Sorry, you need to enable JavaScript to visit this website.

വെളിച്ചെണ്ണ വില  ഉയർത്തി, കൊപ്രയെ ചവിട്ടിത്താഴ്ത്താൻ ശ്രമം

 വ്യവസായികൾ വെളിച്ചെണ്ണ വില  ഉയർത്തി, കൊപ്രയെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നു. നാളികേര കർഷകർ കരുതിയിരിക്കുക, സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തുനിന്നുമുള്ള പാരവെപ്പുകൾക്കിടയിൽ കൈയാലപ്പുറത്തെ തേങ്ങയായി മാറുകയാണ് ഉൽപാദകൻ. എണ്ണ വില ഉയർത്താൻ ഉത്സാഹിച്ച മില്ലുകാൾ പക്ഷേ കൊപ്ര വിലയിൽ മാറ്റത്തിന് തയാറായില്ല. കൊച്ചിയിൽ എണ്ണ 100 രൂപയുടെ നേട്ടത്തിൽ 13,500 ലേയ്ക്ക് ചുവടുവെച്ചപ്പോൾ കൊപ്ര 9100 ൽ സ്‌റ്റെഡിയാണ്.
ഇതിനിടയിൽ താങ്ങുവിലയ്ക്ക് നാഫെഡ് സംഭരിച്ച കൊപ്ര വിറ്റുമാറാനുള്ള നീക്കത്തിലാണ്. ഗുണനിലവാരത്തിൽ ഇടിവ് സംഭവിക്കുമെന്ന ആശങ്കയാണ് വിൽപനയ്ക്ക് പിന്നിൽ. ജനുവരിയിൽ പുതിയ നാളികേര സീസൺ ആരംഭിക്കും മുന്നേ കൊപ്ര വിറ്റുമാറാനുള്ള നീക്കമാണ്.
പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ചെറുകിട കർഷകർ. കൊച്ചിയിൽ കൊപ്ര 9100 രൂപയിലും കാങ്കയത്ത് 8775 രൂപയിലും നീങ്ങുമ്പോൾ കേരഫെഡ് 9600 രൂപയ്ക്ക് ചരക്ക്  ശേഖരിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി തെക്കൻ കേരളത്തിൽ നിന്നോ, മലബാർ മേഖലയിൽ നിന്നോ കൊപ്ര ശേഖരിക്കുന്നില്ല. അവർ അയൽ സംസ്ഥാനത്ത് നിന്നും എത്തിക്കുന്ന കൊപ്ര ഇടനിലക്കാർ വഴിയാണ് വാങ്ങുന്നത്. 
മഴയുടെ ഏറ്റക്കുറച്ചിൽ കാപ്പി കർഷകരെ സമ്മർദത്തിലാക്കി. മഴ ഉൽപന്നത്തിന്റെ ഗുണമേൻമയെയും വിളവെടുപ്പിനെയും സ്വാധീനിച്ചതോടെ പുതിയ ചരക്ക് വരവിന് കാലതാമസം നേരിടുന്നു. രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ എഴുപത് ശതമാനവും കർണാടകത്തിൽ നിന്നാണ്. കേരളവും കാപ്പി കൃഷിയിൽ പിന്നിലല്ല. വയനാടും പാലക്കാട് നെല്ലിയാംപതിയും കേന്ദ്രീകരിച്ചാണ് മുഖ്യമായും കാപ്പി വിളയുന്നത്. റോബസ്റ്റ ഉൽപാദിപ്പിക്കുന്നവർക്ക് നിലവിലെ മഴ ഗുണകരമാണ്. മൊത്തം ഉൽപാദനം മൂന്നര ലക്ഷം ടണ്ണിൽ ഒരുങ്ങുമെന്നാണ് ആദ്യ വിലയിരുത്തൽ. ഉണ്ടകാപ്പി കിലോ 138 രൂപയിലും പരിപ്പ് 235 - 245 രൂപയിലുമാണ്. 
മികച്ചയിനം കുരുമുളകിന് ആഭ്യന്തര ആവശ്യം ഉയർന്നു. ഹൈറേഞ്ച്, വയനാടൻ മേഖലയിൽ ചരക്കുണ്ടെങ്കിലും വിപണിയിൽ വരവ് കുറഞ്ഞതോടെ വാങ്ങലുകാർ വില ഉയർത്തി. അൺ ഗാർബിൾഡ് കുരുമുളക് 59,800 രൂപയായും ഗാർബിൾഡ് മുളക് 61,800 രൂപയായും ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7600 ഡോളർ. ശ്രീലങ്ക 6500 ഡോളറിനും വിയറ്റ്‌നാം 3425 ഡോളറിനും ബ്രസീൽ 3350 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ആവശ്യപ്പെട്ടു. 
റബർ വില കൂടുതൽ ആകർഷകമാവുമെന്ന് ഉൽപാദകർ കണക്ക് കൂട്ടിയതിനിടയിൽ ടയർ ലോബി ഷീറ്റ് വില ഇടിച്ചു. ഏഷ്യൻ റബർ അവധി വ്യാപാരത്തിലെ തളർച്ച അവസരമാക്കി അവർ നാലാം ഗ്രേഡ് വില 15,500 രൂപയിൽ നിന്നും 15,300 രൂപയായി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 15,000 രൂപയായി. 
ആഭരണ വിപണികളിൽ സ്വർണ വില ഉയർന്നു. പവൻ 44,440 രൂപയിൽ നിന്ന് 45,240 രൂപയായി. ഗ്രാമിന് 5550 ൽ നിന്നും 5655 രൂപയായി. 

Latest News