Sorry, you need to enable JavaScript to visit this website.

പരീക്ഷയിൽ തലമറയ്ക്കുന്ന വസ്ത്രം പാടില്ല; കർണാടകയിൽ വീണ്ടും വിവാദം

ബെംഗളൂരൂ - വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പരീക്ഷാ ഹാളിൽ തല മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് കർണാടക എക്‌സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) വിലക്കി. 
 ഉത്തരവിൽ ഹിജാബ് എന്ന് പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും തലമറയ്ക്കുന്ന വസ്ത്രങ്ങളിൽ ഇതും ഉൾപ്പെടുന്നതിനാൽ ഉത്തരവ് അത്തരം ഉദ്യോഗാർത്ഥികൾക്കും ബാധകമാവും. ബ്ലൂടൂത്ത് ഉപകരണങ്ങൾ അടക്കം ഉപയോഗിച്ചുള്ള പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനാണ് ഡ്രസ് കോഡ് നിർദേശങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. തല, വായ, ചെവി എന്നിവ മറയ്ക്കുന്ന തുണികൾ, തൊപ്പി, ഷൂ എന്നിവ ധരിച്ചവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് കെ.ഇ.എ വ്യക്തമാക്കി. 
 കർണാടകയിലെ വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഈമാസം 18, 19 തിയ്യതികളിലാണ് നടക്കുക. പരീക്ഷാ ഹാളിൽ എല്ലാവിധ ആഭരങ്ങൾക്കും വിലക്കുണ്ടെങ്കിലും മംഗളസൂത്ര ധരിക്കാൻ അനുമതിയുണ്ട്. നവംബർ ആറിന് കർണാടക പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷ എഴുതിയ ഒരു പെൺകുട്ടിയോട് പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് 'മംഗളസൂത്ര' ഒഴിവാക്കാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ അനുകൂല ഇടപെടലുണ്ടായത്.
 അതേസമയം, കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധത്തിൽ നിലവിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ഇളവ് നൽകിയിരുന്നു. ഇതനുസരിച്ചാണ് പിന്നീട് നടന്ന സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾ നടന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹിജാബിന് കർണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് അന്നത്തെ ഉത്തരവിലുണ്ടായിരുന്നത്.
 ഹിജാബ് വിലക്കുന്നത് വ്യക്തിസ്വാതന്ത്ര്യം തടയലാണെന്നാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ അന്ന് പ്രതികരിച്ചത്. മറ്റുപരീക്ഷകളിൽ നിന്നും ഹിജാബിനുള്ള വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് പറഞ്ഞ മന്ത്രി, കഴിഞ്ഞസർക്കാർ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തിയതിനാൽ ഇതിനായി ഭരണഘടനാപരമായ ചില നടപടികൾ ആവശ്യമാണെന്നും അറിയിച്ചിരുന്നു.

Latest News