Sorry, you need to enable JavaScript to visit this website.

മിഷോങ് കരതൊട്ടു; അതീവ ജാഗ്രതയില്‍  ആന്ധ്ര, മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു

നെല്ലൂര്‍- മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്. നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ മഴ നിലച്ചിട്ടുണ്ട്. 
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.
ആന്ധ്രയിലെ വിശാഖപട്ടണം, തിരുപ്പതി, രാജമുണ്‍ട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. നിര്‍ത്തിവച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നൂറോളം തീവണ്ടി സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളിലെയും എല്ലാ ഉദ്യോഗസ്ഥരോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. ഈ ക്യാമ്പുകളില്‍ 9500 പേരാണുള്ളത്.

Latest News