Sorry, you need to enable JavaScript to visit this website.

ബഹ്‌റൈൻ-ഖത്തർ കടൽപാലം: ചർച്ചകൾ പുനരാരംഭിക്കുന്നു

ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും മനാമയിൽ ചർച്ച നടത്തുന്നു.

മനാമ - ദ്വീപ് രാജ്യമായ ബഹ്‌റൈനെയും ഉപദ്വീപ് രാജ്യമായ ഖത്തറിനെയും ബന്ധിപ്പിച്ച് കടൽപാലം നിർമിക്കുന്നതിനെ കുറിച്ച ചർച്ചകൾ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരനും കഴിഞ്ഞ ദിവസം മനാമയിൽ വെച്ച് നടത്തിയ ചർച്ചയിൽ ബഹ്‌റൈൻ, ഖത്തർ കടൽപാലം പദ്ധതിയെ കുറിച്ച് വിശകലനം ചെയ്തതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. പ്ലാനുകൾ പൂർത്തിയാക്കി പദ്ധതി നടപ്പാക്കി തുടങ്ങാൻ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ പ്രധാനമന്ത്രിയും നിർദേശം നൽകി. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവുമായും ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. ഇതിനു പിന്നാലെ ബഹ്‌റൈൻ രാജാവ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തി. 
ബഹ്‌റൈനെയും ഖത്തറിനെയും ബന്ധിപ്പിച്ച് കടൽപാലം നിർമിക്കാനുള്ള പദ്ധതി നടപ്പാക്കാൻ 2009 മുതൽ ഇരു രാജ്യങ്ങളും ആലോചിച്ചുവരികയായിരുന്നു. ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് 40 കിലോമീറ്റർ നീളമുളള്ള പാലം നിർമിക്കാനാണ് പദ്ധതി. ഗൾഫ് അനുരഞ്ജനം സാധ്യമായി രണ്ടു വർഷം പിന്നിട്ട ശേഷം ഇക്കഴിഞ്ഞ മാർച്ച് 13 ന് ആണ് ഖത്തറും ബഹ്‌റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. റിയാദിൽ ജി.സി.സി ആസ്ഥനത്ത് ചേർന്ന ഉഭയകക്ഷി ഫോളോ-അപ്പ് കമ്മിറ്റി യോഗത്തിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. 
ബഹ്‌റൈൻ കിരീടാവകാശിയും ഖത്തർ പ്രധാനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്കിടെ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. ഗാസയിൽ ഉടനടി യുദ്ധം നിർത്തണമെന്നും സാധാരണക്കാർക്ക് സംരക്ഷണം നൽകണമെന്നും ബന്ദികളെയും തടവുകാരെയും വിട്ടയക്കണമെന്നും റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിത ഇടനാഴികൾ തുറക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 

Latest News