Sorry, you need to enable JavaScript to visit this website.

അഹമ്മദിയ ആരാധനാലയത്തിനുനേരെ ആക്രമണം, മിനാരങ്ങള്‍ തകര്‍ത്തു

ലാഹോര്‍-പാക്കധീന കശ്മീരില്‍ അഹമ്മദിയാ സമുദായത്തിന്റെ ആരാധനാലയം ആക്രമിക്കുകയും മിനാരങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തഹ്‌രീകെ ലബ്ബൈക്ക് പാകിസ്ഥാന്‍ സംഘടനയുടെ പ്രവര്‍ത്തകരാണ് ആരാധനലായം ആക്രമിക്കുകയും അഹമ്മദിയാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പാക്കിസ്ഥാനില്‍ അഹമ്മദിയാക്കളെ ആക്രമിക്കുന്നത് പുതിയ സംഭവമല്ലെന്നും ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഇത്തരം 40 സംഭവങ്ങളുണ്ടായെന്നും അവയില്‍ ഏറ്റവും പുതിയതാണിതെന്നും ജമാഅത്തെ അഹമ്മദിയ്യ പാകിസ്ഥാന്‍ പറയുന്നു.
തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്ന തഹ്‌രീകെ ലബ്ബൈക് പാകിസ്ഥാന്റെ മൂന്ന് ഡസനിലേറെ വരുന്ന പ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയാണ് കോട്‌ലി ജില്ലയിലെ ദോലിയന്‍ ജതാനിലെ അഹമ്മദി ആരാധനാലയം ആക്രമിച്ചയത്. ആരാധനാലയങ്ങളില്‍ ഉണ്ടായിരുന്ന അഹമ്മദിയാക്കള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ അക്രമികള്‍ അതിന്റെ മിനാരങ്ങള്‍ തകര്‍ക്കുകയായിരുന്നുവെന്ന്  ജമാഅത്തെ അഹമ്മദിയ പാകിസ്ഥാന്‍ വക്താവ് അമീര്‍ മഹ്മൂദ്  പിടിഐയോട് പറഞ്ഞു.
1954 ലാണ് ഈ ആരാധനാലയം നിര്‍മ്മിച്ചത്. കോട്‌ലിയിലെ നാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ആരാധനാലയത്തിന്റെ മിനാരങ്ങളും മറ്റും തകര്‍ത്ത ശേഷം മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മടങ്ങിയത്.

 

Latest News