Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിംഗ് ആരംഭിച്ചു

ഭോപാല്‍-വാശിയേറിയ പ്രചാരണ ചൂടിനൊടുവില്‍ മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തില്‍. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വോട്ടിംഗ്. ചില മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടത്തില്‍ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളില്‍ 7 മുതല്‍ 3 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരരംഗത്തുള്ളത്.
വാശിയേറിയ പ്രചാരണമാണ് രണ്ട് സംസ്ഥാനങ്ങളിലുമുണ്ടായത്. ആഭ്യന്തരമന്ത്രി അമിത് ഷായും, പ്രിയങ്ക ഗാന്ധിയും പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ഛത്തീസ്ഗഡിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും ജെപി നഡ്ഡയും മധ്യപ്രദേശിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ പ്രചാരണം രണ്ടു വിഷയങ്ങളിലേക്ക് അവസാനം ചുരുങ്ങിയ കാഴ്ചയാണ് കാണുന്നത്. ജാതി സെന്‍സസ് ഉയര്‍ത്തിയുള്ള നീക്കം കോണ്‍ഗ്രസിനെ ഏറ്റവും സഹായിക്കുന്നത് മധ്യപ്രദേശിലാണ്. ജാതി സെന്‍സസ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രധാന പ്രചാരണായുധമാക്കുമ്പോള്‍ ജനക്ഷേമപദ്ധതികള്‍ മുന്നോട്ട് വച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍. ഛത്തീസ്ഗഡില്‍ ആദ്യഘട്ടത്തില്‍ നേരത്തെ ഇരുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. വാശിയേറിയ പോരാട്ടത്തിനാണ് പ്രചാരണത്തില്‍ ഇരു സംസ്ഥാനങ്ങളും വേദിയായത്

Latest News