്നേയുള്ളൂ. 2018-ൽ കോൺഗ്രസിലെ കമൽനാഥിന്റെ വെറും 18 മാസത്തെ ഭരണ ഇടവേള മാറ്റിനിർത്തിയാൽ തുടർച്ചയായി അഞ്ചാം തവണയാണ് ബി.ജെ.പി മദ്ധ്യപ്രദേശിൽ അധികാരത്തിലേറുന്നത്. ഇതിൽ രണ്ടേ രണ്ടുവർഷം ഉമാഭാരതിയും ബാബുലാൽ ഗൗറും മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടത് മാറ്റിനിർത്തിയാൽ ബാക്കിയുള്ള 18 വർഷവും അധികാരച്ചെങ്കോൽ ശിവരാജ് സിങ് ചൗഹാനിലായിരുന്നു. ആ ഒരു വിശ്വാസ്യത സംസ്ഥാനത്ത് ചരിത്രവിജയം നേടിയിട്ടും ഇത്തവണ പാർട്ടി നേതൃത്വം പതിച്ചുനൽകാത്തതിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം അണികളിൽ കടുത്ത നീരസവും പ്രതിഷേധവുമാണുള്ളത്. വെറും എം.എൽ.എയാക്കാനായിരുന്നെങ്കിൽ എന്തിനാണ് അദ്ദേഹത്തെ മത്സരിപ്പിച്ചതെന്നാണ് അനുയായികൾ ചോദിക്കുന്നത്. സംസ്ഥാനത്ത് അധികാരത്തിലെത്താൻ ചൗഹാനില്ലാതെ സാധിക്കില്ലെന്നു ബോധ്യപ്പെട്ട നേതൃത്വം അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്തിയശേഷം വഞ്ചിച്ചിരിക്കുകയാണെന്നും ഈ നെറികേടിനോട് സന്ധി ചെയ്യാനാവില്ലെന്നുമാണ് ഒരുവിഭാഗം അണികൾ പറയുന്നത്. ഇത് വരുംകാലയളവിൽ, ഏറ്റവും ചുരുങ്ങിയത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലെങ്കിലും പ്രതിഫലിക്കാതിരിക്കില്ല. പക്ഷേ, അപ്പോഴേക്ക് കോൺഗ്രസിന് ജനപിന്തുണയുള്ള, നിലപാടുകളിൽ തെളിച്ചമുള്ള ഉജ്വല നേതൃത്വം ഉയർന്നുവരണമെന്നു മാത്രം.
കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്കിടയിലും സംസ്ഥാനത്ത് 160-ലേറെ കൂറ്റൻ റാലികളിൽ നിറസാന്നിധ്യമാകാനും ജനപ്രിയ പക്ഷത്ത് തന്റെ സർക്കാർ ഉണ്ടെന്ന് സ്ഥാപിക്കാനും ചൗഹാന് സാധിച്ചിരുന്നു. 1,250 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന 'ലാഡ്‌ലി ബഹൻ' അടക്കമുള്ള സ്ത്രീപക്ഷ വാഗ്ദാനങ്ങളും വോട്ടർമാരിൽ വൻ ചലനമാണുണ്ടാക്കിയത്. 450 രൂപയ്ക്ക് ഗ്യാസ് സിലിൻഡറുകൾ നൽകിയതും 30 ലക്ഷം ജൂനിയർ ലെവൽ ജീവനക്കാരുടെ ശമ്പളവും അങ്കൺവാടി പ്രവർത്തകരുടെ പ്രതിഫലം കൂട്ടിയതുമെല്ലാം വലിയൊരു വിഭാഗം വോട്ടർമാരെ ഒപ്പം നിർത്താനും ജനഹൃദയങ്ങളിൽ സ്വീകാര്യത വർധിപ്പിക്കാനും ചൗഹാനെ തുണച്ചു. അപ്പോഴും ബി.ജെ.പി കേന്ദ്ര നേതൃത്തിന് ചൗഹാൻ പ്രേമം ഒട്ടും തോന്നിയില്ലെന്നതിന്റെ ഒടുക്കത്തെ ആണിയടിയാണ് മോഹൻ യാദവ് എന്ന പുതുമുഖ തന്ത്രം. പക്ഷേ, താമരക്കൃഷിക്ക് ഭാവിയിൽ വലിയ തിരിച്ചടിക്കുള്ള തുടക്കമാവുമോ ചൗഹാനിലുള്ള അവിശ്വാസമെന്നത് കാലം തെളിയിക്കേണ്ടതാണ്.
'എനിക്ക് ഇത്രയും വലിയ ഉത്തരവാദിത്തം നൽകിയതിന് പ്രധാനമന്ത്രി മോഡി, അമിത് ഷാ, ജെ.പി നഡ്ഡ, ശിവരാജ് സിംഗ് ചൗഹാൻ, വി.ഡി ശർമ്മ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു. എന്നെപ്പോലുള്ള ഒരു ചെറിയ തൊഴിലാളിക്ക് ഇത്രയും വലിയ ഉത്തരവാദിത്തം നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. സംസ്ഥാനത്തിന്റെ വികസന യാത്ര ഞാൻ മുന്നോട്ട് കൊണ്ടുപോകു'മെന്നും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലേക്ക് തിരിക്കും മുമ്പ് ഡോ. മോഹൻ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.