Sorry, you need to enable JavaScript to visit this website.

ദമ്പതികളെ ബോധം കെടുത്തി 35 ലക്ഷം രൂപയും ഒന്നരക്കോടിയുടെ ആഭരണങ്ങളും കവര്‍ന്നു; വീട്ടുജോലിക്കാരെ തിരയുന്നു

ചാണ്ഡിഗഢ്- വയോധികരായ ദമ്പതികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും കവര്‍ന്നു. പുതുതായി വീട്ടുജോലിക്കെത്തിയ രണ്ടുപേരാണ് കവര്‍ച്ചക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു.
മകന്‍ പുറത്തുപോയ ശേഷം വൃദ്ധ ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇരുവരും മറ്റ് രണ്ട് കുട്ടാളികളുടെ സഹായത്തോടെ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വൃദ്ധദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ  എന്നിവര്‍ക്കെതിരെ കേസ് എടുത്തുതായും പോലീസ് പറഞ്ഞു.  വൃദ്ധ ദമ്പതികളുടെ മകന്‍ ദല്‍ഹിയില്‍ വ്യവസായിയാണ്.
വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു.  സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന ഇദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് വയോധികരെ ആശുപത്രിയിലെത്തിച്ചത്.  
പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് വ്യവസായി 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കാറും കവര്‍ന്നതായി കണ്ടെത്തിയത്. മാതാപിതാക്കള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടുജോലിക്കരായ നേപ്പാള്‍ സ്വദേശികളെ അടുത്തിടെയാണ് നിയമിച്ചതെന്നും വ്യവസായി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

 

Latest News