Sorry, you need to enable JavaScript to visit this website.

ചൈനയിലെ അജ്ഞാത രോഗം, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി -  ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ശ്വാസകോശ രോഗം പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി കേന്ദ്രം ആരോഗ്യ മന്ത്രാലയം. സംസ്ഥാന സര്‍ക്കാറുകള്‍ ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ പറയുന്നുണ്ട്. ചൈനയില്‍ ന്യുമോണിയക്ക് സമാനമായ പകര്‍ച്ചവ്യാധി വ്യാപകമായി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളില്‍ ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  കുട്ടികള്‍ക്കിടയില്‍ രോഗം വ്യാപകമായതിനാല്‍ വടക്കന്‍ ചൈനയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്‌കുകള്‍ ധരിക്കണമെന്നും അകലം പാലിക്കണമെന്നുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ചൈന പുറപ്പെടുവിച്ചിട്ടുണ്ട്.

 

Latest News