Sorry, you need to enable JavaScript to visit this website.

പഞ്ചനക്ഷത്ര ഹോട്ടലാണെന്ന് കരുതി....

വിവാഹത്തിനെത്തിയ അതിഥികൾ സ്വന്തമായി റൊട്ടി തയ്യാറാക്കി കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി.  ഡിസംബർ ഒന്നിനാണ് എക്സിൽ ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. 'വലിയ പാർട്ടികളിൽ ഇത് പുതിയ കാര്യമാണോ? നിങ്ങളുടെ സ്വന്തം റൊട്ടി ഉണ്ടാക്കുക'  എന്ന ക്യാപ്ഷനോടെയാണ്  വീഡിയോ പോസ്റ്റ് ചെയ്തത്.  കോട്ടും സ്യൂട്ടും ധരിച്ച മധ്യവയസ്‌കരായ രണ്ട് പുരുഷന്മാർ നോൺ-സ്റ്റിക്ക് തവയിൽ ചപ്പാത്തി ഉണ്ടാക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. അവരുടെ ഒരു കൈയിൽ ഒരു പ്ലേറ്റ് നിറയെ ഭക്ഷണ സാധനങ്ങൾ പിടിച്ചിരിക്കുന്നത് കാണാം. മറുകൈ കൊണ്ടാണ് പാചകം. വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടു കഴിഞ്ഞു. രസകരമായ രീതിയിലാണ് പലരും ഇതിനോട് പ്രതികരിച്ചത്.  വളരെ മനോഹരമായ ആചാരം, കഴിച്ച പാത്രം കഴുകിവെപ്പിച്ചിട്ട് കൂടി വിട്ടാൽ മതി എല്ലാവരെയും എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. വിവാഹങ്ങൾ, പാർട്ടികൾ, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവ ഇത്തരം ഇഷ്ടാനുസൃത ഭക്ഷണ ക്രമീകരണങ്ങൾ ഒരുക്കുന്ന രീതിയിലേക്ക് ഇപ്പോൾ പലയിടങ്ങളിലും മാറിയിട്ടുണ്ട്. പക്ഷേ, അവ അതിഥികൾക്കിടയിൽ എത്രത്തോളം സ്വീകാര്യമാകും എന്ന കാര്യം കണ്ടറിയാം. 

***  ***  ***

ചൈനയിൽ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതി. കഴിക്കുന്നതിന് മുമ്പായി ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ ഒരു ചിത്രം  സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. തുടർന്ന് ഭക്ഷണം കഴിച്ച് ബിൽ  കൊടുക്കാനായി നോക്കിയപ്പോൾ ഞെട്ടി- 50 ലക്ഷം രൂപ.  നവംബർ 23 ന് സുഹൃത്തിനൊപ്പം ഒരു ഹോട്ട്‌പോട്ട് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു വാങ് എന്ന യുവതി. ഓർഡർ ചെയ്ത ഭക്ഷണം കിട്ടിയതും എല്ലാവരും ചെയ്യുന്നത് പോലെ വാങ് ഭക്ഷണത്തിന്റെ മനോഹരമായ ഒരു ചിത്രം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചു. ആ ചിത്രത്തിൽ എന്നാൽ വാങ് കാണാത്ത ഒരു അപകടം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
ടേബിളിൽ നിരത്തിവെച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രമെടുത്തപ്പോൾ അതിനിടയിൽ മേശയിൽ വെച്ചിരുന്ന ഒരു ക്യുആർ കോഡും അബദ്ധത്തിൽ ചിത്രത്തിൽ ഉൾപ്പെട്ടിരുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതിനും പണം നൽകുന്നതിനുമായുള്ള ക്യുആർ കോഡ് ആയിരുന്നു അത്. ആ കോഡ് സ്‌കാൻ ചെയ്താൽ ആർക്ക് വേണമെങ്കിലും ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാം, ഓർഡർ ചെയ്യുന്ന വിഭവവും ബില്ലും സ്വാഭാവികമായും ആ ടേബിളിൽ ഇരിക്കുന്നവരുടെ കൈകളിൽ എത്തുകയും ചെയ്യും.
വാങ്ങിന്റെ ടേബിളിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ വലിയ ഓർഡറുകൾ തുടരെ തുടരെ വന്നതോടെ റെസ്റ്റോറന്റ് ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് അവൾക്കരികിലെത്തി 50 ലക്ഷത്തിലധികം രൂപയുടെ സാധങ്ങൾ ഇതുവരെയും ഓർഡർ ചെയ്തുവെന്ന വിവരം അവർ അറിയച്ചപ്പോൾ മാത്രമാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വാങിന് ബോധ്യം വന്നത്. അവൾ ഉടൻ തന്നെ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ എന്നിട്ടും റെസ്റ്റോറന്റിലേക്ക് ഓർഡറുകൾ വന്നുകൊണ്ടേയിരുന്നു.
അതിനോടകം ആ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ആരൊക്കെയോ ഏറ്റെടുത്തിരുന്നു. ഏതായാലും റെസ്റ്റോറന്റ് വാങ്ങിനെ ബിൽ അടയ്ക്കാൻ നിർബന്ധിച്ചില്ല, കോഡ് വഴിയുള്ള എല്ലാ പുതിയ ഓർഡറുകളും അവഗണിച്ച് വാങ്ങിന് ഒരു പുതിയ ടേബിൾ നൽകി. പക്ഷേ, അവിടം കൊണ്ടും തീർന്നില്ല. റെസ്റ്റോറന്റിലേക്ക് വീണ്ടും ഓർഡറുകൾ വന്നു കൊണ്ടേയിരുന്നു. ഒടുവിൽ, ആ ക്യുആർ കോഡ് തന്നെ റെസ്റ്റോറന്റിന് തങ്ങളുടെ നെറ്റ്വർക്ക് സിസ്റ്റത്തിൽ നിന്നും മാറ്റേണ്ടി വന്നുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 

***  ***  ***

ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റെയും വേർപിരിയലാണ് ബി ടൗൺ കഴിഞ്ഞ ദിവസങ്ങളിൽ സങ്കടത്തോടെ ചർച്ച ചെയ്തത്. ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തിയത്. ചിത്രങ്ങളിൽ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല. എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേർപിരിഞ്ഞെന്ന് ആരാധകർ ഉറപ്പിക്കുകയായിരുന്നു.
അഭിഷേകിന്റെ സഹോദരി ശ്വേത ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യൽ മീഡിയ കണ്ടെത്തുകയും ചെയ്തു. കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബച്ചൻ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാൻ ആഗ്രഹിച്ചുവത്രേ. എന്നാൽ വീട് ശ്വേതയ്ക്ക് നൽകാനാണ് ബച്ചന്റെ തീരുമാനം. അടുത്തിടെ പാരീസ് ഫാഷൻ വീക്കിൽ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്നും വാർത്തയുണ്ടായിരുന്നു. എല്ലാവരേയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഈ വേർപിരിയൽ വാർത്ത. അപ്പോഴതാ 
 അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബച്ചൻ കുടുംബം രംഗത്തെത്തിയിരിക്കുന്നു. പൊതുവേദിയിൽ എല്ലാവരും ഒന്നിച്ചെത്തിയാണ് ബച്ചൻ കുടുംബത്തിന്റെ മറുപടി. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നെറ്റ്ഫ്ളിക്സിന്റെ പുതിയ ചിത്രമായ ദ ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയറിനാണ് ബച്ചൻ കുടുംബം ഒരുമിച്ചെത്തിയത്. അഭിഷേകിനും ഭാര്യ ഐശ്വര്യ റായിയ്ക്കും മകൾ ആരാധ്യയ്ക്കും പുറമേ അമിതാഭ് ബച്ചനും മകൾ ശ്വേതയും അവരുടെ കുടുംബവുമൊക്കെ ചടങ്ങിൽ പങ്കെടുത്തു.മാധ്യമങ്ങൾക്ക് മുമ്പാകെ കുടുംബസമേതം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. ഇതെല്ലാം നന്നായി. ഇത്രയ്ക്ക് പണമുണ്ടായിട്ടും ബോളിവുഡ് സെലിബ്രിറ്റിയായ ലോക സുന്ദരിയ്ക്ക് പോലും മനസ്സമാധാനത്തോടെ ജീവിക്കാനാവുന്നില്ലല്ലോ എന്നതായിരുന്നു പലർക്കും ടെൻഷൻ. 

***  ***  ***

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജന മനസറിയാൻ 24 ചാനൽ നടത്തിയ സർവേയുടെ അടുത്ത ഘട്ട ഫലങ്ങൾ പുറത്തുവിട്ടു. ലോക്സഭാ തെിരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം കൊയ്യാൻ കച്ചകെട്ടി ഇറങ്ങുന്ന ബിജെപിക്ക് പ്രതീക്ഷ നൽകുന്നതല്ല സർവേ റിപ്പോർട്ടിലുള്ളത്. കേന്ദ്ര സർക്കാരിന്റെ ഭരണത്തിന് മോശം മാർക്കാണ് സർവേയിൽ പങ്കെടുത്ത കൂടുതൽ പേരും നൽകിയത്.
സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം പേർ കേന്ദ്ര ഭരണം ശരാശരി മാത്രമാണെന്ന് പറയുമ്പോൾ 23 ശതമാനം പേർ മോശമാണെന്നും 21 ശതമാനം പേർ വളരെ മോശമെന്നുമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ വിലയിരുത്തുന്നത്. വെറും അഞ്ചു ശതമാനം പേർ മാത്രമാണ് ഭരണം വളരെ മികച്ചതാണെന്ന അഭിപ്രായമുള്ളവർ. സെമിഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നും ജയമാണ് ബി.ജെ.പി സ്വന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന വിലയിരുത്തൽ വരുന്ന സമയത്താണ് കേരളത്തിൽ കേന്ദ്രത്തെ തള്ളിപ്പറയുന്ന സർവേ ഫലം വരുന്നത്.
സർവേയിൽ വടക്കൻ കേരളവും മധ്യകേരളവും കേന്ദ്രഭരണം മോശമെന്നാണ് വിലയിരുത്തിയതെങ്കിൽ തെക്കൻ കേരളം ഭരണം ശരാശരിയാണെന്ന നിലപാടാണ് കൈക്കൊണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബി.ജെ.പി നേതൃത്വത്തിന് പ്രതീക്ഷ നൽകുന്ന കണക്കുകളല്ല സർവേയിലൂടെ പുറത്തുവന്നിരിക്കുന്നത്.
24 ന്യൂസ് നടത്തിയ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവെയിൽ ആലത്തൂർ എം പി രമ്യാ ഹരിദാസിനും കനത്ത തിരിച്ചടിയാണ്.  രമ്യ ഹരിദാസിന് മണ്ഡലത്തിൽ ഇത്തവണ വലിയ വെല്ലുവിളി അതിജീവിക്കേണ്ടി വരുമെന്നാണ് സർവേയിൽ പറയുന്നത്. മണ്ഡലത്തിലെ വോട്ടർമാർ രമ്യാ ഹരിദാസ് എം പിയ്‌ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തിയാണ്. സർവേയിൽ പങ്കെടുത്ത എട്ട് ശതമാനം പേർ മാത്രമാണ് രമ്യ ഹരിദാസിന്റെ പ്രവർത്തനത്തിന് അനുകൂല പ്രതികരണം നൽകിയത്. എം പിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് രണ്ട് ശതമാനം പേരും മികച്ചതെന്ന് ആറ് ശതമാനം പേരും പറഞ്ഞു. 25 ശതമാനം പേർ ശരാശരി എന്നാണ് രമ്യ ഹരിദാസിന്റെ പ്രവർത്തനത്തെ വിലയിരുത്തിയത്. ഭൂരിഭാഗം പേരും ശരാശരിയിലും താഴെ മാർക്കാണ് രമ്യാ ഹരിദാസിന് നൽകിയത്. രമ്യ ഹരിദാസിന്റെ പ്രവർത്തനം മോശമെന്ന് 35 ശതമാനം പേരും വളരെ മോശമെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടു. 55 ശതമാനം ജനങ്ങളാണ് രമ്യാ ഹരിദാസിന്റെ പ്രവർത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. അഭിപ്രായമില്ലെന്ന് സർവേയിൽ പങ്കെടുത്ത 12 ശതമാനം ജനങ്ങളും രേഖപ്പെടുത്തി. തങ്ങളുടെ സർവേയിൽ ഒരു എം പിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ മാർക്ക് രമ്യ ഹരിദാസിനാണ് എന്ന് 24 ന്യൂസ് വ്യക്തമാക്കി. 2019 ൽ എൽ ഡി എഫിന്റെ സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെതിരെ വൻ വിജയം നേടിയാണ് രമ്യ ഹരിദാസ് ജയിച്ച് കയറിയത്. 16 ശതമാനം അധികം വോട്ടാണ് ബിജുവിനേക്കാൾ കൂടുതൽ രമ്യ നേടിയത്. എന്നാൽ ആ സാഹചര്യമല്ല അഞ്ച് വർഷത്തിന് ശേഷമെന്നാണ് സർവെ ഫലങ്ങൾ വ്യക്തമാക്കുന്നത്.

***  ***  ***

ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. യുഎസ് പ്രസിഡന്റ് കമലാഹാരിസും സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റുമെല്ലാം ഉൾപ്പെടുന്ന പട്ടികയിൽ 32-ാം സ്ഥാനത്താണ് നിർമല ഇടം പിടിച്ചത്. ധനമന്ത്രി നിർമല സീതാരാമന് പുറമെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്ണി നാടാർ മൽഹോത്ര(60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ(70), ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ(76) എന്നിവരാണ് പട്ടികയിലെ മറ്റ് മൂന്നുപേർ. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർലെയ്നാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ കേന്ദ്ര ബാാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ ലിസ്റ്റിൽ രണ്ടാമതും കമലാ ഹാരിസ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുമാണ്.

***  ***  ***

മനസിന് ഇഷ്ടപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാൻ ഇത്രവലിയ ആസ്തി നൽകേണ്ടിവരുമെന്നു മെഡിക്കൽ കോളേജിലെ വനിത യുവ ഡോക്ടർ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ടു വിവാഹത്തിനു പകരം സ്വന്തം ജീവൻ അവസാനിപ്പിക്കാനാണ് യുവതി തയാറായത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ രണ്ടാംവർഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഷഹന എ.ജെയാണ് (27) മരിച്ചത്. അനസ്‌തേഷ്യ മരുന്ന് വീര്യംകൂടിയ അളവിൽ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു.  
വാടക ഫ്‌ളാറ്റിൽനിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി.വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- ഷഹനയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച സർജറി ഐ.സി.യുവിൽ ഷഹനയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫ്‌ളാറ്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിലായിരുന്ന ഷഹനയെ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനു പിന്നാലെയാണെന്ന് കുടുംബം ആരോപിക്കുന്നു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്നും അറിയിച്ചതായി കുടുംബം പറഞ്ഞു. 150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, സമയമായപ്പോൾ യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടതെന്ന് പറയുന്നു.
അത്യാവശ്യം സാമ്പത്തികശേഷി ഉള്ള കുടുംബമാണ് ഷഹനയുടേതെങ്കിലും ഇത്രയും ഭീമമായ സ്ത്രീധനം കൊടുക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹനയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹനയെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. രണ്ടുവർഷം മുൻപായിരുന്നു ഷഹനയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിലാണ് പി.ജിക്ക് പ്രവേശനം നേടിയത്. മിടുമിടുക്കിയായിരിക്കണം ആ കുട്ടി. അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി.ജി സർജറിയ്‌ക്കൊന്നും അഡ്മിഷൻ കിട്ടുകയില്ലല്ലോ. 

***  ***  ***

ഇടതുപക്ഷത്ത് മനുഷ്യരെ ചിരിപ്പിക്കാൻ കുറച്ചു നേതാക്കളുള്ളത് വലിയ ആശ്വാസം തന്നെ. വാഹനങ്ങൾ കാണുമ്പോൾ വന്യമൃഗങ്ങൾക്ക്  ഇപ്പോൾ സന്തോഷമാണെന്ന് എൽ ഡി എഫ് കൺവീനറും മുൻമന്ത്രിയുമായ ഇ പി ജയരാജൻ പ്രസ്താവിച്ചു. കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തിയ കർണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ആധുനിക വാഹനങ്ങൾ ശബ്ദ മലിനീകരണമില്ലാത്തവയാണ്,  അതുകൊണ്ട് തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയിലേക്ക് ആണ് ക്ഷീരകർഷകർ മാർച്ച് നടത്തിയത്. ബന്ദിപ്പൂർ വനമേഖലയിൽ കർണാടക ഏർപ്പെടുത്തിയിട്ടുള്ള രാത്രിയാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻപ് വാഹനങ്ങൾ കാണുമ്പോൾ മൃഗങ്ങൾ ഓടിയൊളിക്കുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ സന്തോഷത്തോടെ വന്യമൃഗങ്ങൾ വാഹനങ്ങളുടെ അടുത്തേക്ക് വരികയാണ് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി. 

***  ***  ***

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്‌കൂളിലേക്ക് ആളുകൾ കയറിവരുന്ന സ്ഥിതിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്തെ സ്‌കുളുകളുടെ മുഖം തന്നെ മാറിയെന്നും തൃശൂർ ചേലക്കരയിൽ നവകേരള സദസിന്റെ ഭാഗമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന്  കരുതി റൂമൂണ്ടോയെന്ന് കയറി ചെല്ലുന്ന സ്ഥിതിയാണ് ഉള്ളത്. കിഫ്ബി ഫണ്ടിൽനിന്ന് 5000 കോടിയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. അടുത്ത ലക്ഷ്യം കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളതാണെന്നും ശിവൻകുട്ടി പറഞ്ഞു.
അതിന്റെ വല്ല കാര്യവുമുണ്ടോ? അപ്രിയ സത്യങ്ങളെല്ലാം ഉദ്യോഗസ്ഥ പ്രമുഖൻ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. 
ഈ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചിലത് പാമ്പ് അറ്റാച്ച്ഡാണെന്നത് മന്ത്രി മറന്നു. അങ്ങനെയൊന്നിന്റെ സേവനം സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിനിയ്ക്ക് ലഭിച്ചിട്ട് അധിക കാലമായില്ല. ഫൈവ് സ്റ്റാർ ലുക്കേയുള്ളു, അടുക്കള കാലിയാണെന്നതാണ് സത്യം. ഉച്ചകഞ്ഞിയ്ക്ക് പണമില്ലാതായിട്ട് കുറച്ചായി. 
പഞ്ചനക്ഷത്ര കലോത്സവം നടന്ന കോഴിക്കോട് പേരാമ്പ്രയിൽ എല്ലാവരും ഓരോ കിലോ ഗ്രാം പഞ്ചസാരയുമായി എത്തണമെന്നായിരുന്നു മുന്നറിയിപ്പ്. കൊല്ലത്തെ സംസ്ഥാന കലോത്സവത്തിന് പന്തലുണ്ടാവില്ലെന്നും കൊടിയ ദാരിദ്ര്യമാണെന്നും ദുഷ്ട ശക്തികൾ പ്രചരിപ്പിക്കുന്നതൊന്നും മന്ത്രി പുംഗവൻ അറിഞ്ഞില്ലായിരിക്കും. 

Latest News